മാവേലിക്കര: സ്കൂട്ടറിൽ സഞ്ചരിച്ച് സ്ത്രീകളുടെ സ്വർണമാല കവർന്നിരുന്ന യുവാവും കാമുകിയും മാവേലിക്കര പോലീസിന്റെ പിടിയിലായി. ഹരിപ്പാട് പിലാപ്പുഴ ബിജുഭവനത്തിൽ ബിജു വർഗീസ് (33), എണ്ണയ്ക്കാട് ഇലഞ്ഞിമേൽ വടക്ക് വിഷ്ണുഭവനത്തിൽ സുനിത (36) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂൺ 18-ന് കല്ലിമേൽ ജില്ലാ കൃഷിത്തോട്ടത്തിന് സമീപം കല്ലിമേൽ വിഷ്ണുവില്ലയിൽ ശശികല മുരളിയുടെ രണ്ടരപ്പവന്റെ സ്വർണമാല പൊട്ടിച്ചെടുത്തത് ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. സുനിത ഓടിച്ചിരുന്ന സ്കൂട്ടർ വഴി ചോദിക്കുവാനെന്ന വ്യാജേന നിറുത്തി ബിജു മാലപൊട്ടിച്ചെടുക്കുകയായിരുന്നു. ജൂലായ് പകുതിയോടെ പുലർച്ചേ അഞ്ചിന് സുനിതയുമൊത്ത് ചെട്ടികുളങ്ങര മാർക്കറ്റ് ജങ്ഷനിൽവെച്ച് വയോധികയുടെ മാല പൊട്ടിച്ചെടുത്തു. ഒരാഴ്ചയ്ക്കുശേഷം കടവൂർ ഭാഗത്തുവച്ച് പുലർച്ചേ അഞ്ചിന് ചെട്ടികുളങ്ങര ക്ഷേത്രദർശനത്തിന് വന്ന സ്ത്രീയുടെ കണ്ണിൽ മുളക്പൊടിയെറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ചിരുന്നു. സ്ത്രീ ബിജുവിന്റെ കൈയിൽ കടിച്ചതോടെ മോഷണശ്രമമുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ബിജുവും സുനിതയും കവർന്ന ആഭരണങ്ങൾ താമരക്കുളത്തെയും കരുനാഗപ്പള്ളിയിലെയും സ്വർണക്കടകളിലാണ് വിറ്റിരുന്നത്. തൊണ്ടി മുതലുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിവാഹിതയും മൂന്നുമക്കളുടെ അമ്മയുമാണ് സുനിത. ബിജു അവിവാഹിതനാണ്. ഒന്നര വർഷം മുൻപാണ് ഇരുവരും സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് നാട്ടിലെത്തിയ ബിജു എണ്ണയ്ക്കാട്ടെത്തി സുനിതയോടൊപ്പം താമസമാക്കി. പിന്നീട്, വിവിധയിടങ്ങളിൽ വാടകവീടെടുത്ത് താമസമാക്കി. അമിത സമ്പാദ്യത്തിനും ആഡംബരജീവിതത്തിനുമായി മാലമോഷണം പതിവാക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. സ്ത്രീ ഒപ്പമുണ്ടാകുമ്പോൾ സംശയിക്കില്ലെന്നും മോഷണമുതൽ വിറ്റഴിക്കാൻ എളുപ്പമാകുമെന്ന സാധ്യതയാണ് ഇരുവരും ഉപയോഗപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ടിപ്പർ ലോറി ഡ്രൈവറാണ് ബിജു. മാവേലിക്കര സി.ഐ. പി.ശ്രീകുമാർ, എസ്.ഐ. സി.ശ്രീജിത്, സി.പി.ഒ. മാരായ ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്കർ, ഗോപകുമാർ, സിനു വർഗീസ്, ശ്രീജ എസ്., രേണുക എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2Qq5X8I
via
IFTTT