Breaking

Saturday, February 13, 2021

കാവി നാട വേണ്ട, ചുവപ്പുതന്നെ വേണം; തറക്കല്ലിടല്‍ ചടങ്ങിനിടെ നാടതേടി പരക്കംപാച്ചില്‍

ഇരിട്ടി: നാടമുറിച്ച് ചടങ്ങ് നടത്തുമ്പോൾ പലതും ശ്രദ്ധിക്കാനുണ്ടെന്ന് സംഘാടകരെ ഓർമപ്പെടുത്തുന്നതായി പഴശ്ശി മിനി ജലവൈദ്യുത പദ്ധതിയുടെ തറക്കല്ലിടൽ. മന്ത്രിമാരായ ഇ.പി. ജയരാജനും എം.എം. മണിയും പങ്കെടുത്ത ചടങ്ങിലാണ് നാടയുടെ നിറം പൊല്ലാപ്പായത്. തറക്കല്ലിട്ടശേഷം പദ്ധതിയുടെ തുരങ്കത്തിന് കുറുകെ കെട്ടിയ നാടമുറിച്ച് മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്ളിലേക്ക് പ്രവേശിക്കുന്നതായിരുന്നു ചടങ്ങ്. ചടങ്ങിന്റെ വേദി കുയിലൂർ സ്കൂൾ പരിസരമായിരുന്നു. അതിനാൽ തുരങ്കത്തിനടുത്ത് ഏതാനും മാധ്യമപ്രവർത്തകരും കെ.എസ്.ഇ.ബി. ജീവനക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളു. തുരങ്കത്തിന് കുറുകെ കെട്ടിയ നാടയുടെ നിറം കാവിയായിരുന്നു. കരാറുകാരനാണ് നാട വാങ്ങിയത്. കെട്ടിയത് കെ.എസ്.ഇ.ബി. ജീവനക്കാരും. മന്ത്രിമാർ എത്തുന്നതിന് നിമിഷങ്ങൾ മാത്രം ബാക്കിനില്ക്കെ രണ്ടുപേർ എത്തി നാട അഴിച്ചുമാറ്റി.മൂന്നുമീറ്റർ നീളമുള്ള തുരങ്കത്തിന് കുറുകെ കെട്ടാൻ പാകത്തിന് നീളമുള്ള ചുവപ്പുനാട സംഘടിപ്പിക്കാൻ കഴിയാതെ വന്നതോടെ മൂന്നുനാല് നാടകൾ ചേർത്തുകെട്ടി. എന്നിട്ടും നീളം തികഞ്ഞില്ല. പുതിയ ചുവപ്പുനാട സംഘടിച്ച് എത്തിക്കാനും സമയമില്ല. അഴിച്ചുകളഞ്ഞ കാവിനാടയുടെ ചെറിയ ഭാഗം കൂട്ടിക്കെട്ടിയാണ് ഒടുവിൽ പ്രശ്നം പരിഹരിച്ചത്. പദ്ധതിക്ക് കേന്ദ്രസർക്കാർ 20 കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ സൂചനയാണ് നാടയുടെ ഒരറ്റത്തെ കാവിഭാഗമെന്ന് ആരോ പറയുകയും ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/3s1Mj5h
via IFTTT