കോഴിക്കോട്: മാവൂർ റോഡിലെ ലോഡ്ജിൽവെച്ച് ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവതി മരിച്ചു. മേപ്പയ്യൂർ എടത്തിൽമുക്ക് പത്താംകാവുങ്ങൽ ഹൗസിൽ കെ.വി. അഷ്റഫിന്റെ ഭാര്യ സലീന(43)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച രാവിലെ 11-ഓടെയായിരുന്നു മരണം. 13-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. എരഞ്ഞിപ്പാലത്തുള്ള ലേഡീസ് ഹോസ്റ്റൽ നടത്തിപ്പുകാരിയായിരുന്നു സലീന. ഇവരെ കാണണമെന്നാവശ്യപ്പെട്ട് ഭർത്താവ് അഷ്റഫ് ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് അഷ്റഫ് റൂമിൽ കിടന്നുറങ്ങുകയായിരുന്ന സലീനയുടെ കഴുത്തറുക്കുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ ലോഡ്ജിലെ ജീവനക്കാരോട് ഭാര്യ സ്വയംകഴുത്തറുക്കാൻ ശ്രമിച്ചെന്നാണ് അഷ്റഫ് പറഞ്ഞത്. ഇതിനിടെ പുറത്തേക്കോടിയ സലീന സ്വയം ഓട്ടോ പിടിച്ചാണ് മെഡിക്കൽ കോളേജിലെത്തിയത്. ആശുപത്രിയിലെത്തിയ സലീന സംഭവിച്ച കാര്യങ്ങൾ ഡോക്ടർക്ക് രേഖാമൂലം എഴുതി നൽകിയതോടെയാണ് കാര്യങ്ങൾ പുറത്തറിഞ്ഞത്. ഇതോടെ 14-നുതന്നെ അഷ്റഫിനെ കസബ പോലീസ് അറസ്റ്റുചെയ്ത് റിമാൻഡിലാക്കിയിരുന്നു. വിദേശത്തായിരുന്ന അഷ്റഫ് നാട്ടിലെത്തിയശേഷം ഡ്രൈവറായി ജോലിചെയ്യുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. സംശയത്തെത്തുടർന്നാണ് സലീനയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയത്. നിലമ്പൂർ എടക്കര കുണ്ടുപറമ്പിൽ യൂസഫിന്റെ മകളാണ് സലീന. സംഭവം നടക്കുമ്പോൾ ഇരുവർക്കുമൊപ്പം ഒന്നരവയസ്സുള്ള മകളുമുണ്ടായിരുന്നു. നാലുകൊല്ലം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അഷ്റഫ് സലീനയെ വിവാഹം കഴിക്കുന്നതിനുമുമ്പ് രണ്ടുവിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ ഭാര്യ മരിച്ചശേഷമായിരുന്നു രണ്ടാം വിവാഹം. പിന്നീട് സലീനയെയും വിവാഹം കഴിക്കുകയായിരുന്നു. Content Highlights:woman killed by husband in kozhikode
from mathrubhumi.latestnews.rssfeed https://ift.tt/3aE7HaQ
via
IFTTT