Breaking

Friday, October 16, 2020

സി.പി.ഐ.യുടെയും എൻ.സി.പി.യുടെയും എതിർപ്പ്; കസേരയുറപ്പിക്കാൻ ജോസ് വിഭാഗത്തിന് കടമ്പകൾ ഇനിയും ബാക്കി

കോട്ടയം: ഇടത് കൂടാരത്തിലെ പുതിയ അതിഥിയായ ജോസ് കെ.മാണിക്ക് കസേരയുറപ്പിക്കാൻ കടമ്പകൾ ബാക്കി. സി.പി.ഐ. കോട്ടയം ജില്ലാ ഘടകത്തിന്റെയും എൻ.സി.പി.യുടെയും എതിർപ്പ് മറികടക്കലാണ് പ്രധാനം. സ്വന്തം സീറ്റായ കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കുന്നതിൽ സി.പി.ഐ. ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ എതിർപ്പ് അറിയിച്ചിട്ടുണ്ട്. നേരത്തെതന്നെ പരസ്യമായി ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ജോസ് വിഭാഗം വരുന്നത് വലിയ നേട്ടമുണ്ടാക്കില്ലെന്നും അദ്‌ഭുതമുണ്ടാകില്ലെന്നുമായിരുന്നു നിലപാട്. എന്നാൽ തദ്ദേശതിരഞ്ഞെടുപ്പാണ് മുന്നിലെന്നും ജോസ് ഇടതുമുന്നണിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത് നല്ലതാണെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞതാണ് ജോസ് വിഭാഗത്തിനുള്ള പ്രതീക്ഷ. പാലാ വിട്ടുകൊടുക്കുന്നതിനെതിരെ മാണി സി.കാപ്പൻ ഉയർത്തിയ എതിർപ്പ് വെള്ളിയാഴ്ച ചേരുന്ന എൻ.സി.പി. നേതൃയോഗത്തിലും വരും. കൊച്ചിയിലാണ് യോഗം. തദ്ദേശതിരഞ്ഞെടുപ്പാണ് ചർച്ചാവിഷയമെങ്കിലും പാലായും ഇടംപിടിക്കും. തിടുക്കത്തിൽ തീരുമാനങ്ങളിലേക്ക് പോകരുതെന്ന അഭിപ്രായം പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. സീറ്റ് വിട്ടുകൊടുക്കാതെ എങ്ങനെ ഭിന്നിപ്പില്ലാതെ പോകാം എന്നതാണ് പ്രധാന കടമ്പ. സീറ്റുധാരണ ചർച്ചയായില്ലെന്ന് ജോസ് വിഭാഗം പറയുമ്പോഴും പാലാ വിട്ടുകൊടുത്ത് ഒത്തുതീർപ്പുകളുണ്ടാക്കുന്നത് അണികളെ ബോധ്യപ്പെടുത്താൻ പ്രയാസം വരും. പാലായും കാഞ്ഞിരപ്പള്ളിയും ജോസ് വിഭാഗത്തിന് നൽകാമെന്നാണ് സി.പി.എം. നൽകിയ ഉറപ്പ്. ചിലപ്പോൾ രാജ്യസഭാ സീറ്റ് സി.പി.എം. ഏറ്റെടുക്കും. മാണി സി.കാപ്പനെ അനുനയിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെടുന്ന വേറെ ഏതെങ്കിലും ജയസാധ്യതയുള്ള സീറ്റ് നൽകാനും ആലോചനയുണ്ട്. ഇത്തരം ചർച്ചകൾ ഇടതുമുന്നണി യോഗം ജോസ് വിഭാഗത്തെ ഔദ്യോഗികമായി ഒപ്പം ചേർത്തശേഷമാകും.


from mathrubhumi.latestnews.rssfeed https://ift.tt/3k2MgCl
via IFTTT