കൊച്ചി:അറസ്റ്റിലായി രണ്ടുമാസത്തിലേറെയായിട്ടും സ്വപ്നാ സുരേഷ് ഇപ്പോഴും അന്വേഷണത്തോട് പ്രതിരോധം തീർക്കുന്ന സാഹചര്യത്തിൽ സ്വർണക്കടത്ത് കേസിൽ നിർണായകമാകുന്നത് ഡിജിറ്റൽ തെളിവുകൾ. ബുധനാഴ്ച വൈകീട്ട് എൻഫോഴ്സ്മെന്റ് ദക്ഷിണമേഖല ചുമതലയുള്ള സ്പെഷ്യൽ ഡയറക്ടർ സുശീൽ കുമാറും എൻ.ഐ.എ. എസ്.പി. രാഹുലും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ജലീൽ ഇ.ഡി.യോട് പറഞ്ഞ കാര്യങ്ങളിലും ഡിജിറ്റൽ തെളിവുകളിൽനിന്ന് എൻ.ഐ.എ.യ്ക്ക് ലഭിച്ച വിവരങ്ങളിലും വൈരുധ്യമുള്ളതായി വ്യക്തമായി. ഇതോടെയാണ് നേരിട്ട് ഹാജരാകാൻ ജലീലിനോട് എൻ.ഐ.എ. നിർദേശിച്ചത്. സ്വർണക്കടത്ത് കേസിൽ പങ്കാളികളായ ഓരോരുത്തരും ഡിജിറ്റൽ തെളിവുകൾ സൂക്ഷിച്ചിരുന്നു. കള്ളക്കടത്തിൽ പങ്കാളികളായവർക്ക് പരസ്പരം വിശ്വാസമില്ല എന്നതാണ് ഇതിനു കാരണം. ഈ തെളിവുകളെല്ലാം വീണ്ടെടുക്കാൻ കഴിഞ്ഞു എന്നതാണ് അന്വേഷണത്തിൽ നിർണായകമായത്. 4000 ജി.ബി.യോളം വരും ഈ ഡിജിറ്റൽ തെളിവുകൾ. ഇവയെല്ലാം ഡീകോഡ് ചെയ്ത് വിലയിരുത്തുകയാണ് അന്വേഷണസംഘം. സ്വപ്ന ഒന്നും തുറന്നുപറയുന്നില്ല. കേസിൽ പങ്കാളിയായ ഉന്നതരെ സംരക്ഷിക്കാനുള്ള എല്ലാ ശ്രമവും അവരുടെ ഭാഗത്തുനിന്ന് ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഇതിനാവശ്യമായ എല്ലാ തയ്യാറെടുപ്പുകളും അവർ നടത്തിയിട്ടുണ്ടെന്നും വിലയിരുത്തുന്നു. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസും എൻ.ഐ.എ.യും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടിയത്. ഇതില്ലെങ്കിൽ സ്വപ്നയടക്കം ഏതാനും പ്രതികളിൽ കേസ് അവസാനിക്കുമായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇനിയും ചോദ്യംചെയ്യലും അറസ്റ്റും ഉണ്ടാകുമെന്ന സൂചനയുമുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3caiadh
via
IFTTT