Breaking

Monday, March 11, 2019

പ്രളയവും ശബരിമലയും : റിസ്‌കെടുക്കാതെ സിപിഎം

യുദ്ധത്തിലും പ്രണയത്തിലും മാത്രമല്ല തിരഞ്ഞെടുപ്പിലും എല്ലാം ശരിയാണെന്നാണ് പിണറായി വിജയനും ഇടതുമുന്നണിയും പറയുന്നത്. ആറ് എം എൽ എ മാരെയാണ് ഇടതു മുന്നണി കളത്തിലിറക്കിയിരിക്കുന്നത്. എം എൽ എമാർ ലോക്സഭയിലേക്ക് മത്സരിക്കുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. ദേശീയ പാർട്ടികളുടെ ചരിത്രം പരിശോധിച്ചാൽ ഇതിനപവാദമായി ആരുമുണ്ടായെന്നു വരില്ല. എം എൽ എയായിരുന്നപ്പോഴാണ് നരേന്ദ്ര മോദി ലോക്സഭയിലേക്ക് മത്സരിച്ചത്. അതിന് പക്ഷേ, കൃത്യമായൊരു ന്യായമുണ്ടായിരുന്നു. മോദിയായിരുന്നു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി. കോൺഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ അംഗമായിട്ടുള്ള ഭൂതകാലം സിപിഐക്കുണ്ട്. ദിവാകരനെയും ചിറ്റയം ഗോപകുമാറിനെയും ഇറക്കിയതിന് സിപിഐക്ക് അങ്ങിനെ ഒരു തൊടുന്യായമെങ്കിലും പറയാമെന്നർത്ഥം. സിപിഎമ്മിന് അതും പറ്റില്ല. ചരിത്രപരമായ മണ്ടത്തരങ്ങൾ ആവർത്തിക്കാനും പിന്നീട് അതേറ്റുപറയാനും ഇഷ്ടപ്പെടുന്ന ഒരു പാർട്ടിയെയാണ് സഖാവ് യെച്ചൂരി നയിക്കുന്നത്. പി ബി അൻവറടക്കമുള്ള എം എൽ എമാരെ നിർത്തുമ്പോൾ സിപിഎം മുന്നോട്ടുവെയ്ക്കുന്ന സന്ദേശം പകൽപോലെ വ്യക്തമാണ്. ഈ തിരഞ്ഞെടുപ്പിൽ പാർട്ടിയുെട ലക്ഷ്യം വിജയം മാത്രമാവുന്നു. പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം അനുശാസിക്കുന്ന ബില്ലിനു വേണ്ടി ഘോരഘോരം വാദിക്കുന്നവരാണ് സിപിഎം നേതാക്കൾ. അങ്ങിനെ വരുമ്പോൾ കേരളത്തിലെ 20 സീറ്റുകളിൽ ആറിടങ്ങളിൽ സിപിഎം വനിതകളെ നിർത്തേണ്ടതാണ്. സംശുദ്ധ രാഷ്ട്രീയമാണ് സിപിഎമ്മിന്റെ മറ്റൊരു മുദ്രാവാക്യം. പക്ഷേ, കേരളത്തിലെ സവിശേഷ പശ്ചാത്തലത്തിൽ അനുരഞ്ജനങ്ങൾ അതിരിടുന്ന പ്രായോഗിക പാതയിലൂടെ നടക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. കാരണം ഈ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കേരളത്തിൽ റിസ്കെടുക്കാൻ വയ്യ. കേരളം ( അഞ്ച് ) , ബംഗാൾ ( രണ്ട് ) , ത്രിപുര ( രണ്ട് ) എന്നിവിടങ്ങളിൽ നിന്നായി നിലവിൽ സി പിഎമ്മിന് ലോക്സഭയിൽ ഒമ്പതംഗങ്ങളാണുള്ളത് ( ഇന്നസന്റും ജോയ്സ് ജോർജും സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് മത്സരിച്ച് ജയിച്ചത്. ) സിപിഐക്കാണെങ്കിൽ ലോക്സഭയിലുളള ഏക പ്രതിനിധി തൃശ്ശൂരിൽ നിന്നാണ്. ബംഗാളിൽ നിന്നും ത്രിപുരയിൽ നിന്നും ഇക്കുറി ആരെയെങ്കിലും ലോക്സഭയിലെത്തിക്കാനാവുമോയെന്ന് സിപിഎമ്മിന് ഒരുറപ്പുമില്ല. അപ്പോൾ പിന്നെ കേരളം എന്ന ഒരേയൊരു തുരുത്താണ് ഇപ്പോൾ സിപിഎമ്മിന്റെ പ്രതീക്ഷയും അഭയവും. ഈ പ്രതീക്ഷയുടെ അമിത ഭാരം പേറിയാണ് കേരളത്തിൽ പിണറായി വിജയൻ നിൽക്കുന്നത്. 2004 ലെ പ്രഥമ യുപിഎ മന്ത്രിസഭയിൽ ഇടതുമുന്നണിക്കുണ്ടായിരുന്ന സ്വാധീനം നിർണ്ണായകമായിരുന്നു. 59 സീറ്റുകളാണ് അന്ന് ലോക്സഭയിൽ ഇടതിനുണ്ടായിരുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു പൊതു മിനിമം പരിപാടി ആവിഷ്കരിച്ച് നടപ്പാക്കാൻ അന്ന് കേന്ദ്ര സർക്കാർ തയ്യാറായത് ഇടതുപക്ഷത്തിന്റെ സുവ്യക്തമായ നിലപാടുകൊണ്ടായിരുന്നു. ജനപക്ഷത്തു നിന്നുകൊണ്ട് കൃത്യമായ ഇടപെടലാണ് അന്ന് സിപിഎമ്മും ഇതര ഇടതു പാർട്ടികളും നടത്തിയത്. ഇന്ത്യയിലെ ഇടതു പാർട്ടികളുടെ ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നു ആ കാലമെന്നു പറയാൻ രണ്ടുവട്ടം ആലോചിക്കേണ്ട കാര്യമില്ല. 2019 ലെ തിരഞ്ഞെടുപ്പിനു ശേഷം ഒരു ബിജെപി ഇതര സർക്കാരായിരിക്കും കേന്ദ്രത്തിൽ അധികാരത്തിൽ വരികയെന്ന നിരീക്ഷണം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഈ സർക്കാരിൽ പക്ഷേ, ഇടതുമുന്നണിക്കൊരു റോളുണ്ടാവണമെങ്കിൽ സിപിഎമ്മിന് കേരളം പിടിച്ചേ തീരൂ. പ്രളയവും ശബരിമല പ്രശ്നവും തീർത്ത വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് കേരളത്തിൽ സിപിഎം തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നത് കാണാതിരിക്കാനാവില്ല. പ്രളയത്തിന്റെ മുറിപ്പാടുകൾ ഇനിയും ഉണങ്ങിയിട്ടില്ല. സ്വാഭാവികമായും തിരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനമുണ്ടാവും. പക്ഷേ, പ്രളയം തകർത്ത കേരളമല്ല സിപിഎം പേടിക്കുന്നത്. പ്രളയത്തിൽ നടുവൊടിഞ്ഞ കേരളത്തെ നേരെയാക്കുന്നതിൽ തങ്ങൾക്കാവുന്നതൊക്കെ ചെയ്യുന്നുണ്ടെന്ന ആത്മവിശ്വാസം പിണറായി വിജയന്റെ സർക്കാരിനുണ്ട്. പിണറായിയും സിപിഎമ്മും പേടിക്കുന്നത് ശബരിമല പ്രശ്നത്തിന്റെ ആഘാതമാണ്. പുൽവാമയോ ബാലാക്കോടോ അല്ല ശബരിമല തന്നെയാവും ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിർണ്ണായകമാവുമെന്ന് സിപിഎമ്മിന് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല.ശബരിമല വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെത്തുടർന്ന് കേരളത്തിൽ ഉടലെടുത്തിട്ടുള്ള ധ്രുവീകരണമാണ് സിപിഎം ഈ തിരഞ്ഞെടുപ്പിൽ നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളി. ശബരിമല പ്രശ്നത്തിൽ പിണറായി വിജയൻ സർക്കാരിന്റേത് ഉറച്ച നിലപാടായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയം അടയാളപ്പെടുത്തിയ നിലപാട്. പിണറായിയെ ഇന്നിപ്പോൾ കേരളത്തിലെ ഇടതു പക്ഷത്തിന്റെ അനിഷേദ്ധ്യ നേതാവാക്കിയതിൽ ഈ നിലപാടിനുള്ള പങ്ക് ആർക്കും ചോദ്യം ചെയ്യാനാവില്ല. പക്ഷേ, അയ്യപ്പ ഭക്തരുടെ വലിയൊരു സമൂഹം ഈ നിലപാടംഗീകരിച്ചിട്ടില്ല. ഇവരുടെ വോട്ടുകൾ ബിജെപിയാണോ കോൺഗ്രസ്സാണോ പിടിക്കുകയെന്നതാണ് സിപിഎം ഉറ്റുനോക്കുന്നത്. ഈ വോട്ടുകൾ കോൺഗ്രസ് പക്ഷത്തേക്ക് മറിഞ്ഞാൽ ഈ തിരഞ്ഞെടുപ്പിൽ സിപിഎം നൽകുന്ന വില കനത്തതായിരിക്കും. പി.രാജീവ് ആക്കെകൂടി ഈ തിരഞ്ഞെടുപ്പിൽ സിപിഎം ചെറിയൊരു റിസ്കെടുത്തിട്ടുണ്ടെങ്കിൽ അത് എറണാകുളത്തും ചാലക്കുടിയിലുമാണ്. എറണാകുളത്ത് ഒരു ലത്തീൻ കത്തോലിക്കനെ നിർത്താതെ പി രാജീവിനെ ഇറക്കിയതിനു പിന്നിൽ പാർട്ടിക്ക് പക്ഷേ, വ്യക്തമായ കണക്കുകൂട്ടലുകൾ ഉണ്ടായിരിക്കാം. പ്രളയവും ശബരിമലയും ഒരു പോലെ നിർണ്ണായകമാവുന്ന മണ്ഡലങ്ങളിലൊന്നാണ് എറണാകുളം. സമുദായ താൽപര്യങ്ങൾ തള്ളിക്കളയുന്ന പാർട്ടിയല്ല സിപിഎം. എന്നിട്ടും അത്തരമൊരു സമവാക്യം എറണാകുളത്ത് വേണ്ടന്നുവെയ്ക്കുകയാണ് സിപിഎം. കോൺഗ്രസ്സിന്റെ ഈ കോട്ടയിൽ ഒരു പരീക്ഷണം നടത്തുന്നതുകൊണ്ട് നഷ്ടപ്പെടാൻ വലുതായൊന്നുമില്ല എന്ന ചിന്തയായിരിക്കാം ചിലപ്പോൾ പാർട്ടിയെ നയിക്കുന്നത്. ചാലക്കുടിയിൽ ഇന്നസന്റ് വീണ്ടും മത്സരിക്കുന്നത് തീർച്ചയായും പാർട്ടി അണികൾ തന്നെ പ്രതീക്ഷിച്ചിരുന്നില്ല. ചാലക്കുടി നിലനിർത്താൻ ഇന്നസന്റിനേ കഴിയൂ എന്ന തീരുമാനത്തിലേക്ക് സിപിഎം എങ്ങിനെയാണെത്തിയതെന്നത് തത്ക്കാലത്തേക്കെങ്കിലും ഒരു സമസ്യയാണ്. ഇന്നസെന്റ് ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നണിക്ക് ഒരു നേതാവേയുള്ളൂ . പിണറായി വിജയൻ എന്ന ആ നേതാവിന് അതുകൊണ്ടുതന്നെ ഉത്തരവാദിത്തം വളരെ വലുതാണ്. നിലവിലുള്ള എട്ടു സീറ്റുകൾ നിലനിർത്താനായാൽ തന്നെ അത് പിണറായിയുടെ വിജയമായിട്ടായിരിക്കും എണ്ണപ്പെടുക. കൂടുതൽ കിട്ടുന്ന ഓരോ സീറ്റും പിണറായിയുടെ നേതൃത്വത്തിന് കൂടുതൽ ബലം പകരും. മെയ് 23 ന് വരാനിരിക്കുന്ന ഫലപ്രഖ്യാപനം കേരളത്തിൽ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന നേതാവും പിണറായി തന്നെയായിരിക്കും. content highlights:loksabha election 2019,cpim, p.rajeev. pinarayi vijayan, innocent, upa, modi


from mathrubhumi.latestnews.rssfeed https://ift.tt/2HdrDnw
via IFTTT