Breaking

Sunday, December 2, 2018

എയർപോർട്ട് മാതൃകയിൽ ബസ് പോർട്ട്; കേരളത്തിൽ തിരുവനന്തപുരത്ത്

ന്യൂഡൽഹി: എയർപോർട്ട് മാതൃകയിൽ രാജ്യമൊട്ടുക്കും ബസ്പോർട്ടുകൾ നിർമിക്കാനുള്ള പദ്ധതിക്ക് റോഡ് ഗതാഗതമന്ത്രാലയം അന്തിമരൂപം നൽകി. കേരളവും ഇതിൽ പങ്കാളിയാകും. തിരുവനന്തപുരം വിമാനത്താളത്തിനടുത്ത് ഈഞ്ചക്കലിൽ, ദേശീയപാതയ്ക്കരികെ കെ.എസ്.ആർ.ടി.സി.യുടെ അഞ്ചരയേക്കർ സ്ഥലമാണ് ഇതിനുപയോഗിക്കുക. “അന്തഃസംസ്ഥാന ബസ് ടെർമിനലിനുവേണ്ടി നേരത്തേ ഏറ്റെടുത്ത സ്ഥലമാണ്. ബസ്പോർട്ടിന്റെ പദ്ധതിനിർദേശം സംസ്ഥാനസർക്കാർ കേന്ദ്രമന്ത്രാലയത്തിനു നൽകി. കോഴിക്കോട്ട് മലാപ്പറമ്പിലും ബസ്പോർട്ട് സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ട്.” -മന്ത്രി എ.കെ. ശശീന്ദ്രൻ 'മാതൃഭൂമി'യോട് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും അത്യാധുനിക സൗകര്യങ്ങളോടുകൂടി ഒരു ബസ് പോർട്ടെങ്കിലും നിർമിക്കുകയാണ് കേന്ദ്രപദ്ധതിയുടെ ലക്ഷ്യം. പദ്ധതിച്ചെലവിന്റെ 40 ശതമാനം കേന്ദ്രം വഹിക്കും. 60ശതമാനം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കണ്ടെത്തണം. പണലഭ്യതയനുസരിച്ച് ഒന്നിൽക്കൂടുതൽ താവളങ്ങൾ സ്ഥാപിക്കാം. സ്വകാര്യ ഓപ്പറേറ്റർമാരുടെ ബസുകൾക്കും പോർട്ടിൽ പ്രവേശനം അനുവദിക്കണമെന്നതാണ് പദ്ധതിയുടെ പ്രധാന വ്യവസ്ഥ. സ്വകാര്യ ഓപ്പറേറ്റർമാർക്ക് ഇടംനൽകാത്ത പദ്ധതി പരിഗണിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ ഓപ്പറേറ്റർമാർക്ക് പ്രവേശനം അനുവദിക്കുന്നതും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതും സംബന്ധിച്ച് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ അന്തിമതീരുമാനമെടുക്കുമെന്ന് മന്ത്രി ശശീന്ദ്രൻ പറഞ്ഞു. മലാപ്പറമ്പിൽ പോർട്ടിനുള്ള പദ്ധതിനിർദേശം ഈ ബുധനാഴ്ച കോഴിക്കോട്ടു ചേരുന്ന യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര പദ്ധതി പ്രകാരം നിലവിലെ ബസ് സ്റ്റേഷനുകൾ വികസിപ്പിക്കുകയോ, പുതുതായി പോർട്ട് നിർമിക്കുകയോ ചെയ്യാം. ബസ് ബേകൾ, ടിക്കറ്റ് കൗണ്ടറുകൾ, ഭക്ഷണശാലകൾ, വിശ്രമകേന്ദ്രങ്ങൾ, കുടിവെള്ളം, ശൗചാലയങ്ങൾ, സ്വകാര്യ ബസുകൾക്ക് പാർക്കിങ്ങിനുള്ള സൗകര്യം, സർവീസ് കേന്ദ്രങ്ങൾക്കുള്ള സൗകര്യം തുടങ്ങിയവ പോർട്ടിലുണ്ടാകണം. ഗതാഗതമന്ത്രാലയത്തിനു കീഴിലുള്ള എൻ.എച്ച്.ഐ.ഡി.സി.എലിനാണ് (നാഷണൽ ഹൈവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ) പദ്ധതിച്ചുമതല. കെ.എസ്.ആർ.ടി.സി. സി.എം.ഡി. ടോമിൻ തച്ചങ്കരിയാണ് സംസ്ഥാനത്തെ നോഡൽ ഓഫീസർ. Content Highlight: Bus Port


from mathrubhumi.latestnews.rssfeed https://ift.tt/2FTdjQW
via IFTTT