പ്രതീകാത്മക ചിത്രം കൊണ്ടോട്ടി: കരിപ്പൂരിൽ വിമാനം ഇറങ്ങിയ യുവാവിനെ കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയത് സ്വർണക്കടത്തുകാരനെന്ന് സംശയിച്ച്. സ്വർണം ലഭിക്കാഞ്ഞതോടെ മർദനങ്ങൾക്കുശേഷം യുവാവിനെ വഴിയിൽ ഉപേക്ഷിച്ചു. വ്യാഴാഴ്ച വൈകീട്ട് കരിപ്പൂരിൽ വിമാനമിറങ്ങിയ കോഴിക്കോട് തൊട്ടിൽപ്പാലത്തിനു സമീപം കുണ്ടുതോട് പറച്ചീരി വീട്ടിൽ റിയാസി(38)നെയാണ് അജ്ഞാതസംഘം കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയത്. കൊണ്ടോട്ടി- അരീക്കോട് റോഡിൽ കാളോത്ത് െവച്ചാണ് റിയാസ് സഞ്ചരിച്ച കാറിനെ മറ്റൊരു കാറിലെത്തിയവർ തടഞ്ഞത്. സംഘർഷത്തിനിടെ സ്ഥലത്തെത്തിയ മറ്റൊരുകാറിൽ റിയാസിനെ കയറ്റിക്കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ദുബായിൽ ഡ്രൈവറായിരുന്ന റിയാസിന് കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ജോലി നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ കുറച്ചുപേർ ബന്ധപ്പെട്ടു. ബിൽ ഉള്ള സ്വർണം നാട്ടിലേക്ക് കൊണ്ടുപോയാൽ 30,000 രൂപ വാഗ്ദാനംചെയ്തു. വ്യാഴാഴ്ച രാവിലെ ദുബായ് വിമാനത്താവളത്തിലെത്തിയ റിയാസിന് സ്വർണം കൈമാറി. മലദ്വാരത്തിൽ കയറ്റിക്കൊണ്ടുപോകാവുന്ന രൂപത്തിലാക്കിയ കള്ളക്കടത്ത് സ്വർണമാണ് കൈമാറിയത്. റിയാസ് ഇതിൽനിന്ന് പിൻമാറി സ്വർണം തിരികെനൽകാൻ സുഹൃത്തിനെ ഏൽപ്പിച്ചു. കരിപ്പൂരിലിറങ്ങിയ യുവാവ് സ്വർണം കൊണ്ടുവന്നിട്ട് കൈമാറാതെ കടന്നുകളയുകയാണെന്ന് കരുതിയാണ് സംഘം പിൻതുടർന്ന് തട്ടിക്കൊണ്ടുപോയത്. സ്വർണം കൈവശമില്ലെന്നറിഞ്ഞതോടെ മർദനങ്ങൾക്കുശേഷം രാത്രി ഒമ്പതരയോടെ മുക്കത്ത് പെട്രോൾപമ്പിനടുത്ത് ഉപേക്ഷിച്ചു. വെള്ളിയാഴ്ച വീട്ടിൽനിന്നാണ് കൊണ്ടോട്ടി പോലീസ് റിയാസിനെ കണ്ടെത്തിയത്. യുവാവിനെ കൊണ്ടോട്ടിയിലേക്ക് കൊണ്ടുവന്നു.
from mathrubhumi.latestnews.rssfeed https://ift.tt/32GTPsk
via
IFTTT