Breaking

Tuesday, February 2, 2021

മലിനീകരണം തടയാൻ പൊളിക്കൽ

കോഴിക്കോട്: പഴയവാഹനങ്ങൾ ഒഴിവാക്കാനായി ബജറ്റിൽ പ്രഖ്യാപിച്ച പൊളിനയത്തെക്കുറിച്ച് വ്യക്തതയായില്ല. നയം കൂടുതൽ ചർച്ചകൾക്കു ശേഷമായിരിക്കും പൂർണമായും നടപ്പാക്കുകയെന്നാണ് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞത്. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ റോഡുകളിൽനിന്ന് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. സ്വകാര്യവാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് 20 വർഷത്തിനു ശേഷവും പൊതുവാഹനങ്ങൾ 15 വർഷത്തിലും നടത്തണമെന്നാണിതിൽ പറയുന്നത്. അതിനുശേഷം ഉടമകൾക്ക് വാഹനങ്ങൾ പൊളിക്കാനായി നൽകാം. ഇപ്പോൾ കേരളത്തിൽ പതിനഞ്ചുവർഷമാണ് സ്വകാര്യവാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി. പതിനഞ്ചുവർഷത്തിനുശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി രജിസ്ട്രേഷൻ നീട്ടി നൽകും. എന്നാൽ, പൊതുവാഹനങ്ങൾക്ക് വർഷംതോറും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഇപ്പോൾ റോഡിലുള്ള വാഹനങ്ങൾക്കാണോ അതോ പുതിയ വാഹനങ്ങൾക്കാണോ നയം ബാധകമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. പുതിയ രജിസ്ട്രേഷനിൽ ഇറക്കുന്ന വാഹന ഉടമകൾക്ക് പുതിയ നയം ഗുണമായിരിക്കും. കാരണം 20 വർഷം വരെ രജിസ്ട്രേഷൻ കാലാവധിയുണ്ടാകും. 10000 കോടിയുടെ നിേക്ഷപംപുതിയനയത്തിലൂടെ പഴയവാഹനങ്ങൾ പൊളിക്കുന്ന പുതിയൊരു വ്യവസായവും തൊഴിലവസരങ്ങളും തുറക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. 10,000 കോടിയുടെ നിക്ഷേപവും 50,000 തൊഴിലവസരവും ഉണ്ടാവുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി പറഞ്ഞത്. ഏതാണ്ട് ഒരുകോടി വാഹനങ്ങൾ ഇതിന്റെ പരിധിയിൽ വരുമെന്നാണ് കണക്ക്. 20 വർഷത്തിനുമുകളിൽ 51 ലക്ഷവും പതിനഞ്ചുവർഷത്തിനുള്ള മുകളിലുള്ള 34 ലക്ഷം വാഹനങ്ങളും ഇന്ത്യയിലുണ്ടെന്നാണ് ഏകദേശകണക്ക്. ഇവയുണ്ടാക്കുന്ന മലിനീകരണം രൂക്ഷമാണ്. വാഹനങ്ങൾ പൊളിക്കുന്ന വ്യവസായത്തിന് അനുബന്ധവ്യവസായങ്ങൾക്കും ഇത്തരത്തിൽ ഗുണമുണ്ടാകും. 2019-ലാണ് 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയം കൊണ്ടുവരാൻ നിർദേശിക്കപ്പെട്ടത്. വൈദ്യുത വാഹനങ്ങളിലേക്കുള്ള ചുവടുവെപ്പായിരുന്നു അത്. നയം പൂർണമായി നടപ്പായിക്കഴിഞ്ഞാൽ രാജ്യത്ത് വാഹനങ്ങളുടെ വിലകുറയുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇരുമ്പടക്കമുള്ള വാഹനഭാഗങ്ങൾ ഇവിടെത്തന്നെ പുനരുപയോഗിക്കാൻ കഴിയുന്നതിലൂടെയായിരിക്കും അത്. അതോടൊപ്പം ഇന്ത്യയിലെ വാഹനവിൽപ്പന രംഗത്തും മുന്നേറ്റമുണ്ടാക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2Mpaqvo
via IFTTT