രണ്ട് കൊല്ലങ്ങൾക്ക് മുമ്പുണ്ടായ കാറപകടത്തിൽ ജോ ഡിമിയോ എന്ന യുവാവിന് നഷ്ടമായത് ജീവിതത്തിന്റെ പുഞ്ചിരിയാണ്. അത്യപൂർവ ശസ്ത്രക്രിയകൾക്കൊടുവിൽ ഈ ഇരുപത്തിരണ്ടുകാരന് ഇപ്പോൾ ചിരിയ്ക്കാം, കണ്ണുകൾ ചിമ്മാം കൂടാതെ കൈകളും വിരലുകളും ആയാസമില്ലാതെ ഉപയോഗിക്കാം.കാറപകടത്തിൽ നഷ്ടമായ മുഖവും കൈകളും അവയവമാറ്റ ശസ്ത്രക്രിയയിലൂടെയാണ് ജോയ്ക്ക് തിരികെ കിട്ടിയത്. ഇത്തരത്തിൽ നടത്തിയിട്ടുള്ളതിൽ വിജയകരമായി തീർന്ന ലോകത്തിലെ ആദ്യശസ്ത്രക്രിയയാണ് ഇതെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. 2018 ജൂലായിലെ ഒരു രാത്രി ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അറിയാതെ മയങ്ങിയതാണ് അപകടത്തിന് കാരണമായത്. കീഴ്മേൽ മറിഞ്ഞ കാറിലുണ്ടായ സ്ഫാടനത്തിൽ ശരീരത്തിന്റെ 80 ശതമാനത്തോളമാണ് ജോയ്ക്ക് പൊള്ളലേറ്റത്. കൈവിരലുകളും ചുണ്ടുകളും കൺപോളകളും ജോയ്ക്ക് നഷ്ടമായി. കണ്ണുകളുടെ കാഴ്ചയ്ക്കും മങ്ങലേറ്റതോടെ സാധാരണജീവിതം ജോയ്ക്ക് നഷ്ടമായി. നാല് മാസത്തോളം പൊള്ളൽ ചികിത്സാ വിഭാഗത്തിൽ കഴിഞ്ഞ ജോ നിരവധി ഗ്രാഫ്റ്റിങ്ങുകൾക്ക് വിധേയനായി, ജീവൻ രക്ഷിക്കാൻ നിരവധി തവണ രക്തം മാറ്റൽനടന്നു, ഡോക്ടർമാരുടെ നിർദേശപ്രകാരം രണ്ടര മാസത്തോളം മെഡിക്കൽ കോമയിലും ജോ തുടർന്നു. തനിക്കൊരു രണ്ടാം ജന്മം ലഭിച്ചു എന്നുള്ള ഈ ചെറുപ്പക്കാരന്റ പ്രതികരണം ഏറെ പ്രത്യാശാജനകമാണ്. ഇരുളടഞ്ഞ തുരങ്കത്തിനൊടുവിൽ പ്രകാശം കാണാനാവുമെന്ന കാര്യം തീർച്ചയാണ് അതിനാൽ ഒരിക്കലും പ്രതീക്ഷ കൈവിടാതിരിക്കൂ എന്ന് എൻവൈയു ലംഗോൺ ഹെൽത്തി(NYU Langone Health, NewYork) ലെ ഡോക്ടർമാർക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ ജോ പ്രതികരിച്ചു. 2020 ഓഗസ്റ്റ് 12 നാണ് സങ്കീർണമായ അവയവമാറ്റ ശസ്ത്രക്രിയ നടന്നത്. 96 വിദഗ്ധർ പങ്കുചേർന്ന ശസ്ത്രക്രിയ 23 മണിക്കൂർ കൊണ്ടാണ് പൂർത്തിയായത്. ആശുപത്രിയിലെ വദനമാറ്റ ശസ്ത്രക്രിയ വിഭാഗം മേധാവി എഡ്യൂർഡോ റോഡ്രിഗ്വിസ് ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ആത്മവിശ്വാസവും ഉത്സാഹവുമുള്ള രോഗിയാണ് ജോയെന്ന് ഡോക്ടർ എഡ്യൂർഡോ പറഞ്ഞു. ശസ്ത്രക്രിയ പൂർണമായും വിജയിച്ചത് ജോയുടെ മനസ്സാന്നിധ്യം കൊണ്ടു മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിന്ന് വരെ നടന്ന മുഖവും കൈകളും ഒരുമിച്ച് മാറ്റി വെച്ച രണ്ട് ശസ്ത്രക്രിയകളും പരാജയപ്പെട്ടിരുന്നു. ഒരു രോഗി ശസ്ത്രക്രിയയെ തുടർന്നുണ്ടായ അണുബാധ കാരണം മരിച്ചു. മറ്റെയാളുടെ മാറ്റി വെച്ച കൈകൾ പ്രവർത്തനക്ഷമമാവാത്തതിനെ തുടർന്ന് പിന്നീട് നീക്കം ചെയ്തിരുന്നു. പൂർണമായും ചേർച്ചയുള്ള ദാതാവിനെ ലഭിക്കുന്നതാണ് ഇത്തരം ശസ്ത്രക്രിയകളുടെ വെല്ലുവിളി. നെറ്റി, പുരികം, ചെവികൾ, മൂക്ക്, കൺപോളകൾ, ചുണ്ട്, കവിളുകൾ, തലയോട്ടി, മൂക്ക്, താടി തുടങ്ങിയ ഭാഗത്തെ അസ്ഥികൾ തുടങ്ങി ജോയുടെ മുഖം പൂർണമായും മാറ്റി വെച്ചു, പിന്നീട് രണ്ട് കൈകളും മാറ്റി വെക്കുകയായിരുന്നു. പതിയെപ്പതിയെ ജോ പുതിയജീവിതത്തിലേക്ക് മടങ്ങി വരാൻ തുടങ്ങി. കൈകളുടെ പ്രവർത്തനം കറച്ചു കൂടി മെച്ചപ്പെടാനുണ്ടെന്ന് ഡോക്ടർ എഡ്യൂർഡോ വ്യക്തമാക്കി. തനിക്ക് പുതുജീവിതം നൽകിയ മെഡിക്കൽ സംഘത്തിനും കുടുംബത്തിനും തനിക്ക് മുഖവും കൈകളും നൽകിയ അജ്ഞാതദാതാവിന്റെ കുടുംബത്തിനും ജോ നന്ദിയറിയിച്ചു. കുഞ്ഞുങ്ങൾ സാധനങ്ങൾ ആദ്യമായി പിടിക്കുന്നതു പോലെയാണ് താൻ വസ്തുക്കൾ പുതിയ കൈകളുപയോഗിച്ച് എടുക്കാൻ ശ്രമിക്കുതെന്ന് ജോ പറഞ്ഞു. കുറച്ചുകാലം ഇല്ലാതിരുന്ന കൈകൾ വീണ്ടുമുപയോഗിക്കേണ്ടി വരുന്നതിന്റെ ചില പ്രയാസങ്ങളേയുള്ളുവെന്നും അത് താമസിയാതെ മാറുമെന്നും പറഞ്ഞ് ആത്മവിശ്വാസത്തോടെ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് ജോ. Content Highlights: 22 Year OldJoe DiMeo Gets Worlds First Double Hand Face Transplant
from mathrubhumi.latestnews.rssfeed https://ift.tt/3rlHV0i
via
IFTTT