ചെന്നൈ: കേരളത്തിലെ മുഴുവൻ എക്സ്പ്രസ് തീവണ്ടികളിലും റിസർവേഷനില്ലാത്ത കൂടുതൽ കോച്ചുകൾ ഉൾപ്പെടുത്തുമെന്നും എല്ലാ പാസഞ്ചർ തീവണ്ടികളും സർവീസ് ആരംഭിക്കുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.തീവണ്ടികളിൽ സീസൺ ടിക്കറ്റുകൾ അനുവദിക്കണമെന്നും പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കണമെന്നുമാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ്, പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻ മാനേജർ നീനു ഇട്ടേരിയ, അഡീഷണൽ ജനറൽ മാനേജർ മാലിയ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എക്സ്പ്രസ് തീവണ്ടികളിലെ റിസർവേഷനില്ലാത്ത കോച്ചുകളിൽ സീസൺ ടിക്കറ്റുകൾ നവംബർ, ഡിസംബർ മാസത്തോടെ പുനഃസ്ഥാപിക്കും. പാസഞ്ചർ തീവണ്ടികളും ഇതോടെ ഒാടിത്തുടങ്ങും. 96 ശതമാനം എക്സ്പ്രസ് തീവണ്ടികളും സർവീസ് തുടങ്ങിയെന്നും ബാക്കി ഡിസംബറോടെ പുനഃസ്ഥാപിക്കുമെന്നും റെയിൽവേ അറിയിച്ചു. സാധാരണ തീവണ്ടി സർവീസുകൾ ആരംഭിക്കുന്നതോടെ പ്രത്യേക തീവണ്ടികളിൽ ഈടാക്കുന്ന അധിക നിരക്ക് ഇല്ലാതാകും. വിവിധ വിഭാഗങ്ങൾക്ക് അനുവദിച്ചിരുന്ന യാത്രാഇളവുകളും പുനഃസ്ഥാപിക്കും. 23 തീവണ്ടികളിൽ സീസൺ ടിക്കറ്റുകൾ നൽകിത്തുടങ്ങി. കോച്ചുകളുടെ ലഭ്യതയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പരിശോധിച്ചാണ് കൂടുതൽ കോച്ചുകൾ കൂട്ടിച്ചേർക്കുന്നതെന്നും ഇതിന് സമയമെടുക്കുമെന്നും അധികൃതർ അറിയിച്ചു.കൊല്ലം, തിരുവനന്തപുരം സെൻട്രൽ, നേമം, കൊച്ചുവേളി ടെർമിനലുകളുടെ വികസനത്തിനും ഏറ്റുമാനൂരിനും ചിങ്ങവനത്തിനും ഇടയിലുള്ള പാതയിരട്ടിപ്പിനുമാണ് റെയിൽവേ പ്രധാന്യം നൽകുന്നത്. ഇവ പൂർത്തിയാകുന്നതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/3w8sb4l
via 
IFTTT