Breaking

Sunday, December 30, 2018

കൊല്ലത്തെ സിപിഎം നേതാവിന്റെ കൊലപാതകം: പ്രതി പിടിയില്‍

കൊല്ലം: സിപിഎം എരുതനംകാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ബി.ദേവദത്തനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിലായി. സമീപവാസിയായ ചരുവിള തെക്കേതിൽ സുനിൽ (മാറനാട് സുനി) എന്നയാളാണ് പിടിയിലായത്. ഇയാൾക്കായി പോലീസിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. മാസങ്ങൾക്കുമുൻപ് പ്രദേശവാസികളായ സ്ത്രീയെയും മകനെയും മർദിച്ചതുമായി ബന്ധപ്പെട്ട് സുനിലിനെതിരേ പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ മർദനമേറ്റവർക്ക് അനുകൂലമായ നിലപാടായിരുന്നു ദേവദത്തൻ സ്വീകരിച്ചത്. കൂടാതെ വ്യാജച്ചാരായവാറ്റുകേസിലും സുനിലിനെ മുൻപ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പിന്നിലും ദേവദത്തനാണെന്ന് സുനിൽ പലരോടും പറഞ്ഞിരുന്നു. ഈ സംഭവങ്ങളിലെ വിരോധമാകാം കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുനിലിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിലായി വേറെയും കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറയുന്നു. അതേ സമയം കോൺഗ്രസിന്റെ ക്വട്ടേഷൻ നടപ്പാക്കുന്നതിനായി പ്രവർത്തിക്കുന്നയാളാൽ സുനിലെന്നും ഇയാളെ കോൺഗ്രസുകാരുടെ സംരക്ഷണത്തിലായിരുന്നുവെന്നുമാണ് സിപിഎം ആരോപിക്കുന്നത്. പത്രശ്വരം സർവീസ് സഹകരണ ബാങ്കിലേക്ക് ഞായറാഴ്ച നടക്കാനിരുന്ന ഭരണസമിതി തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടഭ്യർഥന നടത്തിയശേഷം സുഹൃത്തും പ്രദേശവാസിയുമായ മാത്യുക്കുട്ടിയുമായി ബൈക്കിലെത്തിയപ്പോഴായിരുന്നു ദേവദത്തന് നേരെയുള്ള ആക്രമണം. പ്രദേശത്ത് കമ്പുമായി കാത്തുനിന്ന സുനിൽ ബൈക്ക് ഓടിച്ചിരുന്ന ദേവദത്തന്റെ തലയിൽ അടിച്ചുവീഴ്ത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. നിലത്തു വീണിട്ടും മർദനം തുടർന്നു. മാത്യുക്കുട്ടി തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആളുകളെ കൂട്ടിയപ്പോഴേക്കും സുനിൽ സ്ഥലംവിട്ടു. അവശനിലയിലായ ദേവദത്തനെ ഉടൻതന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.


from mathrubhumi.latestnews.rssfeed http://bit.ly/2AnUjVx
via IFTTT