Breaking

Wednesday, March 13, 2019

മനസ്സിൽത്തൊട്ട പ്രസംഗവുമായി പ്രിയങ്ക

അഹമ്മദാബാദ്: “ഇതൊരു പ്രസംഗമല്ല, ഞാൻ ഹൃദയത്തിൽനിന്ന് നേരിട്ട് പറയുകയാണ്...” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാട്ടിൽ തന്റെ ആദ്യ പ്രസംഗത്തിന് കാതോർത്തിരുന്ന ആയിരങ്ങളോടും മാധ്യമപ്രവർത്തകരോടും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജ്യത്തെ ഇപ്പോഴുള്ള അന്തരീക്ഷം തീവ്രവേദനയുളവാക്കുന്നു. വെറുപ്പ് എല്ലായിടത്തും പടരുകയാണ്. അത് തുടച്ചുമാറ്റി സ്നേഹവും സമാധാനവും കൊണ്ടുവരാൻ ജനങ്ങൾക്കു മാത്രമേ കഴിയൂ. ആരെയും മുറിവേൽപ്പിക്കാത്ത ഒരു ആയുധം നിങ്ങൾക്കുണ്ട്. അത് വോട്ടാണ്... പ്രിയങ്ക പറഞ്ഞു. അഹമ്മദാബാദിനടുത്തുള്ള അഡാലജിലെ സമ്മേളനവേദിയിൽ പ്രസംഗിക്കാനെഴുന്നേറ്റപ്പോൾ 'ഇന്ദിരാഗാന്ധി സിന്ദാബാദ്...' വിളികളാണ് മുഴങ്ങിയത്. രാഹുൽഗാന്ധിയെപ്പോലെ കത്തിക്കയറാനൊന്നും സഹോദരി മുതിർന്നില്ല. പക്ഷേ, 'ഭായിയോം... ബഹനോം...' എന്ന പതിവ് അഭിസംബോധന അവർ തിരിച്ചിട്ടു... 'ബഹനോം... ഭായിയോം...' പിന്നെ മനസ്സിനെ സ്പർശിക്കുന്നമട്ടിൽ ഒരു ലഘുഭാഷണം. 'ഉപരിപ്ളവമായ വെറുംവാക്കുകൾക്കു പിന്നാലെ നാം പോയിട്ട് കാര്യമില്ല. വലിയ വാഗ്ദാനം തന്നുപോയവരോട് നിങ്ങൾ ചോദിക്കണം. രണ്ടു കോടി തൊഴിലെവിടെ...? അക്കൗണ്ടിലിട്ടുതരാമെന്നു പറഞ്ഞ 15 ലക്ഷം രൂപയെവിടെ...? സ്ത്രീകളുടെ സുരക്ഷയും യുവാക്കളുടെയും കർഷകരുടെയും രക്ഷക്കുംവേണ്ടി എന്തുചെയ്തു...? ഈ രാജ്യം കർഷകരുണ്ടാക്കിയതാണ്, പ്രഭാതംമുതൽ പ്രദോഷംവരെ അധ്വാനിക്കുന്ന സഹോദരിമാരുണ്ടാക്കിയതാണ്. ഈ രാജ്യത്തിന്റെ രക്ഷയ്ക്കായി ഒന്നിക്കണം...' 12 മിനിറ്റ് മാത്രം നീണ്ട പ്രസംഗത്തിൽ അവർ പറഞ്ഞു. രാവിലെ സാബർമതി ആശ്രമത്തിലെ സർവമതപ്രാർഥനയിൽ പങ്കെടുത്തപ്പോൾ രാഹുലിനും സോണിയയ്ക്കും മൻമോഹൻസിങ്ങിനുമിടയിൽ സ്ഥലം പ്രിയങ്കയ്ക്കായി നീക്കിവെച്ചിരുന്നു. എങ്കിലും അവർ മറ്റ്് നേതാക്കൾക്കൊപ്പമാണിരുന്നത്. അഡാലജിലെ പൊതുസമ്മേളനത്തിന് സോണിയയ്ക്കൊപ്പം നേരത്തേതന്നെ പ്രിയങ്കയെത്തി. അവസാനം തനിച്ചാണ് രാഹുൽഗാന്ധി വന്നത്. content highlights: priyanka gandhi, Rahul gandhi, Congress, Gujarat


from mathrubhumi.latestnews.rssfeed https://ift.tt/2UBnUTC
via IFTTT