ന്യൂഡൽഹി: സൈനിക ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി പാകിസ്താൻ ആധുനിക സൗകര്യങ്ങളുള്ള 600 പുതിയ യുദ്ധ ടാങ്കുകൾ അടക്കമുള്ള യുദ്ധോപകരണങ്ങൾ വാങ്ങുന്നതായി റിപ്പോർട്ട്. നിയന്ത്രണ രേഖയിൽ സൈനിക ശക്തി വർധിപ്പിക്കുന്നതിന്റെ കൂടി ഭാഗമായാണ് റഷ്യയിൽനിന്ന് പുതിയ ടാങ്കുകൾ വാങ്ങുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 2025ഓടുകൂടി സൈനിക ശേഷി വർധിപ്പിക്കാൻ ലക്ഷ്യംവെച്ചുകൊണ്ടാണ് കൂടുതൽ യുദ്ധോപകരണങ്ങൾ വാങ്ങാൻ പാകിസ്താൻ തീരുമാനിച്ചിരിക്കുന്നത്. റഷ്യ അടക്കമുള്ള രാജ്യങ്ങളിൽനിന്ന് 360ഓളം ടാങ്കുകൾ വാങ്ങാനാണ് പാകിസ്താൻ ഉദ്ദേശിക്കുന്നത്. കൂടാതെ ചൈനയുടെ സഹാത്തോടെ 220 ടാങ്കുകൾ ആഭ്യന്തരമായി നിർമിക്കാനും പാകിസ്താൻ ലക്ഷ്യംവെക്കുന്നു. ടി-90 യുദ്ധ ടാങ്കുകൾ വാങ്ങുന്നതിന് പാകിസ്താൻ റഷ്യയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നത് ഈ വിഭാഗത്തിൽപ്പെട്ട ടാങ്കുകളാണ്. കാലങ്ങളായി ഇന്ത്യ ആയുധ ഇടപാടുകൾ നടത്തിവരുന്ന റഷ്യയുമായി കൂടുതൽ ആയുധ ഇടപാടുകൾ നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പാകിസ്താന്റെ പുതിയ കരാറുകളെന്നാണ് വിലയിരുത്തപ്പെടുന്നത്. അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ളതാണ് പാകിസ്താൻ വാങ്ങുന്ന ടാങ്കുകളെന്നാണ് റിപ്പോർട്ട്. കമ്പ്യൂട്ടറൈസ്ഡ് അഗ്നിരക്ഷാ സൗകര്യങ്ങളും 3-4 കിലോമീറ്റർ ദൂരെനിന്നുവരെ ആക്രമണം നടത്താനുള്ള ക്ഷമതയുമുള്ളവയാണ് ഈ ടാങ്കുകൾ. ഇവയിൽ ചിലത് നിയന്ത്രണ രേഖയിൽ വിന്യസിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ടാങ്കുകൾ കൂടാതെ ഇറ്റലിയിൽനിന്ന് 150എംഎം എസ്പി മൈക്ക്-10 തോക്കുകളും പാകിസ്താൻ വാങ്ങുന്നുണ്ട്. വാങ്ങാനുദ്ദേശിക്കുന്ന 245 തോക്കുകളിൽ 120 എണ്ണം കൈമാറ്റം ചെയ്യപ്പെട്ടുകഴിഞ്ഞു. Content Highlights:Pakistan, battle tanks, India, military
from mathrubhumi.latestnews.rssfeed http://bit.ly/2EXzPXQ
via
IFTTT