Breaking

Thursday, September 13, 2018

വ്യാജ വാഗ്ദാനങ്ങളുമായി മല്യ എത്തിയിരുന്നെന്ന് ജെയ്റ്റ്‌ലി

ന്യൂഡൽഹി: വിജയ് മല്യ വ്യാജ വാഗ്ദാനങ്ങളുമായി ഒരിക്കൽ തന്നെ സമീപിച്ചിരുന്നെന്ന് മന്ത്രി അരുൺ ജെയ്റ്റ്‌ലി. “മല്യയുടെ പ്രസ്താവന വസ്തുതാപരമായി തെറ്റാണ്. രാജ്യസഭാംഗമായതിനുശേഷം ഒരിക്കൽ ആ അധികാരം മല്യ ദുർവിനിയോഗം ചെയ്തു. അന്ന്‌ ഞാൻ സഭയിൽനിന്നിറങ്ങി എന്റെ മുറിയിൽപ്പോയി. പക്ഷേ, അയാൾ എന്റെ പിറകേവരികയും ബാധ്യതകൾ തീർക്കാമെന്ന് അറിയിക്കുകയും ചെയ്തു. അയാൾ മുമ്പുപറഞ്ഞ വ്യാജവാഗ്ദാനങ്ങളൊക്കെയും എന്റെയടുത്തും ആവർത്തിച്ചു. ആ സംഭാഷണം തുടരാൻ ഞാൻ അനുവദിച്ചില്ല. ബാങ്കുകളോട്‌ സംസാരിക്കാനാണ്‌ ഞാൻ പറഞ്ഞത്. അയാളുടെ പക്കലുണ്ടായിരുന്ന കടലാസുകളും ഞാൻ വാങ്ങിയില്ല.” -ജെയ്റ്റ്‌ലി വിശദീകരിച്ചു. പിന്നീടൊരിക്കലും തന്നെ കാണാൻ മല്യക്ക് അനുവാദം നൽകിയിട്ടില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.രാജ്യംവിടുംമുന്പ് ജെയ്റ്റ്‌ലിയെ കണ്ടിരുന്നെന്ന മല്യയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ജെയ്റ്റ്‌ലി. ബി.ജെ.പി.ക്കും കോൺഗ്രസിനും തന്നെ താത്പര്യമില്ലെന്നും താനൊരു രാഷ്ട്രീയഫുട്ബോളും ബലിയാടുമാണെന്ന് ആരോപിക്കുകയുണ്ടായി. ‘‘കർണാടക ഹൈക്കോടതിക്കുമുമ്പാകെ ശിക്ഷയിളവുതേടിക്കൊണ്ട്‌ ഞാൻ ഹർജി നൽകിയിട്ടില്ല. എല്ലാ ബാധ്യതയും തീർക്കാൻ തയ്യാറാണെന്നാണ്‌ കോടതിയെ അറിയിച്ചത്. 15,000 കോടി രൂപ നൽകാമെന്ന്‌ കോടതിയെ അറിയിച്ചെങ്കിലും അത്‌ ബാങ്കുകൾ തള്ളിക്കളഞ്ഞു. എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് ബാങ്കുകളോട് ചോദിക്കണം” -മല്യ പറഞ്ഞു. ഇക്കാര്യം വെസ്റ്റ്മിൻസ്റ്റർ കോടതി അനുഭാവപൂർവം പരിഗണിക്കുമെന്നാണ്‌ കരുതുന്നതെന്ന്‌ മല്യ പ്രത്യാശ പ്രകടിപ്പിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2MntMuF
via IFTTT