ചെന്നൈ:ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖം കമ്മിഷൻ ലണ്ടനിലെ ഡോ. റിച്ചാർഡ് ബെയിലിന് സമൻസ് അയച്ചു. ജയലളിതയെ 2016 സെപ്റ്റംബറിൽ അപ്പോളോ ആസ്പത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം ലണ്ടൻ ബ്രിഡ്ജ് ആസ്പത്രിയിൽ ജോലി ചെയ്യുന്ന റിച്ചാർഡ് ബെയിൽ ചികിത്സിക്കാനായി പലപ്പോഴുമെത്തിയിരുന്നു. തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം, ആരോഗ്യമന്ത്രി സി. ഭാസ്കർ, ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈ എന്നിവർക്കും സമൻസ് അയച്ചിട്ടുണ്ട്. ഒ. പനീർശെൽവത്തിന് ഡിസംബർ 20-ന് കമ്മിഷന് മുന്പാകെ ഹാജരാകാൻ സമൻസ് അയച്ചിരുന്നു. പനീർശെൽവം ഹാജരായിരുന്നില്ല. തുടർന്ന് വീണ്ടും സമൻസ് അയയ്ക്കുകയായിരുന്നു. ആരോഗ്യമന്ത്രിയോട് ജനുവരി ഏഴിനും ഡോ. റിച്ചാർഡ് ബെയിലിനോട് വീഡിയോ കോൺഫറൻസ് വഴി ജനുവരി ഒൻപതിനും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉപ മുഖ്യമന്ത്രിയോട് ജനുവരി എട്ടിനും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറോട് ജനുവരി 11-നുമാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അതിനാൽ കമ്മിഷനെ നിയോഗിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടത് ഒ. പനീർശെൽവമായിരുന്നു. 16 മാസം മുമ്പ് സംസ്ഥാന സർക്കാർ നിയോഗിച്ച ആറുമുഖം കമ്മിഷൻ ജയലളിതയുടെ പിറന്നാൾ ദിനമായ ഫെബ്രുവരി 24-ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കരുതുന്നത്. ജയലളിതയുടെ ചികിത്സയിനത്തിൽ ഇനിയും 44 ലക്ഷം രൂപ എ.ഐ.എ.ഡി.എം.കെ. അപ്പോളോ ആസ്പത്രിയ്ക്ക് നൽകാനുണ്ട്. ചികിത്സയ്ക്ക് മൊത്തം ചെലവായത് 6.86 കോടി രൂപയായിരുന്നു. എയിംസ്, ലണ്ടൻ, സിങ്കപ്പൂരിലെ എലിസബത്ത് ആസ്പത്രി എന്നിവിടങ്ങളിലെ ഡോക്ടർമാർ ചികിത്സ നൽകാൻ എത്തിയിരുന്നു. കടുത്ത പ്രമേഹവും രക്തസമ്മർദവുമുണ്ടായിരുന്ന ജയലളിത 2016 ഡിസംബർ അഞ്ചിനാണ് അന്തരിച്ചത്. Content Highlight: Jayalalithaa death panel summons UK doctor
from mathrubhumi.latestnews.rssfeed http://bit.ly/2EY5tEi
via
IFTTT