Breaking

Friday, December 7, 2018

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മ്മയെ അടിയന്തരമായി മാറ്റാനുള്ള സാഹചര്യമെന്താണെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ അടിയന്തരമായി മാറ്റാനുള്ള സാഹചര്യമെന്താണെന്ന് സുപ്രീംകോടതി ചോദിച്ചു. തന്നെ അവധിയില്‍ പ്രവേശിപ്പിച്ച കേന്ദ്ര തീരുമാനത്തിനെതിരെയുള്ള അലോക്‌വര്‍മ്മയുടെ ഹര്‍ജിയില്‍ അന്തിമ വാദത്തിനിടെയാണ് കോടതിയുടെ പരാമര്‍ശം. 

സെലക്‌ഷന്‍ കമ്മിറ്റിയോട് എന്ത്കൊണ്ട് കൂടിയാലോചിച്ചില്ല?​ സ്ഥാപനത്തിന്റെ താത്പര്യത്തിന് മികച്ചത് എന്തായിരിക്കണം എന്നതാവണം സര്‍ക്കാരിന്റെ എല്ലാ നടപടിയുടെയും അന്തസത്തയെന്നും ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

വാദം പൂര്‍ത്തിയാക്കി ഹര്‍ജി വിധി പറയാന്‍ മാറ്റി.

അസാധാരണ സാഹചര്യമുണ്ടായതിനാലാണ് മാറ്റിനിറുത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര വിജിലന്‍സ് കമ്മിഷന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. അലോക് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങളും പ്രത്യാരോപണങ്ങളും അതുവരെ പരിശോധിക്കാത്തതിനാല്‍ സ്ഥലംമാറ്റേണ്ടതില്ലെന്നും അതേസമയം അദ്ദേഹം ചുമതലയിലിരിക്കെ അന്വേഷണം നടത്തുന്നത് ശരിയല്ലെന്നുമായിരുന്നു സി.വി.സിയുടെ നിഗമനം. അതുകൊണ്ട് അദ്ദേഹത്തെ സ്ഥലംമാറ്റുകയല്ല മാറ്റിനിറുത്തുക മാത്രമമാണ് ചെയ്തതെന്നും തുഷാര്‍ മേത്ത പറഞ്ഞു.

ഒക്ടോബര്‍ 23ന് അര്‍ദ്ധരാത്രിയിലല്ല ഈ പറഞ്ഞ കാരണങ്ങളുണ്ടായതെന്ന് ചീഫ്ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ജൂലായ് മുതല്‍ സഹിക്കാമെങ്കില്‍ പെട്ടെന്ന് മാറ്റാനുള്ള അടിയന്തര സാഹചര്യം എന്താണുണ്ടായതെന്നും അദ്ദേഹം ചോദിച്ചു. അടിയന്തര നടപടി അനിവാര്യമായിരുന്നു എന്നായിരുന്നു തുഷാര്‍ മേത്തയുടെ മറുപടി.



from Anweshanam | The Latest News From India https://ift.tt/2BUNpZ3
via IFTTT