Breaking

Monday, February 15, 2021

തെരുവുനായയെ കയറുകെട്ടി റോഡിലൂടെ വലിച്ചിഴച്ചു

കട്ടപ്പന: തെരുവുനായയെ തല്ലിച്ചതച്ചശേഷം കയറുകെട്ടി റോഡിലൂടെ കെട്ടിവലിച്ചു. കട്ടപ്പന കൈരളി ജങ്ഷനിൽ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. കൈരളി ജങ്ഷൻ മാണ്ടിയിൽ ഷാബു (51)വാണ് മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ചത്. നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. ഷാബു നായയെ കെട്ടിവലിക്കുന്നതുകണ്ട സിദ്ധാർത്ഥ് എന്ന യുവാവാണ് ദൃശ്യം മൊബൈലിൽ പകർത്തിയത്. ഇക്കാര്യം നാട്ടുകാരെയും അറിയിച്ചു. നായയെ ഷാബു വടികൊണ്ട് അടിച്ചശേഷം കയറുകൊണ്ട് കെട്ടി റോഡിലൂടെ വലിക്കുകയായിരുന്നുവെന്ന് കണ്ടുനിന്നവർ പറഞ്ഞു. റോഡിലൂടെ 20 മീറ്ററോളം ഇയാൾ നായയെ കെട്ടിവലിച്ചു. സാരമായി പരിക്കേറ്റ നായയെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം, ഏറ്റെടുക്കാൻ സന്നദ്ധരായ യുവാക്കളുടെ സംരക്ഷണത്തിൽ വിട്ടു. പ്രതി ഷാബു തന്നെ ആക്രമിക്കാൻശ്രമിച്ച നായയെ സ്വയരക്ഷയ്ക്കായി കുടുക്കിട്ട് പിടിക്കുകയായിരുന്നുവെന്ന് ഷാബു പറയുന്നു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കട്ടപ്പന പോലീസ് ഷാബുവിനെ അറസ്റ്റ് ചെയ്തു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഡിസംബർ 12-ന് നെടുമ്പാശേരി അത്താണിക്ക് സമീപം നായയെ കാറിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചത് വലിയ വിവാദമായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/37bMliM
via IFTTT