തിരുവനന്തപുരം: പ്രായഭേദമെന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ച് സുപ്രീം കോടതിയുടെ വിധി വന്ന പശ്ചാത്തലത്തിൽ ശബരിമലയിൽ 100 ഏക്കർസ്ഥലം വിട്ടു തരണമെന്ന് ദേവസ്വം ബോർഡ് വനം വകുപ്പിനോട് ആവശ്യപ്പെടും. സ്ത്രീകൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ഭൂമി. അടുത്ത ബുധനാഴ്ച ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനമുണ്ടാകും. സ്ത്രീകൾക്ക് പ്രത്യേക ക്യൂ അനുവദിക്കുന്ന കാര്യവും പരിഗണിക്കും. വനം വകുപ്പിനോട് സ്ഥലം വിട്ടു തരണമെന്ന് സർക്കാർ മുഖാന്തിരം ആവശ്യപ്പെടാനാണ് ബോർഡ് ആലോചിക്കുന്നത്. തീർഥാടനകാലം ആരംഭിക്കാൻ രണ്ടു മാസം മാത്രം ബാക്കി നിൽക്കെ എത്രയും വേഗം തന്നെ സൗകര്യങ്ങൾ ഒരുക്കേണ്ട ചുമതല ദേവസ്വം ബോർഡിനുണ്ട്. ഇതിനു വേണ്ട കാര്യങ്ങൾ സർക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ വെള്ളിയാഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നു.സന്നിധാനത്തും പമ്പയിലും സ്ത്രീകൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കും. സ്ത്രീകളെ പതിനെട്ടാം പടി കടത്തിവിടുന്നതിനെ കുറിച്ചുള്ള കാര്യങ്ങളും തീരുമാനിക്കും. അതിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കാനാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. ശബരിമലയിൽ കിഫ്ബി സഹായത്താടെ നടത്തിവരുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇക്കാര്യങ്ങൾ കൂടി കണക്കിലെടുത്ത് മുന്നോട്ട് കൊണ്ടുപോകാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ബുധനാഴ്ചത്തെ യോഗത്തിനു ശേഷമേ അന്തിമതീരുമാനമാവൂ എന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2N9h0jR
via
IFTTT