Breaking

Tuesday, March 12, 2019

ബി.ജെ.പി.യുടെ കേരളത്തിലെ സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയായി

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ കേരളത്തിലെ സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയായി. നേരത്തേ ഒരു മണ്ഡലത്തിൽ മൂന്നുപേർ വീതമുണ്ടായിരുന്ന പട്ടികയിൽ കേന്ദ്ര നിരീക്ഷകർ തിരുത്തൽ വരുത്തി. ഇതോടെ ഒാരോ മണ്ഡലത്തിലും രണ്ടുപേർ വീതമുള്ള പട്ടികയായിമാറി. ഇത് കേന്ദ്രപാർലമെന്ററി ബോർഡിന് സമർപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ കണ്ടെത്താൻ ബി.ജെ.പി. നടത്തിയ അഭിപ്രായ രൂപവത്കരണത്തിൽ കെ. സുരേന്ദ്രനും കുമ്മനം രാജശേഖരനുമാണ് മുന്നിലുണ്ടായിരുന്നത്. സംസ്ഥാനത്തെ മൂന്ന് മേഖലകളിൽനിന്ന് ലഭിച്ച വിവരങ്ങൾ നേതാക്കൾ കോട്ടയത്ത് നടന്ന കോർ കമ്മിറ്റിയിൽ അവതരിപ്പിച്ചു. മിക്കമണ്ഡലങ്ങളിലും പ്രവർത്തകർ ആഗ്രഹിക്കുന്നത് കെ. സുരേന്ദ്രനെയാണ്. കേരളത്തിലേക്ക് കുമ്മനം മടങ്ങിവന്ന് മത്സരിക്കണമെന്ന അഭിപ്രായത്തിനും മുൻഗണന ലഭിച്ചു. ബി.ഡി.ജെ.എസ്. നേതാവ് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനമാകാത്തത് അന്തിമപട്ടികയെ ബാധിക്കും. കേന്ദ്രനേതൃത്വം നിർദേശിച്ച പേരുകൾ അടങ്ങിയതാണ് സാധ്യതാ പട്ടിക. കൊല്ലത്ത് സി.വി. ആനന്ദബോസ്, ആലപ്പുഴയിൽ ബി.ജെ.പി. ഡോക്ടേഴ്സ് സെല്ലിന്റെ നേതാവ് ഡോ. ബിജു, ചാലക്കുടിയിൽ യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആൻറണി ജോസഫ് എന്നിവരുടെ പേരാണ് കേന്ദ്രം നിർദേശിച്ചത്. തുഷാർ മത്സരിക്കുമെങ്കിൽ തൃശ്ശൂർ ബി.ജെ.പി. വിട്ടുനൽകും. തിരുവനന്തപുരം, തൃശ്ശൂർ, പത്തനംതിട്ട, പാലക്കാട് എന്നിവയാണ് പാർട്ടി എ ക്ലാസ് മണ്ഡലമായി കാണുന്നത്. തിരുവനന്തപുരത്ത് കുമ്മനവും പത്തനംതിട്ടയിൽ കെ. സുരേന്ദ്രനും മത്സരിക്കണമെന്നായിരുന്നു പൊതുവികാരം. തുഷാർ മത്സരിക്കുന്നില്ലെങ്കിൽ സുരേന്ദ്രൻ തൃശ്ശൂരിലേക്ക് മാറി പത്തനംതിട്ടയിൽ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള വരും. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിൽ സുരേന്ദ്രൻ വരണമെന്നാണ് അഭിപ്രായ രൂപവത്കരണത്തിലെ വികാരം. ശബരിമല സമരത്തിനുശേഷം സാമുദായിക സംഘടനകളുടെ പിന്തുണയും സുരേന്ദ്രന് ലഭിച്ചു. പാലക്കാട്ട് ശോഭാസുരേന്ദ്രൻ, സി. കൃഷ്ണകുമാർ, ആലപ്പുഴയിൽ എ.എൻ. രാധാകൃഷ്ണൻ, കോഴിക്കോട്ട് എം.ടി. രമേശ്, കാസർകോട്ട് ശ്രീകാന്ത്, മാവേലിക്കരയിൽ അഡ്വ. പി. സുധീർ തുടങ്ങിയവരുടെ പേരുകൾക്കാണ് പരിഗണന. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തന നിരീക്ഷകരായ നിർമൽ കുമാർ സുരാന, വൈ. സത്യ കുമാർ എന്നിവർ കോർ കമ്മിറ്റിയുടെ അഭിപ്രായങ്ങൾ കേട്ടു. തുഷാർ-അമിത് ഷാ ചർച്ച നിർണായകം ബി.ഡി.ജെ.എസ്. നേതാവ് തുഷാർ വെള്ളാപ്പള്ളി ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും. തുഷാർ ഇപ്പോൾ ഡൽഹിയിലാണുള്ളത്. തുഷാർ തൃശ്ശൂരിൽ മത്സരിക്കണമെന്നാണ് ബി.ജെ.പി. കേന്ദ്രനേതൃത്വം അഭ്യർഥിച്ചത്. അദ്ദേഹം മത്സരിച്ചാൽ എൻ.ഡി.എ. മുന്നണിക്ക് ബലം കൂടുമെന്ന് നേതാക്കൾ സൂചിപ്പിച്ചു. അമിത് ഷായുടെ നിർദേശപ്രകാരമായിരിക്കും തുഷാറിന്റെ തീരുമാനം. Content Highlights:bjp kerala prepared candidate chance list


from mathrubhumi.latestnews.rssfeed https://ift.tt/2UxUEwS
via IFTTT