ന്യൂഡൽഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെതിരെ സംസ്ഥാന ബി.ജെ.പിയിൽ പടയൊരുക്കം. ബിപ്ലബിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ഒരുവിഭാഗം വിമത എം.എൽ.എമാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ബി.ജെ.പി ദേശീയ നേതൃത്വത്തിന് പരാതി നൽകാൻ ഏഴ് എം.എൽ.എമാർ ഡൽഹിയിലെത്തി. ബിപ്ലബ് കുമാറിന്റേത് സ്വേച്ഛാധിപത്യ ഭരണമാണെന്നും അദ്ദേഹത്തിന് ജനപ്രീതിയില്ലെന്നും ഭരണത്തിൽ അനുഭവപരിചയമില്ലെന്നുമാണ് വിമത എം.എൽ.എമാരുടെ ആരോപണം. സുദീപ് റോയ് ബർമന്റെ നേതൃത്വത്തിലുള്ള എം.എൽ.എമാരാണ് മുഖ്യമന്ത്രിക്കെതിരേ പരസ്യമായി രംഗത്തെത്തിയത്. സുദീപ് റോയ്ക്ക് പുറമേ സുശാന്ത ചൗധരി, ആശിഷ് സാഹ, ആശിഷ് ദാസ്, ദിവ ചന്ദ്ര രങ്കൽ, മോഹൻ ത്രിപുര, പരിമാൾ ദേബ് ബർമ, റാം പ്രസാദ് പാൽ എന്നീ എംഎൽഎമാരാണ് കേന്ദ്ര നേതൃത്വത്തെ കാണാൻ ഡൽഹിയിൽ തങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദിഎന്നിവരുമായി വിമത സംഘം കൂടിക്കാഴ്ച നടത്തും. ബിജെപിയുടെ 36 നിയമസഭാംഗങ്ങളിൽ ബീരേന്ദ്ര കിഷോർ ദേബ്, ബിപ്ലവ് ഘോഷ് എന്നീ രണ്ട് എംഎൽഎമാരുടെ പിന്തുണ കൂടി തങ്ങൾക്കുണ്ടെന്നും വിമത എം.എൽ.എമാർ അവകാശപ്പെട്ടു. ത്രിപുരയിൽ ബിജെപിക്ക് ദീർഘകാലത്തേക്ക് ഭരണം നിലനിർത്തണമെങ്കിൽ ബിപ്ലബ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം. സ്വോച്ഛാധിപത്യ ഭരണമാണ് ത്രിപുരയിൽ നടക്കുന്നത്. മുഖ്യമന്ത്രി എംഎൽഎമാരെ വിശ്വാസത്തിലെടുക്കുന്നില്ല. രണ്ടിലേറെ വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി കൈവശപ്പെടുത്തിയിരിക്കുകയാണ്. റിക്ഷ തൊഴിലാളികൾ, പച്ചക്കറി-മത്സ്യ കച്ചവടക്കാർ മുതൽ വ്യവസായികൾക്ക് വരെ മുഖ്യമന്ത്രിയോട് നീരസമുണ്ടെന്നും വിമത എം.എൽ.എ ചൗധരി പറഞ്ഞു. അതേസമയം സർക്കാരിന് ഭീഷണിയില്ലെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാറിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. സർക്കാർ സുരക്ഷിതമാണെന്നും ഏഴോ എട്ടോ എംഎൽഎമാർക്ക് സർക്കാരിനെ അട്ടിമറിക്കാൻ സാധിക്കില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് മാണിക് സാഹ അറിയിച്ചു. എംഎൽഎമാരുടെ പരാതി കേട്ടിട്ടില്ലെന്നും പാർട്ടിക്ക് പുറത്ത് ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. content highlights:Some BJP MLAs camp in Delhi, seek removal of Tripura CM
from mathrubhumi.latestnews.rssfeed https://ift.tt/34NXbcT
via
IFTTT