Breaking

Wednesday, March 20, 2019

എം.എൽ.എ.മാരുടെ ‘കൂട്ടപ്പോര്’ ചരിത്രത്തിലാദ്യം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് മത്സരിക്കുന്നത് ഒമ്പത് എം.എൽ.എ.മാർ. പി.സി. ജോർജും ഇറങ്ങിയാൽ ഇത് പത്താവും. നിയമസഭാംഗങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് അപൂർവമല്ല. എന്നാൽ, ഇത്രയുംപേർ ഒരുമിച്ചിറങ്ങുന്നത് ചരിത്രസംഭവമാണ്. ജയിക്കുന്നവരുടെ മണ്ഡലങ്ങളിൽ ആറുമാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടക്കും. അങ്ങനെയായാൽ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും കേരളം തിരഞ്ഞെടുപ്പ് ചൂടിൽത്തന്നെയാവും. മത്സരിക്കുന്ന എം.എൽ.എ.മാർ സി.പി.എമ്മിൽനിന്ന് നാലുപേർ. കോഴിക്കോട് നോർത്ത് എം.എൽ.എ. എ. പ്രദീപ് കുമാർ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലും അരൂർ എം.എൽ.എ. എ.എം. ആരിഫ് ആലപ്പുഴയിലും ആറൻമുള എം.എൽ.എ. വീണാ ജോർജ് പത്തനംതിട്ടയിലും. പൊന്നാനിയിലെ സ്ഥാനാർഥി ഇടതുസ്വതന്ത്രനായ നിലമ്പൂർ എം.എൽ.എ. പി.വി. അൻവറാണ്. കോൺഗ്രസിൽനിന്ന് വട്ടിയൂർക്കാവ് എം.എൽ.എ. കെ. മുരളീധരൻ വടകരയിലും കോന്നി എം.എൽ.എ. അടൂർ പ്രകാശ് ആറ്റിങ്ങലും എറണാകുളം എം.എൽ.എ. ഹൈബി ഈഡൻ എറണാകുളത്തും മത്സരിക്കുന്നു. സി.പി.ഐ.യിൽനിന്ന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന സി. ദിവാകരൻ നെടുമങ്ങാട് എം.എൽ.എ.യാണ്. അടൂർ എം.എൽ.എ. ചിറ്റയം ഗോപകുമാർ മാവേലിക്കരയിൽ മത്സരിക്കുന്നു. ജയിച്ചാലും തോറ്റാലും സുരക്ഷിതം ലോക്സഭയിലേക്ക് മത്സരിക്കുന്ന എം.എൽ.എ.മാർക്ക് തോറ്റാൽ എം.എൽ.എ. ആയി തുടരാം. ജയിച്ചാൽ ലോക്സഭയിലേക്ക് പോകാം. രണ്ടായാലും പാർട്ടികൾക്കും സ്ഥാനാർഥികൾക്കും നഷ്ടമില്ല. ഇതാണ് ഭാഗ്യപരീക്ഷണത്തിനുള്ള പ്രലോഭനം. എന്നാൽ, ഉപതിരഞ്ഞെടുപ്പിനുവേണ്ട കോടികളും അധ്വാനവും പാഴ്ച്ചെലവാകും. ഒരേസമയം ഒന്നിലധികം സഭകളിലെ അംഗത്വം തടയാൻ ജനപ്രാതിനിധ്യനിയമത്തിൽ പ്രത്യേക ചട്ടമുണ്ട്. നിയമസഭാംഗങ്ങൾ ലോക്സഭിലേക്കോ രാജ്യസഭയിലേക്കോ തിരഞ്ഞെടുക്കപ്പെട്ടാൽ പതിന്നാല് ദിവസത്തിനകം ഏതെങ്കിലും ഒരു പദവി രാജിവയ്ക്കണം. അല്ലെങ്കിൽ ഇരു പദവികളും നഷ്ടപ്പെടും. ഒരാൾ രണ്ടോ അതിലധികം സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിൽനിന്ന് ഒരുമിച്ച് തിരഞ്ഞെടുക്കപ്പെട്ടാൽ പത്തുദിവസത്തിനകം ഒന്നൊഴികെ മറ്റെല്ലാം രാജിവയ്ക്കണം. അന്ന് അച്ഛൻ, ഇന്ന് മകൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ എം.എൽ.എ.മാരെ മത്സരിപ്പിക്കുന്നത് പാർട്ടികളുടെ അറ്റകൈ പ്രയോഗമാണ്. 1962-ൽ എം.എൽ.എ.യായിരിക്കെ ലോക്സഭയിലെത്തിയ സി.എച്ച്. മുഹമ്മദ് കോയയിൽനിന്നാണ് ഇത്തരം മത്സരത്തിന്റെ ചരിത്രം തുടങ്ങുന്നത്. 2009-ൽ യു.ഡി.എഫ്. മൂന്ന് എം.എൽ.എ.മാരെ മത്സരിപ്പിച്ചപ്പോൾ ഖജനാവിനുള്ള നഷ്ടവും അധാർമികതയും എൽ.ഡി.എഫ്. ഉന്നയിച്ചിരുന്നു. അതേ എൽ.ഡി.എഫ്. ഇത്തവണ ആറ് എം.എൽ.എ.മാരെ മത്സരിപ്പിക്കാൻ നിർബന്ധിതരായി. ഇപ്പോൾ എറണാകുളത്തുനിന്ന് മത്സരിക്കുന്ന ഹൈബി ഈഡന്റെ പിതാവ് ജോർജ് ഈഡനും എം.എൽ.എ. ആയിരിക്കെ ഇതേ മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്, 1998-ൽ. ആ തിരഞ്ഞെടുപ്പിൽ ജോർജ് ഈഡൻ ജയിച്ചു. 2014-ൽ കുണ്ടറ എം.എൽ.എ. എം.എ. ബേബി കൊല്ലത്തുനിന്ന് മത്സരിച്ച് തോറ്റു. എൽ.ഡി.എഫ്. എം.എൽ.എ.മാരായിരിക്കെ 2014-ൽ കോട്ടയത്ത് മത്സരിച്ച മാത്യു ടി. തോമസും 1998-ൽ കണ്ണൂരിൽ മത്സരിച്ച എ.സി. ഷൺമുഖദാസും തോറ്റു. ഷൺമുഖദാസ് അന്ന് ആരോഗ്യമന്ത്രിയായിരുന്നു. യു.ഡി.എഫ്. സ്ഥാനാർഥികളായ സിറ്റിങ് എം.എൽ.എ.മാർ ജയിച്ച ചരിത്രമാണുള്ളത്. വക്കം പുരുഷോത്തമനും രമേശ് ചെന്നിത്തലയും ഇക്കൂട്ടത്തിലുണ്ട്. 2009-ൽ കോൺഗ്രസ് മൂന്ന് സിറ്റിങ് എം.എൽ.എ.മാരെ മത്സരിപ്പിച്ചു. എറണാകുളത്ത് കെ.വി. തോമസും ആലപ്പുഴയിൽ കെ.സി. വേണുഗോപാലും കണ്ണൂരിൽ കെ. സുധാകരനും. മൂവരും ജയിച്ചു. ഇവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനായിരുന്നു ജയം. നിലവിലെ നിയമസഭയിൽ എം.എൽ.എ.യായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ജയിച്ചു. ഇന്ന് പറയാം -പി.സി. ജോർജ് പത്തനംതിട്ടയിൽ മത്സരിക്കാൻ തയ്യാറാണെന്ന് പറഞ്ഞിരുന്നെങ്കിലും പി.സി. ജോർജ് ഇനിയും തീരുമാനിച്ചിട്ടില്ല. അന്തിമതീരുമാനം ബുധനാഴ്ചയെന്ന് ജോർജ് പറഞ്ഞു. നിമസഭയിലെ കക്ഷിനിലയും മത്സരിക്കുന്ന എം.എൽ.എ.മാരും സി.പി.എം.-സ്വതന്ത്രർ ഉൾപ്പെടെ 62; മത്സരിക്കുന്നത് നാല് കോൺഗ്രസ്- 22; മത്സരിക്കുന്നത് മൂന്ന് സി.പി.ഐ.-19; മത്സരിക്കുന്നത് രണ്ട് Content highlights:High amount of MLAs in LS Election, first in Kerala history


from mathrubhumi.latestnews.rssfeed https://ift.tt/2WhD7K9
via IFTTT