ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടി ആശുപത്രി വിട്ടു. റോഡപകടത്തിൽ ഗുരുതര പരിക്കേറ്റ ഇവരെ കോടതി നിർദേശ പ്രകാരം ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതിയേയും കുടുംബത്തേയും ഡൽഹിയിൽ താമസിക്കാൻ സൗകര്യമൊരുക്കണമെന്നും കോടതി ഉത്തരവിട്ടു. ജൂലായ് 28-നാണു പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൽ റായ്ബറേലിയിൽവെച്ച് ട്രക്കിടിച്ചത്. ബലാത്സംഗക്കേസ് അട്ടിമറിക്കുന്നതിനായി മുൻ ബി.ജെ.പി. എം.എൽ.എ. കുൽദീപ് സിങ് സേംഗറും കൂട്ടാളികളും ആസൂത്രണം ചെയ്തതാണ് അപകടമെന്നാണ്പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. ലഖ്നൗവിലെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ സുപ്രീംകോടതി നിർദേശപ്രകാരം വിമാനമാർഗമാണ് എയിംസിലെ ട്രോമാ കെയറിൽ എത്തിച്ചത്. ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുണ്ടാതോടെയാണ് ചൊവ്വാഴ്ച രാത്രി ഡിസ്ചാർജ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം അധികൃതർ ഡൽഹി കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് പെൺകുട്ടിയേയും കുടുംബത്തേയും നഗരത്തിൽ തന്നെ താമസിപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് ശർമ നിർദേശം നൽകി. അതുവരെ എയിംസിൽ തന്നെയുള്ള ജയപ്രകാശ് നാരായൺ ട്രോമ സെന്ററിലെ ഹോസ്റ്റലിൽ ഇവർക്ക് താമസ സൗകര്യമൊരുക്കണമെന്നും കോടതി നിർദേശിച്ചു. അടുത്ത ഏഴ് ദിവസം ഇവർക്ക് ഇവിടെ തങ്ങാം. ജന്മദേശത്ത് ജീവന് ഭീഷണിയുണ്ടെന്നും അതിനാൽ ഡൽഹിയിൽ തങ്ങൾക്ക് സുരക്ഷിതമായി താമസിക്കാൻ ഇടമൊരുക്കണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ നേരത്തേ കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ അടുത്ത ശനിയാഴ്ച വാദം കേൾക്കും. നമ്പർപ്ലേറ്റ് മായ്ചു കളഞ്ഞ ട്രക്ക് പെൺകുട്ടി സഞ്ചരിച്ച കാറിൽ ഇടിച്ച സംഭവത്തിൽ കുൽദീപ് സിങ് സേംഗറടക്കം പത്തുപേർക്കെതിരേ കൊലക്കുറ്റം ചുമത്തി സി.ബി.ഐ. കേസെടുത്തിരുന്നു. ഈ കേസിൽ അന്വേഷണം തുടരുകയാണ്. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ കൊല്ലപ്പെട്ടു. ഗുരുതര പരിക്കേറ്റ അഭിഭാഷകൻ ചികിത്സയിലാണ്. Content highlights:Unnao rape survivor discharged from Delhi AIIMS Court directs family to stay in Delhi
from mathrubhumi.latestnews.rssfeed https://ift.tt/2lxSIbt
via
IFTTT