കൊച്ചി: സി.ബി.ഐ. വരും മുന്നേ ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ നടത്തിയ നീക്കങ്ങളാണ് വിജയം നേടിയത്. വിദേശ സഹായ നിയന്ത്രണനിയമത്തിന്റെ (എഫ്.സി.ആർ.എ.) ലംഘനമല്ല അഴിമതി വിരുദ്ധനിയമപ്രകാരം കേസെടുക്കേണ്ട വിഷയമാണ് വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണത്തിന്റെ മറവിൽ നടന്നതെന്ന് ബോധിപ്പിക്കാനുള്ള നീക്കമായിരുന്നു ഇത്. സി.ബി.ഐ.യ്ക്ക് മുന്നേ അന്വേഷണം തുടങ്ങിയ വിജിലൻസ് വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകളൊക്കെ പിടിച്ചെടുക്കുകയും ചെയ്തു. സി.ബി.ഐ.യ്ക്ക് മുന്നിൽ ഹാജരായ ലൈഫ് മിഷൻ സി.ഇ.ഒ. യു.വി. ജോസ് കൈമാറിയത് വടക്കാഞ്ചേരി പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ മാത്രമായിരുന്നു. ഇക്കാര്യത്തിൽ സി.ബി.ഐ.പരാതി ഉന്നയിച്ചെങ്കിലും വിജിലൻസ് പിടിച്ചെടുത്ത രേഖകൾ കൈമാറണമെന്ന് നിർദേശിക്കാൻ ആകുമായിരുന്നില്ല. രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പിന് സി.ബി.ഐ.യ്ക്ക് കോടതിയെ സമീപിക്കാമെന്ന നിലപാടും വിജിലൻസ് സ്വീകരിച്ചിരുന്നു. അഴിമതിവിരുദ്ധ നിയമ പ്രകാരം കേസെടുത്ത് അന്വേഷിക്കേണ്ടത് വിജിലൻസ് ആണെന്ന് കോടതിയെ ബോധിപ്പിക്കാൻ ഇതിലൂടെ സർക്കാരിന് സാധിച്ചെന്നാണ് വിലയിരുത്തുന്നത്. നിർണായകമായി നിയമകാര്യ സെല്ലും കേസുകളും കോടതിയും രാഷ്ട്രീയയുദ്ധത്തിനും വേദിയാകുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് മുഖ്യമന്ത്രി, കേസുകളുടെ ഏകോപനത്തിന് തന്റെ ഓഫീസിനോട് അനുബന്ധിച്ച നിയമകാര്യസെല്ലിന് രൂപം നൽകിയത്. ഹൈക്കോടതിയിൽ വിജിലൻസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്കാണ് ഈ ചുമതല നല്കിയത്. ഒക്ടോബർ എട്ടിന് ഹർജി വാദത്തിന് വരുന്നതിന് മുൻപ് കോടതിയിൽ സ്വീകരിക്കേണ്ട നിലപാടിന് അന്തിമരൂപം നൽകുന്നതിൽ നിയമകാര്യ സെല്ലിന് നിർണായക റോളുണ്ടായിരുന്നു. തിടുക്കം സി.ബി.ഐ.യ്ക്ക് വിനയായി അനിൽ അക്കര എം.എൽ.എ.യുടെ പരാതിയിലാണ് ലൈഫ് മിഷൻ ഇടപാടിൽ സി.ബി.ഐ.കേസെടുത്തത്. സെപ്റ്റംബർ 20-നാണ് എം.എൽ.എ. സി.ബി.ഐ. കൊച്ചി യൂണിറ്റ് സൂപ്രണ്ടിന് പരാതി നൽകിയത്. 24-ന് സി.ബി.ഐ.ലൈഫ് മിഷനെ പ്രതിസ്ഥാനത്ത് നിർത്തി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. അവിടെയും സി.ബി.ഐ.യ്ക്ക് പിഴച്ചു. വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത എഫ്.ഐ.ആറിൽ 'അറിയാനാകാത്ത പൊതുസേവകർ' എന്ന് രേഖപ്പെടുത്തിയ സി.ബി.ഐ. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ എഫ്.ഐ.ആറിൽ അത് 'ലൈഫ് മിഷനിലെ അറിയപ്പെടാനാകാത്ത ഉദ്യോഗസ്ഥർ' എന്നാക്കി മാറ്റി. ഹർജിയിലടക്കം ലൈഫ് മിഷൻ ഇത് ചൂണ്ടിക്കാട്ടി. പ്രാഥമികാന്വേഷണം നടത്തി കോടതി അനുമതിയോടെ മാത്രം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ട സംഭവത്തിലാണ് സി.ബി.ഐ. തിടുക്കത്തിൽ നീങ്ങിയതെന്ന് സ്ഥാപിക്കാൻ ലൈഫ് മിഷന് ഇതിലൂടെ സാധിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/340sNwR
via
IFTTT