Breaking

Saturday, October 10, 2020

ഘട്ടംഘട്ടമായി എല്ലാ തീവണ്ടിസർവീസും പുനരാരംഭിക്കും

ചെന്നൈ: കോച്ചുകളുടെയും ജീവനക്കാരുടെയും ലഭ്യതയനുസരിച്ച് എല്ലാ തീവണ്ടി സർവീസും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് പുനരാരംഭിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ഉത്സവകാലത്തോടനുബന്ധിച്ച് ദക്ഷിണറെയിൽവേ കൂടുതൽ ദീർഘദൂര തീവണ്ടിസർവീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ചെന്നൈ സെൻട്രലിൽനിന്ന് തിരുവനന്തപുരം, മംഗലാപുരം, ആലപ്പുഴ എന്നിവിടങ്ങളിലേക്കും എറണാകുളത്തുനിന്ന് കാരയ്ക്കാലിലേക്കും എഗ്‌മോറിൽനിന്ന് കൊല്ലത്തേക്കും ഇപ്പോൾ തീവണ്ടിസർവീസ് നടത്തുന്നുണ്ട്. ലോക്ഡൗണിനുമുമ്പ് ഓടിയിരുന്ന തീവണ്ടികൾ ഘട്ടംഘട്ടമായി സർവീസ് ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ദക്ഷിണ റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. വിജയദശമി, മഹാനവമി, ദീപാവലി, ക്രിസ്മസ്, പുതുവത്സരാഘോഷം, പൊങ്കൽ എന്നിവയോടനുബന്ധിച്ച് ഒട്ടേറെപ്പേർ വിവിധയിടങ്ങളിലേക്ക് സഞ്ചരിക്കാൻ സാധ്യതയുള്ളതിനാലാണ് യാത്രാത്തിരക്കിനനുസരിച്ച് കൂടുതൽ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത്. നിലവിൽ സർവീസ് നടത്തുന്ന തീവണ്ടികളിൽ ശരാശരി അമ്പതുശതമാനം യാത്രക്കാർമാത്രമേയുള്ളൂ. എങ്കിലും കൂടുതൽ തീവണ്ടി സർവീസുകൾ ആരംഭിക്കുമെന്നും ഓപ്പറേഷൻ വിഭാഗത്തിൽനിന്ന് അറിയിച്ചു. തമിഴ്‌നാട്ടിൽനിന്ന് ബെംഗളൂരു, വിജയവാഡ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും കൂടുതൽ സർവീസുകൾ ആരംഭിക്കും. നിലവിൽ കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിച്ചിട്ടില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3jNwmvs
via IFTTT