Breaking

Monday, December 31, 2018

ഹൈസ്കൂൾ പാസാകാത്തവരും പൈലറ്റായി, പാകിസ്താനിൽ 50 വിമാനജീവനക്കാരെ പിരിച്ചുവിട്ടു

ലഹോർ: മെട്രിക്കുലേഷൻ പോലും പാസാകാത്തവർ പൈലറ്റിന്റെ സീറ്റിൽ. ചിലർ ഹൈസ്കൂളിൽ പോലും പഠിച്ചിട്ടില്ല. പാകിസ്താന്റെ ഔദ്യോഗിക എയർലൈൻസിലെ ജീവനക്കാരുടെ യോഗ്യതയാണ് പുറത്തുവരുന്നത്. ഏഴ് പൈലറ്റുമാരുടെ സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് കണ്ടെത്തിയതായി പാകിസ്താൻ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് കഴിഞ്ഞദിവസം സുപ്രീംകോടതി ബെഞ്ചിനുമുന്നിൽ വെളിപ്പെടുത്തിയത്. പൈലറ്റിന്റെ സീറ്റിലിരിക്കുന്ന അഞ്ചുപേർ പത്താംക്ലാസ് പോലും ജയിച്ചിട്ടില്ലെന്ന കണ്ടെത്തൽ കോടതിയെ ഞെട്ടിച്ചു. ബസ് ഓടിക്കാൻപോലും അറിയാത്തവർ വിമാനംപറത്തി യാത്രികരുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ഇജാസുൽ അഹ്സൻ നിരീക്ഷിച്ചു. കഴിഞ്ഞ ജനുവരിയിലാണ് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിൽ പൈലറ്റുമാരും ജീവനക്കാരും വ്യാജ ബിരുദവുമായി ജോലിയിൽ പ്രവേശിച്ചതായി ആരോപണം ഉയർന്നത്. തുടർന്ന് ഡിസംബർ 28-നകം ഇക്കാര്യം പരിശോധിച്ച് സർട്ടിഫിക്കറ്റുകളുടെ സാധുത ഉറപ്പുവരുത്താൻ സിവിൽ ഏവിയേഷൻ അതോറിറ്റിയോട് ചീഫ് ജസ്റ്റിസ് സാഖിബ് നിസാറിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ബോർഡുകളുടെയും സർവകലാശാലകളുടെയും നിസ്സഹകരണം കാരണം നിശ്ചിതസമയത്തിനകം സർട്ടിഫിക്കറ്റ് പരിശോധിക്കാനായില്ലെന്ന് ഏവിയേഷൻ നിയമോപദേഷ്ടാവ് കോടതിയെ ധരിപ്പിച്ചു. അന്വേഷണത്തോട് എയർലൈൻസും സഹകരിച്ചില്ലെന്നും 4321 ജീവനക്കാരുടെ സർട്ടിഫിക്കറ്റുകളാണ് പരിശോധിക്കാനായതെന്നും അവർ പറഞ്ഞു. മതിയായ രേഖകൾ ഹാജരാക്കാത്ത 50 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് എയർലൈൻസ് കോടതിയെ അറിയിച്ചത്. 498 പൈലറ്റുമാരുടേയും ലൈസൻസ് പരീക്ഷയുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് വീണ്ടും ജനുവരി ഒമ്പതിന് വാദം കേൾക്കും. content highlights:Pakistans National Carrier Fires Over 50 Employees For Fake Degrees


from mathrubhumi.latestnews.rssfeed http://bit.ly/2s1IOPi
via IFTTT