Breaking

Friday, October 16, 2020

യുവാവിനെ കൊന്നതാണെന്ന് തെളിഞ്ഞു; സുഹൃത്ത് അറസ്റ്റിൽ

റാന്നി: ബ്ലോക്കുപടിയിൽ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സുഹൃത്തിനെ അറസ്റ്റ് ചെയ്തു. വടക്കേടത്ത് അതുൽ സത്യനെയാണ്(25) റാന്നി ഇൻസ്പെക്ടർ കെ.എസ്.വിജയൻ അറസ്റ്റ് ചെയ്തത്. തെക്കേപ്പുറം പൗവ്വത്ത് രാജീവ് കുമാറിനെയാണ്(38) ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെ ബ്ലോക്കുപടിക്ക് സമീപം വടക്കേടത്ത് വീടിന്റെ മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അതുൽ മാത്രമേ ബുധനാഴ്ച വീട്ടിലുണ്ടായിരുന്നുള്ളൂ. രാജീവിനെ വീട്ടിൽ വിളിച്ചുവരുത്തി വൈകീട്ട് മുതൽ ഇരുവരും ചേർന്ന് മദ്യപിച്ചു. പിന്നീട് തമ്മിൽ തർക്കമായി. അതുൽ രാജീവിനെ അടിച്ച് താഴെയിട്ട് നെഞ്ചിലും വയറിലും തൊഴിച്ചു. രാത്രി എട്ടരയോടെ അതുൽ സുഹൃത്തുക്കളെ വിളിച്ച് രാജീവ് വീട്ടുമുറ്റത്ത് അബോധാവസ്ഥയിൽ കിടക്കുന്നെന്ന് അറിയിച്ചു. സുഹൃത്തുക്കളാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചു. അടിയിലും തൊഴിയിലും വാരിയെല്ല് ഒടിഞ്ഞ് നെഞ്ചിലുണ്ടായ മുറിവും വയറിനുള്ളിലുണ്ടായ മുറിവുകളുമാണ് മരണകാരണമെന്നും പോലീസ് പറഞ്ഞുരാജീവും അതുലും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നു. അതുലിന്റെ ഭാര്യയെ രാജീവ് ചീത്ത വിളിച്ചത് സംബന്ധിച്ച് നേരത്തെ റാന്നി പോലീസിൽ കേസുണ്ടായി. ഈ വൈരാഗ്യം മനസ്സിൽവെച്ചാകാം കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെ.ജി.സൈമൺ, തിരുവല്ല ഡിവൈ.എസ്.പി. ടി.രാജപ്പൻ, റാന്നി ഇൻസ്പെക്ടർ കെ.എസ്.വിജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ അതുലിനെ റിമാൻഡ് ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/3lXn9lf
via IFTTT