തിരുവനന്തപുരം: കേരളത്തിലെ ചില പ്രദേശങ്ങളിൽ കൂടിയ ചൂട് അനുഭവപ്പെടുന്നത് പതിനേഴാം തീയതിവരെ തുടർന്നേക്കും. 17-നുശേഷം മഴ വീണ്ടും തുടങ്ങും. 18-ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. എന്നാൽ, ഇതിന്റെ സ്വാധീനത്തിൽ മിതമായ മഴയ്‌ക്കേ സാധ്യതയുള്ളൂ.പ്രളയാനന്തരം ചില പ്രദേശങ്ങളിൽ ചൂടുകൂടിയത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. എന്നാൽ, പ്രളയവുമായി ഇതിന് ബന്ധമില്ല. മഴ തീരെ കുറഞ്ഞതാണ് ചൂടുകൂടാൻ കാരണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു. സെപ്റ്റംബർ ഒന്നുമുതൽ 11 വരെ 82.5 മില്ലി മീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടിയിരുന്നത്. എന്നാൽ, അഞ്ച് മില്ലി മീറ്ററാണ് പെയ്തത്. 94 ശതമാനം മഴ ഈ ദിവസങ്ങളിൽ കുറഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ മാത്രം കണക്കെടുത്താൽ 96 ശതമാനമാണ് കുറവ്.ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, പുനലൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് താപനിലയിൽ അസാധാരണമായ വർധനയുള്ളത്. ഇവിടങ്ങളിൽ ദീർഘകാല ശരാശരിയിൽനിന്ന് രണ്ട് ഡിഗ്രിയോ അതിൽക്കൂടുതലോ ചൂട് ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്.കാറ്റിന്റെ സ്വഭാവം മാറിയതും ഉയർന്ന ചൂടിന് കാരണമാണ്. ഇപ്പോൾ തീരത്തിന് സമാന്തരമായി വടക്കുപടിഞ്ഞാറുനിന്നാണ് കാറ്റ് വീശുന്നത്. കടലിൽനിന്ന് നീരാവിനിറഞ്ഞ കാറ്റ് കരയിലേക്കെത്തുന്നതിന് ഇത് തടസ്സമാണ്.18-ന് ബംഗാൾ ഉൾക്കടലിന്റെ മധ്യപടിഞ്ഞാറ് ഭാഗത്ത് ന്യൂനമർദം രൂപപ്പെടുമെന്നാണ് വിലയിരുത്തുന്നത്. ഇത് കേരളത്തിലെ മഴയ്ക്കും അനുകൂലമാവും. എന്നാൽ, കനത്ത മഴ ഇക്കാലത്ത് പ്രതീക്ഷിക്കുന്നില്ല. ഏഴ് സെന്റീമീറ്ററിൽ കുറഞ്ഞ തോതിലുള്ള മിതമായ മഴയ്ക്കാണ് സാധ്യത.തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലമാണെങ്കിലും അതിന്റെ പിൻമാറ്റ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടില്ല. സെപ്റ്റംബർ ഒന്നിനാണ് സാധാരണ രാജസ്ഥാൻ ഭാഗത്തുനിന്ന് കാലവർഷം പിൻമാറിത്തുടങ്ങുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2x7nOJD
via
IFTTT