Breaking

Wednesday, April 1, 2020

സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവർക്ക് സാലറി കട്ട് ആലോചനയിൽ

തിരുവനന്തപുരം: കൊറോണ രോഗപ്രരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത ജീവനക്കാരുടെ ശമ്പളം മറ്റു സംസ്ഥാന സർക്കാരുകളുടെ മാതൃകയിൽ വെട്ടിക്കുറയ്ക്കുന്നതും ആലോചനയിൽ. എല്ലാ ജീവനക്കാരുടെയും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിൽ എത്തുമെന്ന് ഉറപ്പുവരുത്താനാണിത്. കേരളത്തിൽ ഒരുമാസത്തെ ശമ്പളം നൽകാൻ തയ്യാറുള്ളവർക്ക് അത് മൂന്നോ നാലോ ഗഡുക്കളായി നൽകാൻ സാവകാശം അനുവദിക്കും. അതിന് തയ്യാറാകാത്തവരുടെ ഏപ്രിൽ, മേയ് മാസത്തെ ശമ്പളം 50 ശതമാനംവീതം വെട്ടിക്കുറയ്ക്കുന്നത് ആലോചിക്കുമെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. എല്ലാവരും മൊത്തം ശമ്പളം നൽകിയാൽ 3000 കോടിയിലധികം രൂപ സർക്കാരിന് കിട്ടും. പൊതുമേഖലയിലും സർക്കാരിന്റെ സഹായധനത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും സാലറി ചലഞ്ച് ബാധകമാണ്. ജീവനക്കാർ ഒരുമാസത്തെ ശമ്പളം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം അഭ്യർഥിച്ചിരുന്നു. എന്നാൽ ശമ്പളം സ്വീകരിക്കുന്നതിന് ഉത്തരവിറങ്ങിയില്ല. 2018-ലെ പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് കോടതിയിൽ ചോദ്യംചെയ്യപ്പെട്ടതിനാൽ ഇത്തവണ നിയമവശങ്ങൾകൂടി സൂക്ഷ്മമായി പരിശോധിച്ചശേഷമേ ഉത്തരവിറക്കൂ. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം ചർച്ചചെയ്യും. കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ ജീവനക്കാരുടെ സംഘടനകൾ സാലറി ചലഞ്ച് തത്ത്വത്തിൽ അംഗീകരിച്ചതിനാൽ ഭൂരിഭാഗം ജീവനക്കാരും സ്വമേധയാ പങ്കെടുക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ താഴെത്തട്ടിലെ ജീവനക്കാരെയു രോഗപ്രതിരോധ രംഗത്ത് ത്യാഗസന്നദ്ധതയോടെ പ്രവർത്തുക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാരെയും പോലീസിനെയുമൊക്കെ സാലറി ചലഞ്ചിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഈ ആവശ്യവും സർക്കാർ ചർച്ചചെയ്യും. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾ ചെയ്തപോലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് ഉത്തരവിടാൻ നിയമപരമായ തടസ്സമില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. 2018-ലെ സാലറി ചലഞ്ച് കിട്ടിയത് 1500 കോടി നോ പറഞ്ഞത് 40 ശതമാനം പങ്കെടുത്തത് നോൺ ഗസറ്റഡ് 79.55% ഗസറ്റഡ് 79.08% സെക്രട്ടേറിയറ്റ് 85.64% മുനിസിപ്പൽ 79.11% പി.എസ്.സി. 61.97% സർവകലാശാല 65.40% ഗവ. കോളേജ് അധ്യാപകർ 43.41% എയ്ഡഡ് കോളേജ് അധ്യാപകർ 17.83%


from mathrubhumi.latestnews.rssfeed https://ift.tt/3dJVaSF
via IFTTT