Breaking

Thursday, October 15, 2020

വിശ്വമാനവികതയുടെ കാവ്യാദ്വൈതം

മലയാളത്തിന്റെ വിശ്വമഹാകവി യുഗദീർഘമായൊരു സ്നേഹവസന്തം അക്കിത്തത്തിന്റെ കവിതകളിൽ പൂത്തുലഞ്ഞുനിൽക്കുന്നു. സ്നേഹം എന്ന വിശുദ്ധവികാരമാണ് എന്നും അക്കിത്തത്തിന്റെ പ്രത്യയശാസ്ത്രം. നിരുപാധികമാം സ്നേഹം/ ബലമായിവരും ക്രമാൽ / അതാണഴ,കതേ സത്യം / അതു ശീലിക്കൽ ധർമവും ഒരു ഭാരതീയ കവിക്കുമാത്രം സാക്ഷാത്കരിക്കാൻ കഴിയുന്ന ഈ സ്നേഹദർശനമാണ് അക്കിത്തത്തിന്റെ കവിതകളിൽ നിറഞ്ഞു നിൽക്കുന്നത്. അമ്പലങ്ങളീവണ്ണം / തുമ്പില്ലാതെ വരയ്ക്കുകിൽ / വമ്പനാമീശ്വരൻ വന്നി-/ട്ടെമ്പാടും നാശമാക്കിടും എന്ന്, വീടിനടുത്തുള്ള അമേറ്റിക്കര ഹരിമംഗലം ക്ഷേത്രത്തിന്റെ ചുമരിൽ കുറിയിടുന്ന കാലത്ത് അക്കിത്തത്തെ അച്യുതൻ എന്ന നമ്പൂരിക്കുട്ടി ഉപനയനം കഴിഞ്ഞിട്ടില്ലാത്ത ഉണ്ണിയായിരുന്നു. ലോകനടത്തിപ്പിന്റെ തുമ്പില്ലായ്മയ്ക്കെതിരേയാണ് അന്നുമുതലിന്നോളം അക്കിത്തം എഴുതിയതും പ്രവർത്തിച്ചതും. സാമൂഹികനവോത്ഥാന പ്രവർത്തനങ്ങളിൽ വി.ടി. ഭട്ടതിരിപ്പാടായിരുന്നു അക്കിത്തത്തിന്റെ ഗുരുനാഥൻ. ആഢ്യത്വവും ജന്മിത്തവും സംബന്ധവ്യവസ്ഥയുംതൊട്ട് കടവല്ലൂർ അന്യോന്യംവരെ കടപുഴക്കിയെറിഞ്ഞ് തുലാക്കാറ്റുപോലെ കടന്നുപോയ ആ പരിവർത്തനത്തിന്റെ കൊടുങ്കാറ്റുവിതച്ചവരുടെ കൂടെ അക്കിത്തം എന്ന ഉണ്ണിനമ്പൂതിരിയുമുണ്ടായിരുന്നു. അഗ്നിഹോത്രത്തിൽനിന്ന് അനാഥജനസഞ്ചയത്തിന്റെ യോഗക്ഷേമത്തിലേക്കായിരുന്നു ആ യാത്ര. വി.ടി.യോടൊപ്പം യോഗക്ഷേമസഭയിലെ പുരോഗമനപക്ഷത്ത് പ്രവർത്തിച്ച കാലത്താണ് ഐ.സി.പി. നമ്പൂതിരിയുടെയും ഇ.എം.എസിന്റെയുമൊക്കെ സ്വാധീനത്തിൽ കമ്യൂണിസ്റ്റുപക്ഷത്തേക്കുവന്നത്. തൃത്താല ഫർക്കയിൽ, കേരള സംസ്ഥാന രൂപവത്കരണത്തിനുമുമ്പുള്ള തിരഞ്ഞെടുപ്പിൽ കെ.ബി. മേനോനെതിരേ മത്സരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി അന്ന് തിരഞ്ഞെടുത്തത് അക്കിത്തത്തെയായിരുന്നു. പക്ഷേ, അച്ഛൻ അന്ന് അക്കിത്തത്തോടുപറഞ്ഞു: നീ രാഷ്ട്രീയത്തിൽ പരാജയമാവും. കവിതയിൽ പക്ഷേ, വിജയിക്കും. അക്കിത്തം, അച്ഛൻ ചൂണ്ടിക്കാട്ടിയ വഴി സ്വീകരിച്ചു. അക്കിത്തത്തിലെ കവിയെ പിന്നീട് ആഴത്തിൽ കണ്ടെത്തിയത് മഹാകവി ഇടശ്ശേരിയാണ്. അക്കിത്തത്തിന്റെ ഒരു കവിത വായിച്ച് ഇടശ്ശേരി പറഞ്ഞത്രെ: ഇയാൾക്ക് ചിരിക്കാനറിയാം, ചിരിക്കാനറിയുന്നവർക്ക് കരയാനും കഴിയും. കവിതയിൽനിന്ന് കണ്ണുനീർത്തുള്ളി കുഴിച്ചെടുക്കാനാണ് ഇടശ്ശേരി അക്കിത്തത്തെ ഉപദേശിച്ചത്. അന്നുമുതൽ രുദിതാനുസാരി (കരച്ചിലിനെ അനുസരിക്കുന്നവൻ) യായിത്തീർന്നു ഈ വലിയ കവി. കവിത കണ്ണുനീരിന്റെ ലവണദർശനവും ജലകാമനയുടെ വേദാന്തവുമായി. ഒരു കണ്ണീർക്കണം മറ്റുള്ള-/വർക്കായ് ഞാൻ പൊഴിക്കവേ, /ഉദിക്കയാണെന്നാത്മാവി-/ലായിരം സൗരമണ്ഡലം മറ്റുള്ളവരുടെ വേദനയിലും കണ്ണുനീരിലും ഹൃദയം ചേർത്തുനിൽക്കുന്ന ഈ പരക്ലേശവിവേകം അക്കിത്തത്തെ സമാനതകളില്ലാത്ത സമഷ്ടിസ്നേഹത്തിന്റെ വിശ്വഗായകനാക്കി. കാണായാതപ്പടി കണ്ണുനീരാകിലും ഞാനുയിർകൊള്ളുന്നു വിശ്വാസശക്തിയാൽ എന്ന്, കണ്ണുനീർക്കടലുകളെയെല്ലാം അതിജീവിക്കുന്ന പ്രത്യാശ കൊളുത്തിപ്പിടിച്ചു മുന്നേറാൻ ഈ കവിയെ പ്രാപ്തനാക്കിയത് സ്നേഹത്തിലുള്ള അചഞ്ചല വിശ്വാസമാണ്: ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം അക്കിത്തത്തെ കമ്യൂണിസ്റ്റ് വിരുദ്ധനെന്ന് മുദ്രകുത്തുന്നതിനായി ചിലർ ഉപയോഗപ്പെടുത്തി. നേരത്തേ മഹാത്മജിയുടെ പ്രേരണയിൽ നാലണ മെമ്പർഷിപ്പെടുത്ത് കോൺഗ്രസ് പാർട്ടിയിൽ ചേർന്ന കവി, ചിലരുടെ കണ്ണിൽ ചോപ്പനും ചിലരുടെ കണ്ണിൽ ഖദറുകുപ്പായക്കാരനും ചിലരുടെ കണ്ണിൽ ഫാസിസ്റ്റിസുമായി (മഹാത്മജിയെക്കുറിച്ച്, ധർമസൂര്യൻ എന്ന ഒരുജ്ജ്വലകാവ്യവും അക്കിത്തമെഴുതിയിട്ടുണ്ട്). പക്ഷേ, അക്കിത്തം എന്നും അനാഥരുടെയും അശരണയുടെയും പക്ഷത്തായിരുന്നു. എല്ലാ രാഷ്ട്രീയസമരങ്ങളിലും പരാജിതരാവുകയും എല്ലാ യുദ്ധങ്ങളിലും തോറ്റുപോവുകയും ചെയ്തവരുടെ പക്ഷത്തുനിന്നാണ് അക്കിത്തം ഇതിഹാസമെഴുതിയത്. തനിക്കൊന്നും ആവശ്യമില്ലെന്ന വിരക്തരതി ഈ കവിയെ എന്നും ഭരിച്ചിട്ടുണ്ട്. ഓരോ തവണ ആഹുതിചെയ്യുമ്പോഴും അഗ്നയേ ഇദം ന മമഃ എന്ന് പ്രാർഥിച്ച വേദാന്തധർമ സംസ്കൃതിയുടെ യജ്ഞബോധമാണ് നിഷ്കർമയോഗമായി കവിതയെ സ്വീകരിക്കാൻ അക്കിത്തത്തിനു പ്രേരണയായത്. മനുഷ്യർ മാത്രമല്ല പ്രകൃതിയും ചരാചരപ്രാണങ്ങളും മുഴുവനും അക്കിത്തത്തിന് സഹോദരരാണ്. എന്റെയല്ലെന്റെയല്ലീക്കൊമ്പനാനകൾ/ എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ /നിങ്ങൾതൻ കുണ്ഠിതം കാണ്മതിൽ ഖേദമു-/ണ്ടെങ്കിലും നിന്ദിപ്പതില്ലെൻ വിധിയെ ഞാൻ / ഗർഭഗൃഹത്തിലുണ്ടാശ്രിതവാത്സല്യ-/നിർഭരനായൊരാ, ളെന്റെയായൈന്റയായ് ഈയൊരു ത്യാഗത്തിന്റെ ബുദ്ധമാർഗം ആത്മാവിൽ സ്വീകരിച്ചതിനാൽ മഹാപരിത്യാഗത്തിന്റെ നിർവാണപാതയിൽ കവിത അക്കിത്തത്തെ വഴിനടത്തി. അവിടെ സുഖവും ദുഃഖവും ഇരുളും വെളിച്ചവും ഇഹവും പരവും രതിയും നിർവേദവും ജീവിതവും മരണവും ഒരുപോലെയാണ്. ഒരു നേട്ടവും കാംക്ഷിക്കാത്ത സ്നേഹമാണ് നിത്യസത്യം. വി.ടി.യും ഇടശ്ശേരിയും നാലപ്പാടനും കുട്ടികൃഷ്ണമാരാരും വേദരത്നം ഏർക്കരയും ചേർന്ന് സൃഷ്ടിച്ചതാണ് തന്റെ കാവ്യവ്യക്തിത്വമെന്ന് അക്കിത്തംതന്നെ പറഞ്ഞിട്ടുണ്ട്. മനുഷ്യനും പ്രകൃതിയുമായി ബന്ധപ്പെട്ടതൊന്നും കവിതയ്ക്ക് അന്യമല്ലെന്നുള്ളൊരു പൊന്നാനിക്കളരിയുടെ ദർശനപാരമ്പര്യം അക്കിത്തത്തിൽ നവീനമായ വികാസംനേടി. അവിടെ ഭൗതികതയും ആത്മീയതയും രണ്ടല്ല, ഏകസത്യമാണ്. ഭാഗവതം പരിഭാഷപ്പെടുത്തിയപ്പോൾ വ്യാസന്റെ ലോകോത്തരമായ ഒരു ശ്ലോകം അക്കിത്തം ഇങ്ങനെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്: ആജന്മമുക്ത, നനുപേത, നെവന്റെ പോക്കിൽ / ദ്വൈപായനൻ വിരഹകാതരനായ് വിളിച്ചു, /ഹേ പുത്ര, ശാഖികളതേറ്റുപാടിയതാർക്കാ-/ യാ സർവഭൂതഹൃദയന്നു നമസ്കരിപ്പേൻ ഉപനയനം കഴിഞ്ഞിട്ടില്ലാത്തവനും കൃത്യങ്ങൾ സ്വയം നിർവഹിക്കാനാവാത്തവനുമായ പുത്രൻ ശുകൻ, സന്ന്യാസത്തിനുപോകാനായി യാത്രചോദിച്ചപ്പോൾ സർവസംഗപരിത്യാഗിയായ വ്യാസൻപോലും മമത കൈവിടാനാവാതെ മകനേ ശുകാ എന്നു വിളിച്ചുപോയി. അപ്പോൾ സർവചരാചരങ്ങളും വിളികേട്ടു. ആ സർവഭൂതഹൃദയത്വമാണ് അക്കിത്തത്തിന്റെ കവിത. അത് ഒന്നിനെയും ഒഴിവാക്കുന്നില്ല. എല്ലാം ഉൾക്കൊള്ളുന്ന മഹാസ്നേഹസ്പന്ദമായിരിക്കുകമാത്രം ചെയ്യുന്നു. താൻ കമ്യൂണിസം പഠിച്ചത് ഋഗ്വേദത്തിലെ സംവാദസൂക്തത്തിൽനിന്നാണെന്ന് അക്കിത്തം പറഞ്ഞിട്ടുണ്ട്. പന്ത്രണ്ടിടത്ത് സമാനം, സമാനം എന്നാവർത്തിച്ചതു വായിച്ച് ആത്മാവിലുൾക്കൊണ്ട ഈ അസാധാരണ സമഭാവനയാണ് കാലാതിവർത്തിയായ കാവ്യബലമായി അക്കിത്തത്തെ ഭരിച്ചത്. വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന് സമകാലിക യുഗദുഃഖങ്ങളിൽ മുഴുകിനിന്നുകൊണ്ട് ഒരു കറുത്ത ഉപനിഷത്ത് ഉച്ചരിക്കേണ്ടിവന്നപ്പോൾ അത് പ്രതിലോമപരമായിരുന്നില്ല എന്നറിയണമെങ്കിൽ ആ വരികളുടെ മുന്നിലുള്ള വരികൾകൂടി ആഴത്തിൽ വായിക്കണം. പോരാളിയും സന്ന്യാസിയും ഒരാളിൽ ഒന്നിച്ചതിന്റെ ഋഷിദർശനമാണ് അക്കിത്തം കവിത. Content Highlight; Akkitham Achuthan Namboothiri life and poems


from mathrubhumi.latestnews.rssfeed https://ift.tt/377hvc0
via IFTTT