ഹരിപ്പാട് : ട്രോൾ വീഡിയോ വൈറലാക്കാൻ യുവാക്കൾചേർന്നു നടത്തിയത് ബൈക്ക് യാത്രക്കാരുടെ ജീവൻവെച്ചുള്ള കളി. വീഡിയോ ചിത്രീകരണത്തിനായി ന്യൂജെൻ ബൈക്കിൽ അതിവേഗത്തിൽ പാഞ്ഞിട്ട് മുന്നിൽപ്പോയ ബൈക്കുയാത്രികരെ പിന്നിൽനിന്നിടിച്ചു. ഇടിയുടെ അഘാതത്തിൽ ബൈക്ക് പാളിയെങ്കിലും നിലതെറ്റി വീണില്ല. പിന്നിലിരുന്ന ആളിന്റെ കൈക്ക് പരിക്കേറ്റു. ഇതെല്ലാം മൊബൈലിൽ ഷൂട്ടുചെയ്തുകൊണ്ടിരുന്ന ന്യുജൻ ബൈക്കുകാർ ക്ഷമപറഞ്ഞ് തടിതപ്പി. തുടർന്ന്, ഇൻ ഹരിഹർ നഗർ സിനിമയിലെ ഒരു രംഗത്തിന്റെ സംഭാഷണവും പശ്ചാത്തല സംഗീതവും ചേർത്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. അതിവേഗം അലങ്കാരമല്ല, അഹങ്കാരമാണെന്ന തലക്കെട്ടോടെയാണിത്. യുവാക്കൾ പ്രതീക്ഷിച്ചതുപോലെ വീഡിയോ വൈറലായെങ്കിലും മോട്ടോർ വാഹന വകുപ്പ് ഷൂട്ടിങ്ങുകാരെ കൈയോടെ പൊക്കി. ബൈക്ക് പിടിച്ചെടുത്ത് ഡ്രൈവറുടെ ലൈസൻസും റദ്ദാക്കി. സിനിമയിൽ സിദ്ദീഖും മുകേഷും ജഗദീഷും അശോകനുംചേർന്ന് പറവൂർ ഭരതന്റെ കഥാപാത്രത്തെ ഇടിച്ചുവീഴ്ത്തി പരിചയപ്പെടാൻ ശ്രമിക്കുന്ന രംഗമാണ് ആറ്ുയുവാക്കൾചേർന്ന് ലൈവായി ചിത്രീകരിച്ചത്. സിനിമയിലെ സംഭാഷണങ്ങൾ നാലു ബൈക്കുകളിലിരുന്ന് ആറംഗ സംഘം അനുകരിക്കുന്നതാണ് ആദ്യം കാണുന്നത്. തുടർന്ന് രണ്ടുപേർ ബൈക്കിൽ അതിവേഗത്തിൽ പായുന്നു. മുന്നിൽപ്പോയ ബൈക്കിനുപിന്നിൽ ഇടിച്ചു നിർത്തുന്നതും ആ ബൈക്ക് പാളിപ്പോകുന്നതുമെല്ലാം വീഡിയോയിൽ കാണാം. അപ്രതീക്ഷിത ആഘാതത്തിൽ ഭയപ്പാടോടെ നോക്കുന്ന ബൈക്ക് യാത്രക്കാരുടെ ദൃശ്യം തിരിച്ചറിഞ്ഞ നാട്ടുകാരാണു വിവരം മോട്ടോർവാഹന വകുപ്പിനെ അറിയിച്ചത്. വൈദ്യുതി ബോർഡ് ജീവനക്കാരൻ പല്ലന സ്വദേശി അൽത്താഫും പിതൃസഹോദരനുമാണ് ഇടിയേറ്റ ബൈക്കിലുണ്ടായിരുന്നത്. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ മഹാദേവികാട് തോട്ടുകടവ് ഭാഗത്തുവെച്ച് കഴിഞ്ഞ ദിവസമാണ് വീഡിയോ ചിത്രീകരിച്ചത്. ബൈക്കുടമ കാർത്തികപ്പള്ളി മഹാദേവികാട് നന്ദനത്തിൽ ആകാശ് ശശികുമാറിന്റെ വീട്ടിൽ വ്യാഴാഴ്ച ഉച്ചയോടെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെത്തി. ബൈക്ക് കസ്റ്റഡിയിലെടുത്തശേഷം ഇയാളുടെ ലൈസൻസ് ആറുമാസത്തേക്കു റദ്ദാക്കിയതായി ആർ.ടി.ഒ. അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3pQ0mKv
via
IFTTT