Breaking

Friday, February 12, 2021

ഒഴിവുകൾ ആയിരത്തിലേറെ; നിയമനം നൂറിൽതാഴെ പേർക്ക്

മലപ്പുറം: ഹയർസെക്കൻഡറിയിൽ 12,000 ഉദ്യോഗാർഥികൾ റാങ്ക്പട്ടികയിലുള്ളപ്പോൾ ഒഴിഞ്ഞുകിടക്കുന്നത് ആയിരക്കണക്കിനു തസ്തികകൾ. പട്ടികയിൽനിന്ന് നൂറിൽതാഴെ പേർക്കുമാത്രമാണ് നിലവിൽ നിയമനം ലഭിച്ചത്. ഇതോടെ കടുത്ത ആശങ്കയിലാണ് ഉദ്യോഗാർഥികൾ. പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണവർ. 2019 പകുതിയോടെയാണ് ഓരോ വിഷയത്തിന്റെയും പട്ടിക പ്രസിദ്ധീകരിച്ചത്. കോവിഡ് പ്രതിസന്ധിമൂലം സ്കൂളുകൾ അടച്ചിട്ടതോടെ നിയമനവും വഴിമുട്ടി. താത്കാലിക അധ്യാപകർക്കാണ് ഓൺലൈൻ ക്ലാസിന്റെ ചുമതല നൽകിയത്. എൽ.പി, യു.പി, ഹൈസ്കൂൾ അധ്യാപകരിൽനിന്ന് തസ്തികമാറ്റംവഴി നിയമിക്കാൻ യോഗ്യതയുള്ളവർ ഇല്ലെങ്കിൽ പി.എസ്.സി. റാങ്ക് പട്ടികയിൽനിന്ന് നിയമനം നടത്തണമെന്നാണ് വ്യവസ്ഥ. അത്തരത്തിൽ യോഗ്യതയുള്ളവർ ഇല്ലാതിരുന്നിട്ടും പട്ടികയിൽനിന്ന് നിയമനം നടത്തുന്നില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. 2022-ലാണ് നിലവിലെ പട്ടികയുടെ കാലാവധി തീരുന്നത്. 2010-ന് ശേഷം ഗവ. ഹയർസെക്കൻഡറി സ്കൂളുകളിൽ തസ്തിക സൃഷ്ടിച്ചിട്ടില്ല. ഉടൻതന്നെ തസ്തിക സൃഷ്ടിച്ചാൽ മാത്രമേ കാലാവധി കഴിയുന്നതിനുമുമ്പ് നിയമനം നടക്കൂ. സമയബന്ധിതമായി നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും നടന്നാലേ പിന്നീട് റാങ്ക്പട്ടികയിലുള്ളവർക്ക് നിയമനം ലഭിക്കൂ. ജൂനിയർ അധ്യാപകരിൽനിന്ന് അർഹമായ യോഗ്യതയുള്ളവരെയാണ് സീനിയറായി പരിഗണിക്കുക. കഴിഞ്ഞവർഷം നിയമനം നടക്കാത്തതിനാൽ ഇനി സീനിയർ തസ്തികയിൽ ഒഴിവുവന്നാലും മിക്ക വിഷയങ്ങളിലും പ്രൊബേഷൻ കഴിഞ്ഞവർ ഇല്ലാത്തതിനാൽ റാങ്ക്പട്ടികയിൽനിന്ന് നിയമനം നടക്കില്ലെന്ന ആശങ്കയാണ് ഉദ്യോഗാർഥികൾക്ക്. Content Highlights:Vacancies over a thousand; appointment to less than 100 people


from mathrubhumi.latestnews.rssfeed https://ift.tt/3qqBBF3
via IFTTT