Breaking

Thursday, October 15, 2020

കേന്ദ്ര സർക്കാർ ഓഫീസുകളിൽ ഇനി ബി.എസ്.എൻ.എൽ. ബ്രോഡ്ബാൻഡ് മാത്രം

തൃശ്ശൂർ: കേന്ദ്രസർക്കാർ ഓഫീസുകളിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ബി.എസ്.എൻ.എൽ. ബ്രോഡ്ബാൻഡ് നിർബന്ധമാക്കി. കേന്ദ്ര സ്വയംഭരണ സ്ഥാപനങ്ങളിലും ഇത് ബാധകമാണ്. ഇൻറർനെറ്റ്, ബ്രോഡ് ബാൻഡ്, ലീസ് ലൈൻ, എഫ്.ടി.ടി.എച്ച്. എന്നിവ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ബി.എസ്.എൻ.എല്ലിന്റേത് മാത്രമായിരിക്കണം.മന്ത്രിസഭാ തീരുമാനം എല്ലാ വകുപ്പുകളേയും അറിയിക്കാൻ ടെലികോം മന്ത്രാലയത്തെ ചുമതലപ്പെടുത്തി. ഇവർ എല്ലാ വകുപ്പുകൾക്കും കത്ത് നൽകി കഴിഞ്ഞു. പുതിയ ഉത്തരവ് വരുമാനവർധ‌നയുണ്ടാക്കുമെന്നാണ് പ്രതീക്ഷ. സ്വകാര്യ കമ്പനികൾ രംഗത്തുവന്ന ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഉത്തരവ് വരുന്നത്. ബി.എസ്.എൻ.എൽ. പുനരുദ്ധാരണ പാക്കേജിലെ പ്രധാന നിർദേശങ്ങളിലൊന്നാണ് ഇപ്പോൾ യാഥാർഥ്യമായത്. വരിക്കാരുടെ എണ്ണം കൂട്ടി വരുമാനം കണ്ടെത്തണമെന്ന് പറഞ്ഞപ്പോൾ, സ്വന്തം ഓഫീസുകളിലും സ്ഥാപനങ്ങളിലും ബി.എസ്.എൻ.എൽ. കണക്ഷൻ എത്രത്തോളം ഉണ്ടെന്ന് പരിശോധിക്കണമെന്ന് അഭിപ്രായം ഉയർന്നിരുന്നു. പുനരുദ്ധാരണ പാക്കേജിൽ പറഞ്ഞതിൽ ഇനി നടക്കാനുള്ളത് 4ജി സേവനം എത്തിക്കുക എന്നതാണ്. തദ്ദേശീയ കമ്പനികൾക്കു മാത്രമേ ടെൻഡറുകളിൽ പങ്കെടുക്കാവൂ എന്ന വ്യവസ്ഥയിൽ തട്ടിയാണ് ഇത് ഇഴയുന്നത്. ലാൻഡ് ഫോണുകളിൽ 40 ശതമാനം ബി.എസ്.എൻ.എൽ.രാജ്യത്ത് കേബിൾ വഴിയുള്ള കണക്ഷനുകളിൽ (വയർലൈൻ കണക്ഷൻ) 40.47 ശതമാനം ബി.എസ്.എൻ.എലിന്റേതാണ്. 80,20770 കണക്ഷനുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള എയർടെല്ലിന് 43 ലക്ഷവും മൂന്നാം സ്ഥാനത്തുള്ള ടാറ്റ ടെലികോമിന് 16 ലക്ഷവുമാണുള്ളത്. കേരളമാണ് ഏറ്റവും കൂടുതൽ വയർലൈൻ കണക്ഷനുള്ള സംസ്ഥാനം (13,45,487). 60,244 കണക്ഷനുള്ള എയർടെല്ലിനാണ് കേരളത്തിൽ രണ്ടാം സ്ഥാനം.


from mathrubhumi.latestnews.rssfeed https://ift.tt/3524lKH
via IFTTT