Breaking

Wednesday, October 14, 2020

ലൈഫിൽ സർക്കാരിനാശ്വാസം, രാഷ്ട്രീയ നേട്ടം

തിരുവനന്തപുരം: സർക്കാരിനെ വളഞ്ഞുപറക്കുന്ന കേന്ദ്ര ഏജൻസികളിൽനിന്ന് തത്കാലം രക്ഷനേടുന്ന ആശ്വാസവിധിയാണ് വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ സി.ബി.ഐ. അന്വേഷണത്തിന്റെ കാര്യത്തിൽ ഹൈക്കോടതി നൽകിയിട്ടുള്ളത്. ലൈഫ് പദ്ധതിയിലെ അന്വേഷണത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ സി.ബി.ഐ. പ്രതികളാക്കിയതാണ് കൂടുതൽ പ്രതിരോധത്തിലാക്കിയത്. ആ കുരുക്കഴിക്കാൻ സർക്കാർ നടത്തിയ നിയമയുദ്ധത്തിൽ എഫ്.ഐ.ആർ. റദ്ദാക്കാത്തതിനാൽ വിജയം ഭാഗികമാണെങ്കിലും രാഷ്ട്രീയമായി നേട്ടം തന്നെയാണ്. സ്വർണക്കടത്ത് കേസിൽ പ്രിൻസിപ്പൽ സെക്രട്ടറിയെ പുറത്തുനിർത്തി കേസിൽനിന്ന് അകലം പാലിക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിരുന്നു. സ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണം മുഖ്യമന്ത്രി കത്തയച്ചുവരുത്തിയതാണ്. എന്നാൽ, ലൈഫ് മിഷൻ പദ്ധതിയിലുണ്ടായ സി.ബി.ഐ. അന്വേഷണം പൊടുന്നനെയായിരുന്നു. മറ്റ് കേസുകളിൽനിന്ന് വിഭിന്നമായി സർക്കാരിനെ നേരിട്ട് ബന്ധിപ്പിക്കുന്ന അന്വേഷണവുമാണത്. യു.എ.ഇ. റെഡ്ക്രസന്റിന്റെ സാമ്പത്തിക സഹായത്തോടെ വടക്കാഞ്ചേരിയിലെ പാർപ്പിടസമുച്ചയ നിർമാണത്തിൽ കമ്മിഷൻ ഇടപാട് നടന്നിട്ടുണ്ടെന്ന് സംസ്ഥാന സർക്കാരും സമ്മതിച്ചതാണ്. എന്നാൽ, ഇത് സർക്കാർ സംവിധാനത്തിന് പുറത്തുള്ള ഇടപാടാണ്. വിദേശസഹായം നേരിട്ട് സർക്കാരോ ലൈഫ് മിഷനോ സ്വീകരിച്ചിട്ടില്ല. അതിനാൽ, അഴിമതിയുടെ പങ്കും സർക്കാരിൽ ആരോപിക്കാനാവില്ല. ഇതാണ് സർക്കാരിന്റെ വാദം. ഈ വാദത്തെ ഹൈക്കോടതിയും അഗീകരിച്ചുവെന്നത്, തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ വലിയ രാഷ്ട്രീയനേട്ടമാണ്. സി.ബി.ഐ. അന്വേഷണം കോടതി തടയുകയോ എഫ്.ഐ.ആർ. റദ്ദാക്കുകയോ ചെയ്തിട്ടില്ലെന്നത് 'അപകട ഭീഷണി'യായിത്തന്നെ നിലനിൽക്കുന്നുണ്ട്. എന്നാൽ, ലൈഫ് പദ്ധതിയിലെ അഴിമതി കണ്ടെത്തുന്നതിന് സർക്കാരോ ഇടതുപക്ഷമോ എതിരല്ലെന്ന വാദമുയർത്തി ഇതിനെ പ്രതിരോധിക്കാനാകും. സി.ബി.ഐ. അന്വേഷണത്തിനുമുമ്പ് സർക്കാർതന്നെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച ബുദ്ധിയും ഫലിച്ചു. തത്കാലം വിജിലൻസ് അന്വേഷണം ഒരു കവചമാണ്. രേഖകൾപോലും സി.ബി.ഐ.ക്ക് കിട്ടാൻ നിയമയുദ്ധം വേണ്ടിവരുമെന്ന കവചം.


from mathrubhumi.latestnews.rssfeed https://ift.tt/2SRJu75
via IFTTT