Breaking

Thursday, September 17, 2020

പ്രതിരോധത്തിന്‌ സി.പി.എം. ഒറ്റയ്ക്ക്; ആയുധം ‘ക്യാപ്‌സ്യൂൾ’

തിരുവനന്തപുരം: പ്രതിപക്ഷമുയർത്തുന്ന രാഷ്ട്രീയപ്രതിരോധത്തിനെതിരേ ഒറ്റയ്ക്കു പൊരുതേണ്ട അവസ്ഥയിലാണ് സി.പി.എം. സി.പി.ഐ. അടക്കമുള്ള ഘടകകക്ഷികളുടെ നേതാക്കളാരും കാര്യമായി ഇതിനൊപ്പമില്ല. എന്നാൽ, ഈ നിശ്ശബ്ദത സി.പി.എം. കാര്യമാക്കുന്നില്ല. ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങൾക്കും വാർത്തകൾക്കും കൃത്യമായ മറുവാദം ഉന്നയിച്ച് പ്രതിരോധം തീർക്കാനുള്ള ശ്രമത്തിലാണ് അവർ. ഇപ്പോഴുയർന്ന ആരോപണങ്ങളൊന്നിലും ഘടകകക്ഷികൾക്ക് പങ്കില്ലാത്തതിനാൽ ന്യായീകരിക്കേണ്ട ബാധ്യതയും അവർക്കില്ലെന്നാണ് നേതാക്കൾ നൽകുന്ന വിശദീകരണം. സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രിതന്നെ വിശദീകരിക്കുന്നുണ്ട്. എ.കെ.ജി. സെന്റർമുതൽ ഏരിയാ കേന്ദ്രങ്ങൾവരെ സൈബർ ലാബുകൾ സി.പി.എം. സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ആരോപണത്തിനും മറുപടി, മറുവാദ 'ക്യാപ്സ്യൂളു'കൾ പാർട്ടി അംഗങ്ങൾക്ക് എത്തിക്കും. ബ്രാഞ്ച് തലംവരെയുള്ള അംഗങ്ങൾക്ക് പ്രത്യേകമായി വാട്സാപ്പ് ഗ്രൂപ്പുകളുമുണ്ട്. അവർ പൊതുഗ്രൂപ്പുകളിലും സജീവമായി ഇടപെടണം. അതിനുള്ളതാണ് വിശദീകരണ 'ക്യാപ്സ്യൂൾ'. പ്രതിപക്ഷ ആരോപണത്തിന്റെ മുനയൊടിക്കാൻ പ്രതിപക്ഷത്തിന്റെതന്നെ വീഴ്ചകളും വാക്കുകളും ആയുധമാക്കുകയാണ്. മന്ത്രി കെ.ടി. ജലീലിനെ ഇ.ഡി. ചോദ്യംചെയ്തതിലെ പ്രതിപക്ഷവാദം പൊളിക്കാൻ കോൺഗ്രസിന്റെയും ബി.ജെ.പി.യുടെയും നേതാക്കൾ ചോദ്യംചെയ്യലിനു വിധേയമായതിന്റെ ചരിത്രം വിശദീകരിച്ച് കുറിപ്പിറക്കുന്നത് ഇതിനുവേണ്ടിയാണ്. പ്രതിപക്ഷത്തിന്റെ ആയുധം അവരെത്തന്നെ തിരിച്ചടിക്കുന്നവിധം ഉപയോഗപ്പെടുത്തുകയാണ് മറ്റൊന്ന്. യു.എ.ഇ.യിൽനിന്ന് എത്തിച്ച മതഗ്രന്ഥം വിതരണംചെയ്യാൻ ഔദ്യോഗിക സംവിധാനം വിട്ടുനൽകിയെന്ന ആരോപണത്തെ, ഖുർ ആൻ നൽകിയതാണ് ജലീൽചെയ്ത തെറ്റായി ലീഗ് കാണുന്നതെന്നു പറഞ്ഞ് തിരിച്ചടിക്കുന്നതാണ് സി.പി.എമ്മിന്റെ തന്ത്രം. മുസ്ലിം വിഭാഗത്തിന്റെ വൈകാരികതയെ ഉപയോഗപ്പെടുത്തി ലീഗിനെയും യു.ഡി.എഫിനെയും പ്രതിരോധത്തിലാക്കുകയാണ് ഇതിലൂടെ. Content Highlights:CPM to fight alone against the political allegation of the opposition


from mathrubhumi.latestnews.rssfeed https://ift.tt/32zicbk
via IFTTT