പാറശ്ശാല : കോവിഡ് കേസുകൾ ഏറെ റിപ്പോർട്ട് ചെയ്ത പൊഴിയൂർ തീരദേശത്ത് വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു. വ്യാഴാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ആരോപണമുന്നയിച്ചത്. തീരദേശത്തുനിന്ന് മറ്റു തീരങ്ങളിലേക്ക് മത്സ്യബന്ധനത്തിനു പോകുന്ന മത്സ്യത്തൊഴിലാളികൾക്കാണ് വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നത്. പൊഴിയൂരിലെ ഇരുന്നൂറിലധികം മത്സ്യത്തൊഴിലാളികൾക്ക് രണ്ടു മാസത്തിനിടയിൽ ഇത്തരത്തിലുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ പ്രദേശത്തെ രാഷ്ട്രീയനേതാവ് വിതരണംചെയ്തതായാണ് വിവരം. പൊഴിയൂർ പ്രാഥമികാര്യോഗ്യ കേന്ദ്രത്തിന്റെ സീൽ സഹിതം പതിച്ചവയാണ് സർട്ടിഫിക്കറ്റ്. കുളത്തൂർ ഗ്രാമപ്പഞ്ചായത്ത് പി.എച്ച്.സി. പൊഴിയൂർ എന്ന തലക്കെട്ടുള്ള പേപ്പറിലാണ് വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നത്. ആന്റിജൻ ടെസ്റ്റിനു ഹാജരായെന്നും ടെസ്റ്റ് റിസൾട്ട് നെഗറ്റീവാണെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പൊഴിയൂർ പ്രാഥമികാര്യോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായ ഡോ. സാബുവിന്റെ ഒപ്പിന് സമാനമായ ഒപ്പാണ് സർട്ടിഫിക്കറ്റിലുള്ളത്. ഒപ്പ് വ്യാജമെന്ന് ഡോക്ടർ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള ഒപ്പ് തന്റേതല്ലെന്ന് ഡോക്ടർ 'മാതൃഭൂമി'യോടു പറഞ്ഞു. കൂടാതെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള തീയതിയിൽ ഈ വ്യക്തിക്കു പരിശോധന നടത്തിയിട്ടില്ലെന്നും രേഖകൾ പരിശോധിച്ച ശേഷം ആരോഗ്യപ്രവർത്തകർ അറിയിച്ചു. പ്രാഥമികാര്യോഗ്യകേന്ദ്രത്തിന്റെ സീലും വ്യാജമാണ്. ആശുപത്രിയിലുള്ളത് പഴക്കംചെന്ന സീലാണെന്നും ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളത് വ്യക്തതയുള്ള പുതിയ സീലാണെന്നും ആശുപത്രിയധികൃതർ പറഞ്ഞു. കൊച്ചി, നീണ്ടകര, ബേപ്പൂർ തുടങ്ങിയ തീരദേശങ്ങളിലേക്ക് മത്സ്യബന്ധനത്തിനായി പോകുന്ന മത്സ്യത്തൊഴിലാളികൾക്കാണ് ഈ വ്യാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്. രണ്ടായിരം മുതൽ മൂവായിരം രൂപ വരെ വാങ്ങിയാണ് സർട്ടിഫിക്കറ്റ് നൽകുന്നതെന്നാണ് ആരോപണം. Content Highlights:Forgery of the Covid 19 Negative certificate
from mathrubhumi.latestnews.rssfeed https://ift.tt/3kvvHia
via
IFTTT