Breaking

Saturday, February 13, 2021

യു.ഡി.എഫ്. നേതാക്കളോടൊപ്പം ഫോട്ടോ: രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ

കൊച്ചി: ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി കൊച്ചിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഷാൾ അണിയിക്കുകയും മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നിന്നു ഫോട്ടോയെടുക്കുകയും ചെയ്ത പോലീസുകാർ ചട്ടലംഘനം നടത്തി എന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ എറണാകുളം റൂറലിലെ ഉദ്യോഗസ്ഥരായ ബിജു, സിൽജൻ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കൊച്ചി സിറ്റി പോലീസ് സ്പെഷ്യൽ ബ്രാഞ്ചാണ് റിപ്പോർട്ട് നൽകിയത്.കല്ലൂർക്കാട് എ.എസ്.ഐ. ബിജു, സിറ്റി ജില്ലാ ആസ്ഥാനത്തെ എ.എസ്.ഐ. ജോസ് ആന്റണി, സിറ്റി കൺട്രോൾ റൂം എ.എസ്.ഐ. ഷിബു ചെറിയാൻ, എറണാകുളം റൂറൽ ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്പിലെ സി.പി.ഒ. സിൽജൻ, സിറ്റി ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്പിലെ സി.പി.ഒ. ദിലീപ് സദാനന്ദൻ എന്നിവർക്കെതിരേയാണ് റിപ്പോർട്ട്. സിറ്റിയിലെ ഉദ്യോഗസ്ഥർക്കെതിരേ നടപടിക്കുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.രമേശ് ചെന്നിത്തലയെ പോലീസുകാർ ചേർന്ന്‌ ഷാൾ അണിയിക്കുന്നതും കെ.പി.സി.സി. പ്രസിഡന്റിനൊപ്പം നിൽക്കുന്നതുമായ ഫോട്ടോകൾ പുറത്തുവന്നതിനെ തുടർന്നാണ്‌ കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അന്വേഷണത്തിന് ഉത്തരവിട്ടത്.കൊച്ചി സിറ്റി ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്പിലെ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് പോലീസുകാർക്ക് വിനയായത്.വ്യാഴാഴ്ച രാത്രി എറണാകുളം ഗവൺമെൻറ് ഗസ്റ്റ് ഹൗസിൽ വെച്ചാണ്‌ പോലീസുകാർ നേതാക്കളെ കണ്ടത്.പോലീസ് അസോസിയേഷൻ മുൻ ഭാരവാഹികളാണ് പോലീസുകാരെല്ലാംതന്നെ.അതേസമയം ഡ്യൂട്ടി സമയം കഴിഞ്ഞ് പോലീസുകാർ നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്നും ഭരണഘടനാപരമായ സ്ഥാനം വഹിക്കുന്ന പ്രതിപക്ഷ നേതാവിനെ കാണുന്നതിൽ തെറ്റില്ലെന്നുമാണ് സേനയിലെ യു.ഡി.എഫ്. അനുകൂലികളുടെ വാദം.


from mathrubhumi.latestnews.rssfeed https://ift.tt/2N5bq89
via IFTTT