Breaking

Saturday, September 19, 2020

കർണാടക മന്ത്രിസഭാ വികസനം: ബി.ജെ.പി.ക്കുള്ളിൽ അമർഷം പുകയുന്നു

ബെംഗളൂരു: കർണാടകത്തിൽ മന്ത്രിസഭാ വികസനത്തിന് നീക്കം തുടങ്ങിയതോടെ ബി.ജെ.പി.യിൽ വിഭാഗീയത പുകയുന്നു. മന്ത്രിസഭാ വികസനത്തിന് അനുമതി വാങ്ങാനായി മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ ഡൽഹിയിലാണ്. കൂടുതൽ പേർ മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്. പദവി ലഭിച്ചില്ലെങ്കിൽ സർക്കാരിനെതിരേ നീങ്ങുമെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടയിൽ യെദ്യൂരപ്പയെ നേതൃത്വത്തിൽനിന്ന് മാറ്റണമെന്നാവശ്യവുമായി മറ്റൊരു വിഭാഗവും രംഗത്തുണ്ട്. യെദ്യൂരപ്പയുടെ പ്രായം ഉയർത്തിക്കാട്ടിയും മകൻ ബി.വൈ. വിജയേന്ദ്രയുടെ ഭരണത്തിലെ ഇടപെടലും ചൂണ്ടിക്കാട്ടിയാണ് യെദ്യൂരപ്പയ്ക്കെതിരേ നീക്കം നടത്തുന്നത്. മുൻ മുഖ്യമന്ത്രിയും ലിംഗായത്ത് നേതാവുമായ ജഗദീഷ് ഷെട്ടാറിനെയാണ് ഇവർ നേതൃത്വത്തിലേക്ക് ഉയർത്തിക്കാട്ടുന്നത്. എന്നാൽ ഇത്തരമൊരു നീക്കത്തിന് കേന്ദ്രനേതൃത്വം തയ്യാറാകില്ല. യെദ്യൂരപ്പയെ മാറ്റിനിർത്തിയാൽ പാർട്ടി പിളരുമെന്ന് കേന്ദ്ര നേതൃത്വത്തിന് അറിയാം. മൂന്ന് വർഷംകൂടി അധികാരത്തിൽ തുടരാൻ അനുവദിക്കണമെന്ന അഭിപ്രായമാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. മന്ത്രിസഭാ വികസനം സർക്കാരിനു മുന്നിൽ വെല്ലുവിളിയാണ്. നിലവിൽ മന്ത്രിസഭയിൽ മൂന്ന് സ്ഥാനമാണ് ഒഴിവുള്ളത്. കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യം വിട്ട് ബി.ജെ.പി.യോടൊപ്പം ചേർന്ന എം.ടി.ബി. നാഗരാജ്. എ. എച്ച്. വിശ്വനാഥ്, ആർ. ശങ്കർ എന്നിവരെ ഉൾപ്പെടുത്തണം. പാർട്ടിയിലെ മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തണമെങ്കിൽ മന്ത്രിസഭ പുനഃസംഘടിപ്പിക്കേണ്ടി വരും. ആറു പേരെ ഒഴിവാക്കാനാണ് യെദ്യൂരപ്പയുടെ തീരുമാനം. ഇത്തരമൊരു നീക്കം വിഭാഗീയതയ്ക്കിടയാക്കും. ഇതാണ് സർക്കാരിന് മുന്നിലെ പ്രതിസന്ധി. മുതിർന്ന നേതാക്കളായ ഉമേഷ് കട്ടി, മുരുകേഷ് നിറാനി, സി.പി. യോഗേശ്വർ എന്നിവർ സർക്കാരിന് മുന്നറിയിപ്പ് നൽകിയവരിൽ ഉൾപ്പെടും. മുഖ്യമന്ത്രി യെദ്യൂരപ്പയുമായുള്ള മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയുടെ കൂടിക്കാഴ്ച രാഷ്ട്രീയരംഗത്ത് പല അഭ്യൂഹങ്ങൾക്കും ഇടയാക്കിയിരുന്നു. യെദ്യൂരപ്പയ്ക്കെതിരേ പാർട്ടിക്കുള്ളിൽ നീക്കം നടക്കുന്നതിനിടയിലാണ് കുമാരസ്വാമി കൂടിക്കാഴ്ചക്കെത്തിയത്. ജെ.ഡി.എസ്. യെദ്യൂരപ്പയുമായി ധാരണയുണ്ടാക്കുമെന്ന അഭ്യൂഹം ശക്തമായെങ്കിലും കുമാരസ്വാമി തള്ളിയിരുന്നു. എന്നാൽ പാർട്ടിയിൽ വിഭാഗീയ രൂക്ഷമാകുകയും യെദ്യൂരപ്പ സർക്കാർ പ്രതിസന്ധിയിലാകുകയും ചെയ്താൽ കുമാരസ്വാമി സഹായിക്കുമെന്നാണ് പാർട്ടി നേതാക്കളിൽനിന്നുള്ള വിവരം. Content Highlights:Karnataka cabinet expansion


from mathrubhumi.latestnews.rssfeed https://ift.tt/32GMWXQ
via IFTTT