Breaking

Monday, December 31, 2018

പോലീസ് ട്രോളുകള്‍ വൈറലാവുന്നതിലും കാര്യമുണ്ട്

തിരുവനന്തപുരം: കേരളത്തിൽ പോലീസിന്റെ ട്രോളുകൾ ഹിറ്റാകുന്നതിന്റെ രഹസ്യംതേടിയിറങ്ങിയിരിക്കുകയാണ് ആഗോള കമ്പനിയായ മൈക്രോസോഫ്റ്റ്. പോലീസിന്റെ ട്രോൾ വെറും ട്രോളല്ലെന്നും അതിനുള്ളിൽ ഒരു വിപണന തന്ത്രമുണ്ടെന്നുമാണ് പഠനം തുടങ്ങിയവരുടെ പക്ഷം. പത്തുമാസം മുമ്പാണ് കേരളപോലീസ് ഫെയ്സ്ബുക്ക്, ട്വിറ്റർ പേജുകളും ഇൻസ്റ്റഗ്രാമും ഉപയോഗിച്ച് ട്രോളാൻ തുടങ്ങിയത്. പുതുവർഷത്തിൽ 10 ലക്ഷം ലൈക്കാണ് ഈ പേജ് ലക്ഷ്യമിട്ടിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഈ ഹിറ്റാവലിനു കാരണം ലളിതമാണെന്ന് സൈബർ വിഭാഗം മേധാവി മനോജ് എബ്രഹാം പറയും. ദിവസം മുഴുവൻ ഓൺലൈനിൽ കഴിയുന്ന ഫ്രീക്കന്മാർക്കൊപ്പമാണ് നവമാധ്യമവിഭാഗം. ഉപദേശവും കണ്ണുരുട്ടലുംകൊണ്ട് നന്നാവില്ലമ്മാവാ എന്നു പറയുന്നവരോട് അല്പം ചളുവടിച്ച് നന്നാക്കാനാവുമോ എന്നാണ് നോക്കിയത്. അത് ഫലം കാണുന്നുമുണ്ട്. പേജുകൾ ഗൾഫിലുള്ള മലയാളികൾക്കുപോലും ഇഷ്ടം. അപ്പപ്പോഴുള്ള ട്രെൻഡുകൾ നിരീക്ഷിച്ചാവും ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടികൾ. സ്ഥിരം ട്രോൾ തൊഴിലാളികളെ തോൽപ്പിക്കുന്ന ട്രോളും കമന്റിന് അതേരസത്തിൽ നൽകുന്ന മറുകമന്റുമൊക്കെയാണ് പേജിനെ ഹിറ്റാക്കുന്നത്. സർ, ബസിൽ പോക്കറ്റടിക്കാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ വഴിയുണ്ടോ എന്ന് ആക്കി ചോദിച്ചാൽ ട്രെയിനിൽ പോയാൽ മതിയെന്നായിരിക്കും മറുപടി. പലകാലങ്ങളിൽ ഹിറ്റായ സിനിമാ സന്ദർഭങ്ങൾതന്നെയാണ് പോലീസ് ട്രോളൻമാരുടെയും ആയുധം. ശ്രീനിവാസന്റെ പ്രശസ്തമായ പോളണ്ടിനെക്കുറിച്ച് മിണ്ടരുതെന്ന വാചകം ഓർമിപ്പിച്ചാണ്, പോളണ്ടിനെക്കുറിച്ച് മിണ്ടിയാലും ബാങ്കിടപാടിലെ പിൻ, ഒ.ടി.പി. നമ്പറുകളെക്കുറിച്ച് മിണ്ടരുതെന്ന താക്കീതു നല്കുന്നത്. വാഹനം തടഞ്ഞ് റോഡിലിറങ്ങി ഡാൻസ് കളിക്കുന്ന ടിക് ടോകും, കികി ചലഞ്ചുമൊക്കെ തടയാൻ ട്രോൾ വീഡിയോകൾതന്നെ ഇറക്കി. സംഗതി ഹിറ്റായതോടെ യുവാക്കളും വഴങ്ങിയെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഹെൽമെറ്റിനെക്കുറിച്ചും റോഡ് നിയമങ്ങളെക്കുറിച്ചുമൊക്കെ ഓർമിപ്പിക്കാനും ട്രോളുകൾതന്നെ ആയുധം. വെറും ട്രോൾ മാത്രമല്ല പോലീസ് ഫെയ്സ്ബുക്ക് പേജ്. പോലീസുമായി ബന്ധപ്പെട്ട എന്തു സംശയവും ചോദിക്കാം. 24 മണിക്കൂറും മറുപടിയും ആവശ്യമെങ്കിൽ നിയമസഹായവുമൊക്കെയായി ഇതേ ട്രോളർമാർ സജീവമാണ്. എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് അയ്യപ്പജ്യോതിയിൽ പങ്കെടുത്തെന്ന തരത്തിൽ നടത്തിയ വ്യാജ പ്രചാരണം ആദ്യം കണ്ടെത്തി റിപ്പോർട്ടുചെയ്തതും പോലീസിലെ ഈ ട്രോളർമാരായിരുന്നു. പോലീസ് ഫെയ്സ്ബുക്ക് പേജ് ആരും തിരിഞ്ഞുനോക്കാതെ വന്നതോടെയാണ് ട്രോൾ പരീക്ഷണം എന്ന ആശയം മനോജ് എബ്രഹാം മുന്നോട്ടുവെച്ചത്. Content Highlights:kerala police official facebook page trolls


from mathrubhumi.latestnews.rssfeed http://bit.ly/2EYUQ49
via IFTTT