ന്യൂഡൽഹി : കർഷക സമരത്തിന് അന്താരാഷ്ട്ര തലത്തിൽ പിന്തുണയേറിയ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ച ഇന്ത്യ ഒറ്റക്കെട്ട് പ്രചാരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര,കായികതാരങ്ങൾ. ബോളിവുഡിൽനിന്നുഅക്ഷയ് കുമാർ, അജയ് ദേവ്ഗൺ, കരൺ ജോഹർ, സുനിൽ ഷെട്ടി എന്നിവരും കായിക മേഖലയിൽ നിന്ന് വിരാട് കോലി, സച്ചിൻ, കുംബ്ലെ തുടങ്ങിയവരും ട്വിറ്റർ പ്രചാരണത്തിന്റെ ഭാഗമായി. ഇന്ത്യയുടെ നയങ്ങൾക്കെതിരായ പ്രചാരണത്തിനെതിരേ ഐക്യത്തോടെ നിലകൊള്ളാനുള്ള കേന്ദ്രത്തിന്റെ ആഹ്വാനം ഏറ്റെടുത്താണ് പ്രമുഖ താരങ്ങളുടെ ട്വീറ്റ്. ഇന്ത്യക്കോ ഇന്ത്യൻ നയങ്ങൾക്കോ എതിരായ തെറ്റായ പ്രചാരണങ്ങളിൽ വീഴരുത്. എല്ലാ ആഭ്യന്തര കലഹങ്ങളും മാറ്റിവച്ച് ഐക്യത്തോടെ നിൽക്കേണ്ടത് പ്രധാനമാണ്. രാജ്യത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ് കർഷകർ. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ പ്രകടമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പങ്കുവെച്ച് അക്ഷയ്കുമാർ പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നാണ് സച്ചിന്റെ പ്രതികരണം."പുറത്തുനിന്നുള്ളവർക്ക് കാഴ്ചക്കാരായി നിൽക്കാം. ഇന്ത്യയുടെ പരമാധികാരത്തിൽ ഇടപെടരുത്. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം, ഇന്ത്യയ്ക്ക് വേണ്ടി തീരുമാനമെടുക്കാനും. ഒരു രാജ്യമെന്ന നിലയിൽ നമുക്ക് ഐക്യപ്പെട്ടു നിൽക്കാം",സച്ചിൻ ട്വീറ്റ് ചെയ്തു. പ്രക്ഷുബ്ധമായ കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഓരോ സമയത്തും വിവേകവും ക്ഷമയും ആവശ്യമാണ്. പരിഹാരം കണ്ടെത്താൻ ഒരുമിച്ച് ശ്രമിക്കാം. നമ്മളെ ഭിന്നിപ്പിക്കാൻ ആരെയും അനുവദിക്കരുതെന്ന് കരൺ ജോഹർ വ്യക്തമാക്കി. അർധ സത്യത്തെക്കാൾഅപകടകരമായ ഒന്നും തന്നെയില്ല. എല്ലായ്പ്പോഴും കാര്യങ്ങളെക്കുറിച്ച് സമഗ്രമായ വീക്ഷണം പുലർത്തണമെന്ന് കേന്ദ്രത്തെ പിന്തുണച്ച് സുനിൽ ഷെട്ടി അഭിപ്രായപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങളുടെ ഈ മണിക്കൂറിൽ നമ്മളെല്ലാവരും ഐക്യത്തോടെ തുടരണം. കൃഷിക്കാർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. സമാധാനം കൈവരിക്കാനും ഒരുമിച്ച് മുന്നോട്ടുപോകാനും സൗഹാർദപരമായ പരിഹാരമുണ്ടാകുമെന്ന് ഉറപ്പുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കോലി ട്വീറ്റ് ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇവിടുത്തെ ആഭ്യന്തര പ്രശ്നങ്ങളിൽ രമ്യമായ പരിഹാരം കണ്ടെത്താൻ ഇന്ത്യയ്ക്ക് കഴിവുണ്ടെന്നാണ് അനിൽ കുബ്ലെയും പ്രതികരിച്ചു. രാജ്യന്തര തലത്തിൽ കർഷക സമരത്തിന് പിന്തുണയറിയിച്ച് പോപ്പ് താരം റിഹാനയും പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെയുമാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ അന്താരാഷ്ട്ര തലത്തിലെ നിരവധി പ്രമുഖരും കർഷക സമരത്തെ പിന്തുണച്ച് നിലപാട് വ്യക്തമാക്കിയിരുന്നു. ഇത്തരം വിഷയങ്ങളിൽ എന്തെങ്കിലും പറയുന്നതിനുമുമ്പ് വസ്തുതകൾ പരിശോധിക്കണമെന്നും സെൻസേഷൻ ഉണ്ടാക്കുന്ന ഹാഷ്ടാഗുകളും അഭിപ്രായങ്ങളും പ്രശസ്തരുടെ ഭാഗത്തുനിന്ന് ഉണ്ടായത് നിരുത്തരവാദപരവുമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. content highlights:Bollywood celebrities, cricketers stand by Centre as India takes on Rihanna over support to farmers protest
from mathrubhumi.latestnews.rssfeed https://ift.tt/3oMyPbh
via
IFTTT