റിയാദ്: സൗദി അറേബ്യയിലെ വ്യാപാര മേഖലയിൽ സമഗ്ര നിതാഖാതിന്റെ (സ്വദേശിവത്കരണം) സുപ്രധാനഘട്ടം ചൊവ്വാഴ്ച തുടങ്ങിയതോടെ മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് വിദേശികൾ ആശങ്കയിൽ. ഓട്ടോ മൊബൈൽ, വസ്ത്രം, ഓഫീസ് ഫർണിച്ചർ, ഗാർഹിക ഉപകരണങ്ങൾ എന്നീ മേഖലകളിലാണ് സമഗ്ര നിതാഖാത് നടപ്പാക്കുന്നത്. ഇതോടെ 70 ശതമാനം വിദേശികൾക്ക് ജോലി നഷ്ടമാകും. നിയമംലംഘിച്ച് ജോലിയിൽ തുടർന്നാൽ 20,000 റിയാൽ (ഏകദേശം 3,90,000 രൂപ) വരെ പിഴയും മറ്റു നടപടികളും നേരിടേണ്ടിവരുമെന്ന് തൊഴിൽമന്ത്രാലയം മുന്നറിയിപ്പ് നൽകി. ആയിരക്കണക്കിന് മലയാളികൾ തൊഴിൽ നഷ്ടമായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്നാണ് സൂചന. 12.30 ലക്ഷം വിദേശികളാണ് സൗദിയിലെ വ്യാപാരമേഖലയിൽ ജോലിചെയ്യുന്നത്. അതായത് 65 ശതമാനം. ചില്ലറ വ്യാപാര മേഖലയിൽ 3.40 ലക്ഷം സ്ഥാപനങ്ങളും മൊത്തവ്യാപാര മേഖലയിൽ 35000-ലേറെ സ്ഥാപനങ്ങളും സൗദിയിലുണ്ട്. വാഹനമേഖലയിലെ 95,000 സ്ഥാപനങ്ങളിലായി വിപണി, റിപ്പയറിങ് മേഖലകളിൽ നാലു ലക്ഷത്തിലേറെപ്പേരും ജോലിചെയ്യുന്നു. 70 ശതമാനത്തോളം പേരുടെ ജോലി നഷ്ടമാകുന്നതോടെ ലക്ഷക്കണക്കിന് വിദേശികളാകും മടങ്ങേണ്ടി വരുന്നത്. സൗദിയിൽ 10 ലക്ഷത്തിലേറെ മലയാളികളിൽ 70 ശതമാനം ചെറുകിടസ്ഥാപനങ്ങളിലാണ് ജോലി ചെയ്യുന്നത്. സ്വദേശിവത്കരണത്തിലും ലെവി പരിഷ്കാരത്തിലും പിടിച്ചുനിൽക്കാൻ കഴിയാതെ ഒട്ടേറെ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പൂട്ടിയിരുന്നു. പ്രൊഫഷൻ മാറ്റം നേരിയ ആശ്വാസം മെഡിക്കൽ, എൻജിനീയറിങ്, ഓഡിറ്റിങ് തുടങ്ങിയ മേഖലകളിലെ തസ്തികകളിലേക്ക് മാറാമെന്ന സാധ്യതയാണ് തൊഴിൽ നഷ്ടപ്പെടുന്ന വിദേശികളുടെ ഏക ആശ്വാസം. ഈ രംഗങ്ങളിൽ യോഗ്യതയും പരിചയവുമുള്ളവർക്ക് ജോലി മാറ്റത്തിലൂടെ താത്കാലികമായി പിടിച്ചുനിൽക്കാം. പ്രൊഫഷൻ മാറ്റം ആഗ്രഹിക്കുന്ന വിദേശതൊഴിലാളികൾ സ്പോൺസറോ കമ്പനിയോ മുഖേന അപേക്ഷിക്കണം. ആഭ്യന്തര മന്ത്രാലയമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതെന്നതും വിദേശികൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2xaqbL8
via
IFTTT