Breaking

Saturday, October 17, 2020

720/ 720: നീറ്റ് പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക്, ചരിത്രം കുറിച്ച്‌ ഷൊയ്ബ്

ജയ്പുർ: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ 720-ൽ 720 മാർക്കും കരസ്ഥമാക്കി അഖിലേന്ത്യാതലത്തിൽ ഒന്നാമനായി ചരിത്രം കുറിച്ചിരിക്കുകയാണ് ഒഡീഷ റൂർക്കല സ്വദേശിയായ ഷൊയ്ബ് അഫ്താബ് എന്ന പതിനെട്ടുകാരൻ. മെഡിക്കൽ പഠനം പൂർത്തിയാക്കി ഒരു കാർഡിയാക് സർജനാവുക എന്നുളളതാണ് ഷൊയ്ബിന്റെ സ്വപ്നം. രാജസ്ഥാനിലെ കോട്ടയിലെ കരിയർ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഷോയ്ബ് കോച്ചിങ്ങിനായി ചേർന്നിരുന്നത്. രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സഹപാഠികളെല്ലാം നാട്ടിലേക്ക് മടങ്ങിയെങ്കിലും ഷോയ്ബ് തയ്യാറായില്ല. കോട്ടയിൽ തന്നെ താമസം തുടർന്നു. ലോക്ഡൗണിൽ കുറേക്കൂടി സമയം പഠനത്തിനായി ചെലവഴിച്ചു. ആ കഠിനാധ്വാനത്തിന്റെ ഫലമാണ് ഷൊയ്ബിന് ലഭിച്ച നൂറുശതമാനം മാർക്ക്. 2018ന് ശേഷം ഞാൻ ഒഡിഷയിലേക്ക് പോയിട്ടില്ല. ദിവസം 10-12 മണിക്കൂർ വരെ പഠിക്കും. സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വേണ്ടി സേവനമനുഷ്ഠിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ചെറുപ്പക്കാർക്ക് പ്രചോദനമേകാൻ ആഗ്രഹിക്കുന്നു. ഉന്നതവിജയം കരസ്ഥമാക്കിയശേഷം മാധ്യമങ്ങളെ കണ്ട ഷൊയ്ബ് പറഞ്ഞു. അമ്മയ്ക്കും ഇളയ സഹോദരിക്കും ഒപ്പമാണ് കോട്ടയിൽ ഷൊയ്ബ് താമസിച്ചിരുന്നത്. പിതാവിന് റിയൽ എസ്റ്റേറ്റ് ബിസിനസ്സാണ്. കുടുംബാംഗങ്ങളെല്ലാവരും ചേർന്ന് അജ്മീർ ദർഗയിൽ ദർശനം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. കോവിഡ് 19 പ്രതിസന്ധികൾക്കിടയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി സെപ്റ്റംബർ 13-നും ഒക്ടോബർ 14-നുമായാണ് നീറ്റ് പരീക്ഷ നടത്തിയത്. വളരെയേറെ പ്രതിസന്ധികൾക്കിടയിലാണ് ഇക്കൊല്ലത്തെ പരീക്ഷ നടത്തിയതെന്ന് വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാൽ പറഞ്ഞു. ആദ്യമായാണ് എയിംസ് ഉൾപ്പെടെ എല്ലാ മെഡിക്കൽ കോളേജുകളിലേക്കുമുള്ള പ്രവേശനത്തിന് ഒറ്റപ്പരീക്ഷ നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ വിജയകരമായി നടത്തിയതിലും കേന്ദ്രവുമായി സഹകരിച്ചതിലും എല്ലാ മുഖ്യമന്ത്രിമാർക്കും അദ്ദേഹം നന്ദി പറഞ്ഞു. സെപ്റ്റംബർ 13-ന് 13,67,032 പേരും ഒക്ടോബർ 14-ന് 290 പേരുമാണ് പരീക്ഷ എഴുതിയത്. ntaresults.nic.in എന്ന വെബ്സൈറ്റിൽ ഫലം ലഭിക്കും. Content Highlights:Odisha boy Soyeb Aftab scores 100% in NEET


from mathrubhumi.latestnews.rssfeed https://ift.tt/2Ha4xPU
via IFTTT