Breaking

Saturday, December 1, 2018

മുള്ളൻപന്നിയെ പിടിക്കാൻ തുരങ്കത്തിൽ കയറിയ ആൾ ശ്വാസംമുട്ടി മരിച്ചു

കുമ്പള: മുള്ളൻപന്നിയെ പിടിക്കാൻ സുഹൃത്തിനൊപ്പം തുരങ്കത്തിൽ കയറിയ ആൾ ശ്വാസംമുട്ടി മരിച്ചു. ധർമത്തടുക്ക പൊസാടിഗുമ്പയിലെ നാരായണ നായക് എന്ന രമേശ് (42) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് സുഹൃത്ത് ഗുമ്പയിലെ സുന്ദരനൊപ്പം തുരങ്കത്തിനകത്തുള്ള മുള്ളൻപന്നിയെ പിടിക്കാനായി കയറിയത്. ബാളിഗെയിൽ കൃഷിയിടത്തിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായി നിർമിച്ചതായിരുന്നു തുരങ്കം. ഏറെക്കാലമായി ഇത് ഉപയോഗശൂന്യമായിരുന്നു. ഒരാൾക്ക് കഷ്ടിച്ച് കുനിഞ്ഞുപോകാൻ പറ്റുന്നതാണിത്. ആദ്യം രമേശ് കടന്നു. രണ്ടാമതായി കടക്കാൻ സുന്ദരനും ശ്രമിച്ചു. എന്നാൽ ശ്വാസതടസ്സമനുഭവപ്പെട്ടതിനെത്തുടർന്ന് പാതിയിൽനിന്ന് സുന്ദരൻ തിരിച്ചുവന്നു. ഏറെനേരം കഴിഞ്ഞിട്ടും രമേശ് തിരിച്ചുവരാത്തതിനെത്തുടർന്ന് ഇയാൾ മറ്റു മൂന്നു സുഹൃത്തുക്കൾക്കൊപ്പം തുരങ്കത്തിനടുത്തെത്തി രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ഉപ്പളയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയെങ്കിലും 40 മീറ്ററിലധികം ദൈർഘ്യമുള്ള തുരങ്കത്തിനകത്തെത്താൻ കഴിഞ്ഞില്ല. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ രമേശിന്റെ ശരീരം പുറത്തെടുക്കുകയായിരുന്നു. തുരങ്കനിർമാണത്തിൽ പരിചയമുള്ളവരെ കൊണ്ടുവന്ന് വെള്ളിയാഴ്ച പകൽ മുഴുവൻ നടത്തിയ ശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ബദിയടുക്ക എസ്.ഐ. മെൽവിൻ ജോസ്, കെ.വി.രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കാസർകോട് ജനറൽ ആസ്പത്രിയിലെത്തിച്ചു. പൊസാടിഗുമ്പെയിലെ സുബ്ബനായക്-ലളിത ദമ്പതിമാരുടെ മകനാണ് കൂലിപ്പണിക്കാരനായ രമേശ്. ഭാര്യ: ഗായത്രി. മക്കൾ: ചൈത്ര, ചേതൻ, പവൻ. സഹോദരങ്ങൾ: പ്രശാന്ത്, സതീഷ്, ലക്ഷ്മീശ, സുന്ദരി, സുനന്ദ. content highlights:man died of suffocation while entering Porcupine hollow


from mathrubhumi.latestnews.rssfeed https://ift.tt/2rgFpvA
via IFTTT