Breaking

Saturday, September 19, 2020

കേടായ ധാന്യം വൃത്തിയാക്കാൻ അനുമതി; കിലോയ്ക്ക് 6.25 രൂപ ചെലവ്

കോട്ടയം: ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന കേടായ ധാന്യത്തിൽ പുനരുപയോഗിക്കാമെന്ന് വിദഗ്ദ്ധസമിതി കണ്ടെത്തിയ 1564.38 മെട്രിക് ടൺ വൃത്തിയാക്കാൻ സർക്കാർ അനുമതി. പക്ഷേ, ഇവ ഒന്നിച്ച് വൃത്തിയാക്കി വിതരണത്തിന് നൽകില്ല. നെടുമങ്ങാട് സൂക്ഷിച്ചിട്ടുള്ള 40 ലോഡ് ആദ്യം വൃത്തിയാക്കി ഭക്ഷ്യയോഗ്യമാണോയെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധിക്കും. അവരുടെ ശുപാർശപ്രകാരമാണ് വിതരണം വേണോയെന്ന് തീരുമാനിക്കുക. കേടായ അരി വൃത്തിയാക്കാൻ തിരഞ്ഞെടുത്ത മില്ലുകാരെയാണ് ഏൽപ്പിക്കുക. കിലോഗ്രാമിന് 6.25 രൂപയാണ് വൃത്തിയാക്കൽ കൂലി. ഇത്രയും ചെലവ് ചെയ്ത് എടുത്ത ഭക്ഷ്യധാന്യം കൂടുതൽ പണം ഇൗടാക്കി ഉപഭോക്താക്കൾക്ക് നൽകാനാകുമോ എന്നതും പരിശോധിക്കണം. മൊത്തം 2703.76 മെട്രിക് ടൺ ധാന്യമാണ് കേടായത്. ഇതിൽ 1564.38 മെട്രിക് ടൺ വൃത്തിയാക്കി ഉപയോഗിക്കാൻ പറ്റുന്നതാണെന്ന് കണ്ടെത്തി. 116.66 മെട്രിക് ടൺ പൂർണമായി നശിപ്പിക്കും. 721.48 മെട്രിക് ടൺ കാലിത്തീറ്റയാക്കും. ഗോഡൗണുകളിലെ മോശം സ്ഥിതിയാണ് അരിയും ഗോതമ്പും കേടാകാൻ കാരണമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ആദ്യം കൊണ്ടുവന്ന ധാന്യം ആദ്യം എടുക്കുക എന്ന രീതിയില്ലാത്തതും പ്രശ്നമാണ്. ഗോഡൗൺ സ്ഥിതി 27 ശതമാനം ഒഴിഞ്ഞ ഇടമുള്ള ഗോഡൗണുകൾ ഇല്ലാത്തതാണ് പൊതുവിതരണവകുപ്പ് നേരിടുന്ന പ്രതിസന്ധി. വെയർഹൗസിങ് കോർപ്പറേഷനാണ് ധാന്യം സൂക്ഷിക്കാൻ ഗോഡൗൺ നൽകുന്നത്. മുമ്പേ പറയുന്ന പ്രശ്നം പരിഹരിക്കാൻ പുതിയ ഗോഡൗൺ നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. വലിയതുറ (3.9 കോടി), കൊല്ലം (6.43 കോടി), തിരുവല്ല-രണ്ടെണ്ണം (6.43 കോടി) എന്നിങ്ങനെ ചെലവിട്ട് ഗോഡൗൺ നിർമ്മാണത്തിന് അനുമതിയായിട്ടുണ്ട്. വലിയതുറ ഗോഡൗൺ പണി പൂർത്തിയായി. തിരുവല്ലയിലേതും കൊല്ലത്തേതും പണി നടക്കുന്നു. സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര, ആലപ്പുഴ, മൂന്നാർ, പീരുമേട്, മാനന്തവാടി, കൊച്ചി എന്നിവിടങ്ങളിലെ ഗോഡൗണുകൾ അറ്റകുറ്റപ്പണി നടത്തിയാണ് ഉപയോഗിക്കുന്നത്. ഇവ പൂർണ സുരക്ഷിതമെന്ന് പറയാനാവില്ല. സ്ഥലപരിമിതിയാണ് പ്രശ്നം.


from mathrubhumi.latestnews.rssfeed https://ift.tt/35NYhrd
via IFTTT