തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ഔദ്യോഗിക യാത്രാരേഖകളെപ്പറ്റി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിനൽകാതെ സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പ് മേധാവികൾ. വിവരങ്ങൾ ലഭ്യമല്ലെന്നും ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നുമുള്ള പരസ്പരവിരുദ്ധമായ മറുപടികളാണു നൽകുന്നത്. ശിവശങ്കർ തലവനായിരുന്ന ഇലക്ട്രോണിക്സ് വിവരസാങ്കേതികവിദ്യാ വകുപ്പും പൊതുഭരണ വകുപ്പുമാണ് വ്യക്തമായ മറുപടി നൽകാത്തത്.വിദേശ യാത്രകളിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ലൈഫ് മിഷൻ ഇടപാടിലടക്കം ലഭിച്ച കമ്മിഷൻ തുക ഡോളറായി വിദേശത്തേക്കു കടത്താൻ സ്വപ്ന ഈ യാത്രകൾ മറയാക്കിയോ എന്നും അന്വേഷിക്കുന്നുണ്ട്. വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തിയ രേഖകൾ പ്രകാരം, 2018-നുശേഷം ശിവശങ്കറിന് രണ്ടുതവണ മാത്രമേ സംസ്ഥാനത്തിനു പുറത്തേക്കുപോകാൻ യാത്രാനുമതി നൽകിയിട്ടുള്ളൂ. അതും യാത്ര പുറപ്പെട്ട ശേഷമാണ് സർക്കാർ ഉത്തരവിറക്കിയത്. ഇക്കാലയളവിൽ ശിവശങ്കർ പലതവണ ബെംഗളൂരു സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇതിൽ രണ്ടെണ്ണത്തിനുമാത്രമാണ് അനുമതിയുള്ളത്. പി.ഡബ്ള്യു.സി.യുമായുള്ള ചർച്ചകൾക്കായി ഇക്കഴിഞ്ഞ ജനുവരി 16-ന് ബെംഗളൂരുവിൽ എത്തിയിരുന്നു. അടുത്തദിവസം ഹെൽത്ത് കെയർ സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി മൈസൂരുവും സന്ദർശിച്ചു. സർക്കാർ അനുമതിയോടെയുള്ള മറ്റൊരു ബെംഗളൂരു യാത്ര ഭാരത് ഇലക്ട്രോണിക്സുമായി കെ-ഫോൺ പദ്ധതി സംബന്ധിച്ച ചർച്ചകൾക്കായി 2019 ഒക്ടോബർ ഏഴിന് നടത്തിയതാണ്.
from mathrubhumi.latestnews.rssfeed https://ift.tt/30ZzE7E
via
IFTTT