ഹനോയ്: പട്ടിയിറച്ചി കഴിക്കുന്നത് ഒഴിവാക്കാൻ വിയറ്റ്നാം തലസ്ഥാന നഗരമായ ഹനോയിലെ ജനങ്ങളോട് അധികൃതർ. പട്ടിയിറച്ചി പേവിഷബാധയ്ക്ക് കാരണമാവുമെന്നും നഗരത്തിന്റെ പേരിനും പ്രശസ്തിക്കും കോട്ടമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അഭ്യർഥന. പൂച്ചയേയും ഇറച്ചിയാക്കരുതെന്ന് ഒപ്പം അഭ്യർഥിച്ചിട്ടുണ്ട്.സാംസ്കാരികത്തനിമയേറുന്ന ആധുനിക നഗരമെന്ന ഖ്യാതിയാണ് പട്ടിയിറച്ചി ഭക്ഷണമാക്കുന്നതിലൂടെ നഗരത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് ഹനോയ് പീപ്പിൾസ് കമ്മിറ്റി പറയുന്നു. അതിക്രൂരമായാണ് മൃഗങ്ങളെ കൊല്ലുന്നത്. ഹനോയിൽമാത്രം പട്ടിയുടെയും പൂച്ചയുടെയും മാംസം വിൽക്കുന്ന ആയിരത്തിലധികം കടകളുണ്ട്. പട്ടിയിറച്ചിയുടെ അത്ര ആവശ്യക്കാരില്ലെങ്കിലും പൂച്ചയിറച്ചിയും ഇവിടെ വിൽക്കപ്പെടുന്നുണ്ട്.ഹനോയ് നഗരത്തിൽ മാത്രം നായ്ക്കളുടെയും പൂച്ചകളുടെയും എണ്ണം 4,90,000 വരും. ഇതിൽ അധികവും വീടുകളിൽ വളർത്തുന്നവയാണ്. പട്ടിമാംസം ഉപേക്ഷിക്കാനുള്ള ആഹ്വാനം ഹനോയിൽ സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ, കാലങ്ങളായി തുടരുന്ന ഒരു ശീലം മാറ്റിയെടുക്കുക അത്ര എളുപ്പമല്ലെന്നും ഒരുകൂട്ടർ വാദിക്കുന്നു. പൂർണമായും നിരോധിക്കുന്നത് ശരിയല്ലെന്നും പട്ടിയിറച്ചിക്ക് കനത്ത നികുതി ഏർപ്പെടുത്തിയും പ്രത്യേക സ്ഥലങ്ങളിൽമാത്രമേ വിൽക്കാവൂ എന്ന നിബന്ധനവെച്ചും ഉപയോഗം കുറയ്ക്കാമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2N5O15v
via
IFTTT