Breaking

Sunday, February 14, 2021

മൂന്നുമുന്നണികൾക്കും ഒരേസ്വരം തിരഞ്ഞെടുപ്പ് ഒറ്റഘട്ടംമതി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ പകുതിക്കുമുമ്പ് നടത്തണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള ചർച്ചയിൽ യു.ഡി.എഫും എൽ.ഡി.എഫും. വിഷു, റംസാൻവ്രതം, ഇദുൽ ഫിത്തർ തുടങ്ങിയവ കണക്കിലെത്താണ് മുന്നണികളുടെ നിർദേശം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുപോലെ മേയ് രണ്ടാംവാരം മതിയെന്നായിരുന്നു ബി.ജെ.പി.യുടെ ആവശ്യം. വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്തണമെന്ന് മൂന്നുകൂട്ടരും അഭിപ്രായപ്പെട്ടു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ, കമ്മിഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിവിധ കക്ഷിനേതാക്കളിൽ നിന്ന് അഭിപ്രായം തേടി. സംസ്ഥാനത്തെ കോവിഡിൽ കമ്മിഷന് ആശങ്കയുണ്ടെന്നു ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ സൂചിപ്പിച്ചു. യു.ഡി.എഫ്. ഏപ്രിൽആറിനും 14-നുമിടയിൽ വോട്ടെടുപ്പ് നടത്തണം. ഈസ്റ്റർ അവധി നാലിനുകഴിയുമെന്നതിനാൽ ഏറ്റവും അനുയോജ്യമായ സമയം എട്ടും പന്ത്രണ്ടുമാണ്. വിഷുദിനമായ 14-ന് റംസാൻ വ്രതാരംഭവുമാണ്. ഈ സാഹചര്യങ്ങൾ പരിഗണിക്കണം. വനിതാവോട്ടർമാരുടെ പേരുകളിലെ ഇരട്ടിപ്പ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയ കോൺഗ്രസ് നേതാക്കൾ വോട്ടർപട്ടികയിലെ ക്രമക്കേടാണ് വലിയൊരാക്ഷേപമെന്ന് കമ്മിഷനോടുപറഞ്ഞു. മുൻ എം.പി. പി.സി. ചാക്കോ, എം.എൽ.എ.മാരായ കെ.സി. ജോസഫ്, വി.ഡി. സതീശൻ, എം.കെ. മുനീർ തുടങ്ങിയവർ യു.ഡി.എഫിനെ പ്രതിനിധീകരിച്ചു. എൽ.ഡി.എഫ്. ഏപ്രിൽ നാലിനും 12-നുമിടയിൽ വോട്ടെടുപ്പ് നടത്തണം. റംസാൻ വ്രതം, വിഷു തുടങ്ങിയവ പരിഗണിച്ചുവേണം തീയതി നിശ്ചയിക്കാൻ. കൊട്ടിക്കലാശം നിയന്ത്രണത്തോടെ നടത്തണം. പ്രചാരണം തീരെയങ്ങ് ഒഴിവാക്കാതെ കോവിഡ് മാനദണ്ഡം പാലിച്ച് പൊതുയോഗങ്ങൾ ഉൾപ്പെടെയുള്ളവ നടത്തണം. വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളിലെ ഫീസ് ഒഴിവാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകുമെന്ന് കമ്മിഷണർ പറഞ്ഞു. കെ.എൻ. ബാലഗോപാൽ, കെ. പ്രകാശ്ബാബു, ആനത്തലവട്ടം ആനന്ദൻ എന്നിവർ പങ്കെടുത്തു. ബി.ജെ.പി. മേയ് രണ്ടാംവാരത്തോടെ മതി വോട്ടെടുപ്പ്. പ്രശ്നബാധിത പ്രദേശങ്ങളിൽ കേന്ദ്രസേനയെ നേരത്തേ വിന്യസിക്കണം. അവരെ സ്വന്തംനിലയിൽ പ്രവർത്തിക്കാൻ അനുവദിക്കണം. ബൂത്തിന്റെ 200 മീറ്ററിനുള്ളിൽ സേന ആവശ്യമാണ്. വോട്ടർപട്ടികയിലെ പോരായ്മ തീർക്കുകയും ക്യു.ആർ. കോഡ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്താൽ പോളിങ്ങിലെ ക്രമക്കേട് തടയാം. പ്രവാസിവോട്ടിന് പിന്തുണ. നേതാക്കളായ ജോർജ് കുര്യൻ, ജെ.ആർ. പദ്മകുമാർ, എസ്. സുരേഷ് എന്നിവർ ചർച്ചയ്ക്കെത്തി. Content Highlights: Kerala Assembly Election 2021


from mathrubhumi.latestnews.rssfeed https://ift.tt/3qk1ypC
via IFTTT