Breaking

Saturday, September 29, 2018

ബ്രൂവറികള്‍ തുടങ്ങേണ്ടെന്ന് അന്ന് തീരുമാനിച്ചതും ഇടത് സര്‍ക്കാര്‍

തിരുവനന്തപുരം: മുൻ ഇടത് സർക്കാരിന്റെ നിലപാട് തിരുത്തിയാണ് പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും തുടങ്ങാൻ പിണറായി സർക്കാർ അനുമതി നൽകിയതെന്ന് റിപ്പോർട്ട്. 1999 ൽ നായനാർ സർക്കാരിന്റെ കാലത്ത് സ്വീകരിച്ച പുതിയ ഡിസ്റ്റിലറികൾ അനുവദിക്കേണ്ടെന്ന നയമാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ വി.എസ് സർക്കാരിന്റെ കാലത്തും അപേക്ഷ പരിഗണനയ്ക്ക് വന്നപ്പോൾ 1999 ലെ നായനാർ സർക്കാർ കൈക്കൊണ്ട നിലപാടിന്റെ ചുവട് പിടിച്ച് ബ്രൂവറി മാറ്റി സ്ഥാപിക്കാനുള്ള അപേക്ഷ പോലും തള്ളുകയായിരുന്നു. 1999ൽ പ്രിൻസിപ്പൽ സെക്രട്ടറി (ടാക്സസ്) ആയിരുന്ന വിനോദ് റായി പുറത്തിറക്കിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അന്നത്തെ അപേക്ഷകൾ സർക്കാർ നിരസിച്ചത്. ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും വന്ന അപേക്ഷകൾ ഒന്നും പരിഗണിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്.ഈ ഉത്തരവ് തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്. ഇതിൽപിന്നീട് ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തിയതായി സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2008ൽ വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത്പാലക്കാട്ടെ സൺ ഡിസ്റ്റലറീസ് പെരുമാട്ടി പഞ്ചായത്തിൽനിന്ന് പുതുശ്ശേരി പഞ്ചായത്തിലേക്ക് ഡിസ്റ്റിലറി മാറ്റി സ്ഥാപിക്കുന്നതിന് സർക്കാരിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ 1999ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ അപേക്ഷ തള്ളുകയായിരുന്നു. എന്നാൽ 1999ലെ അതേ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ സർക്കാർ മൂന്ന് ബ്രൂവറികൾക്കും ഒരു ബോട്ടിലിങ്ങ് യൂണിറ്റിനും അനുമതി നൽകിയിരിക്കുന്നത്. ഇതിന് പുറമെ, ഇപ്പോൾ ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചുകൊണ്ട്പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് അബ്കാരി ചട്ടങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തൃശ്ശൂർ ജില്ലയിൽ എവിടെയും ഡിസ്റ്റിലറി സ്ഥാപിക്കാം എന്നാണ് ഉത്തരവിൽ പറയുന്നത്. എവിടെസ്ഥാപിക്കണമെന്ന് കൃത്യമായി പറയുന്നില്ല. ഇത് അബ്കാരി ചട്ടങ്ങളുടെ ലംഘനമാണെന്നും ആരോപണമുണ്ട്.ഇത് സംബന്ധിച്ച തെളിവുകൾ മാത്രഭൂമി ന്യൂസ് പുറത്തുവിട്ടു. അപേക്ഷ നൽകിയതിന്റെ മുൻഗണന പരിഗണിക്കാതെയാണ് അനുമതി നൽകിയിരിക്കുന്നതെന്നും ആരോപണമുണ്ട്. പുതിയ ബ്രൂവറികൾക്ക് അനുമതി നൽകുമ്പോൾ ഏറ്റവും ഒടുവിൽ നൽകിയ അപേക്ഷയ്ക്കാണ് ഏറ്റവും ആദ്യം സർക്കാർ അനുമതി നൽകിയിരിക്കുന്നത്. 2018 മാർച്ചിൽവന്ന അപേക്ഷയാണ് ഏറ്റവും ആദ്യം പരിഗണിച്ചത്. 2017 നവംബർ മാസത്തിൽ എക്സൈസ് കമ്മീഷണർ നൽകിയ ശുപാർശ പോലും പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2xMF1IL
via IFTTT