Breaking

Saturday, December 1, 2018

കവിതാവിവാദം: ക്ഷമ ചോദിച്ച് ദീപാ നിശാന്ത്

തൃശ്ശൂർ: കോളേജ് അധ്യാപകസംഘടനയായ എ.കെ.പി.സി.ടി.എ.യുടെ മാഗസിനിൽവന്ന കവിതയെച്ചൊല്ലിയുള്ള വിവാദത്തിൽ എഴുത്തുകാരിയും കേരളവർമ കോളേജിലെ മലയാളം അധ്യാപികയുമായ ദീപാ നിശാന്ത് ക്ഷമ ചോദിച്ചു. ദീപയുടെ പേരിൽ മാഗസിനിൽവന്ന 'അങ്ങനെയിരിക്കെ' എന്ന കവിത ഏറക്കുറെ എസ്. കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ' എന്ന കവിതയുടെ പകർപ്പാണെന്നായിരുന്നു ആരോപണം. വെള്ളിയാഴ്ച രാത്രിയിട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ദീപ ക്ഷമ ചോദിച്ചത്. കവിത കലേഷിന്റേതുതന്നെയാണെന്നു പരോക്ഷമായി സമ്മതിക്കുന്നതാണ് പോസ്റ്റ്. തന്റെ പേരിൽ വരുന്ന ഓരോ വാക്കിനും താൻ ഉത്തരവാദിയായതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ക്ഷമചോദിക്കുന്നെന്നും ഇവിടെ ഇതവസാനിക്കും എന്നു പ്രതീക്ഷിക്കുന്നതായും അവർ പോസ്റ്റിൽ കുറിച്ചു. 2011 മാർച്ച് നാലിന് കലേഷ് ബ്ലോഗിൽ പോസ്റ്റ് ചെയ്ത കവിത പിന്നീട് ഒരു വാരികയിലും 'ശബ്ദമഹാസമുദ്രം' എന്ന സമാഹാരത്തിലും അച്ചടിച്ചുവന്നു. ഇത് ഇംഗ്ലീഷിൽ തർജമ ചെയ്തും പ്രസിദ്ധപ്പെടുത്തിയിരുന്നു. ദീപ കവിത എ.കെ.പി.സി.ടി.എ.യുടെ ജേണലിലേക്ക് അയച്ചുതന്നതാണെന്ന് സംഘടനയുടെയും ജേണലിന്റെയും ചുമതലയുള്ളവർ പറഞ്ഞു. തന്റെ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ ചിലയിടത്ത് അതേപടിയും മറ്റുചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിൽ വിഷമമുണ്ടെന്ന് കലേഷ് കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ പ്രതികരിച്ചിരുന്നു. ദീപയുടെ പോസ്റ്റിലെ പ്രസക്തഭാഗങ്ങൾ “കലേഷ് നല്ല കവിയാണ്. കലേഷിന് മറ്റാരുടെയെങ്കിലും വരികൾ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യം ഇപ്പോൾ എനിക്കുണ്ട്. 'ഇപ്പോൾ' എന്നെടുത്തുപറഞ്ഞത് ഇന്നലെവരെ ഉണ്ടായിരുന്നില്ല എന്ന കുറ്റബോധത്തിന്റെകൂടി നിഴലിൽ നിന്നുകൊണ്ടു തന്നെയാണ്. ആ കവിത കലേഷിന്റേതല്ല എന്നു ശക്തമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽത്തന്നെയാണ് ആ ബോധ്യം. ഇപ്പോൾ നടന്നത് ഏറെ ദുഃഖകരമായ കാര്യമാണ്. ഞാൻ പറയുന്ന ഓരോ വാക്കിലും എഴുതുന്ന ഓരോ വരിയിലും ജാഗ്രതക്കണ്ണുകൾ ചുറ്റുമുണ്ടെന്ന മിനിമം ബുദ്ധിയെങ്കിലും എന്നിൽനിന്നും നിങ്ങൾ പ്രതീക്ഷിക്കണം. പിന്നെയെങ്ങനെ ഇതുസംഭവിച്ചു എന്നു ചോദിച്ചാൽ മുഴുവൻ കാര്യങ്ങളും പറയാനാവാകാത്ത ചില പ്രതിസന്ധികൾ അതിലുണ്ട് എന്നുമാത്രമേ എനിക്കു പറയാനാവൂ. ആ പ്രതിസന്ധികൾ കാലം തെളിയിക്കും. ഞാനായി ഒരാളെയും തകർക്കാൻ ഉദ്ദേശിക്കുന്നില്ല.” content highlights:deepa nishanth apologies over Plagiarism controversy


from mathrubhumi.latestnews.rssfeed https://ift.tt/2BJWN1G
via IFTTT