ദെഹ്റാദൂൺ: മാർച്ചിൽ ഗുജറാത്തിൽനിന്നു തുടങ്ങിയതാണ് ‘വഡ്‌ല’യുടെ ദേശാന്തര യാത്ര. ഏഴുമാസം കഴിഞ്ഞ് ‘ലോക ദേശാടനക്കിളി ദിന’ത്തിൽ (ഒക്ടോബർ 10) വഡ്‌ല തിരികെ ഗുജറാത്തിൽ പറന്നിറങ്ങി. ഉത്തര കസാഖ്സ്താൻവരെ പോയി പ്രജനനം നടത്തിയാണ് കോമൺ ക്രെയ്ൻ ഇനത്തിൽപ്പെട്ട ഈ ദേശാടനപ്പക്ഷി തിരിച്ചെത്തിയത്. ദേശാടനപ്പക്ഷികളിൽ വൈദ്യുതിക്കമ്പികൾ ഏല്പിക്കുന്ന ആഘാതം എത്രയുണ്ടെന്നറിയാനുള്ള പഠനത്തിന്റെ ഭാഗമായാണ് റേഡിയോ ട്രാൻസ്മിറ്റർ ഘടിപ്പിച്ച് ദെഹ്റാദൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് (ഡബ്ല്യു.ഡബ്ല്യു.ഐ.) ‘വഡ്‌ല’യെ നിരീക്ഷിച്ചത്. അതിന്റെ പ്രജനനകേന്ദ്രത്തെക്കുറിച്ചുള്ളതുൾപ്പെടെ പല വിവരങ്ങളാണ് ഇതിലൂടെ കിട്ടിയത്. കൊക്കുകളെയും രാജഹംസങ്ങളെയും പോലുള്ള വലിയ ദേശാടനക്കിളികളുൾപ്പെടെ പല പക്ഷികളും യാത്രയ്ക്കിടെ വൈദ്യുതക്കമ്പികളിൽ ഇടിച്ചു ചാകുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡബ്ല്യു.ഡബ്ല്യു.ഐ.യിലെ ശാസ്ത്രജ്ഞർ ഇത്തരമൊരു പഠനത്തിന് മുൻകൈയെടുത്തത്. ഇത്തരത്തിൽ ലോകത്തുതന്നെ നടക്കുന്ന ആദ്യപഠനമാണിത്. പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സഹായധനത്തോടെയാണ് പഠനം.‘കൊക്കുകളും രാജഹംസങ്ങളും പോലുള്ള വലിയ പക്ഷികൾ എങ്ങനെയാണ് വൈദ്യുതിക്കമ്പികൾ കടന്നുപറക്കുന്നത് എന്നറിയുകയായിരുന്നു പഠനത്തിന്റെ പ്രാഥമിക ലക്ഷ്യ’മെന്ന് ഡബ്ല്യു.ഡബ്ല്യു.ഐ.യിലെ ശാസ്ത്രജ്ഞൻ ഡോ. സുരേഷ് കുമാർ പറഞ്ഞു. മാർച്ചിൽ ട്രാൻസ്മിറ്റർ പിടിപ്പിച്ചയച്ച പല പക്ഷികളിലൊന്നാണ് തിരിച്ചെത്തിയത്. ട്രാൻസ്മിറ്റർ പിടിപ്പിക്കുമ്പോൾ അതിന്റെ പ്രജനന സ്ഥലത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.പക്ഷിയുടെ ദേശാടനപാത, വിശ്രമത്തിനായി രാത്രിയിൽ തങ്ങിയ സ്ഥലങ്ങൾ എന്നിവയും കണ്ടെത്താൻ സാധിച്ചു. ആ സ്ഥലങ്ങളെക്കുറിച്ചുള്ള വിശദമായ കാര്യങ്ങൾ പഠിച്ചുവരുകയാണ്. അഫ്ഗാനിസ്താനിലെയും തുർക്മെനിസ്താനിലെയും മരുഭൂമികളിലൊക്കാണ് പക്ഷി തങ്ങിയതെന്ന് സുരേഷ് കുമാർ പറഞ്ഞു. ‘പക്ഷികൾ നമ്മുടെ ലോകത്തെ ബന്ധിപ്പിക്കുന്നു’ എന്നതായിരുന്നു ഇത്തവണത്തെ ദേശാടനക്കിളി ദിനത്തിന്റെ പ്രമേയം. നിരീക്ഷണത്തിനു മുൻകൈയെടുത്ത ഡോ. സുരേഷ് കുമാറിനെയും സംഘത്തെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ അഭിനന്ദിച്ചു. കോമൺ ക്രെയ്ൻകൊറ്റിവർഗത്തിൽപ്പെട്ട ഇടത്തരം വലുപ്പമുള്ള പക്ഷി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും കാണപ്പെടുന്നു. ദേശാടനപ്പക്ഷികളായ ഇവയുടെ പ്രജനനം നടക്കുക മേയിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/372WX4j
via
IFTTT